| Wednesday, 29th October 2025, 11:23 am

സി.പി.ഐക്ക് വഴങ്ങി സി.പി.ഐ.എം; പി.എം. ശ്രീ ധാരണാപത്രം മരവിപ്പിക്കാൻ കേന്ദ്രത്തിന് കത്തയക്കും

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: പി.എം ശ്രീ പദ്ധതിയിൽ സി.പി.ഐക്ക് വഴങ്ങി സി.പി.ഐ.എം. ധാരണ പത്രം മരവിപ്പിക്കാൻ കേന്ദ്രത്തിന് കത്തയക്കുമെന്ന് സി.പി.ഐ.എം അറിയിച്ചു. പി എം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് മുന്നണിയിൽ ഉണ്ടായ പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാകുന്നെന്നാണ് വിവരം.

വിദ്യാഭ്യാസ വകുപ്പ് തന്നെ കേന്ദ്രത്തിന് കത്തയക്കുമെന്നാണ് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തെ സി.പി.ഐ.എം അറിയിച്ചിരിക്കുന്നത്. ഇന്ന് വൈകുന്നേരം 3.30 യ്ക്ക് മന്ത്രിസഭ യോഗം നടക്കും.

സി.പി.ഐ മന്ത്രിമാരെക്കൂടി ഉൾപ്പെടുത്തിയുള്ള മന്ത്രിസഭ ഉപസമിതി രൂപീകരിക്കണം, പി.എം.ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ഉപസമിതി വിശദമായി പരിശോധിക്കണം, അതുവരെ പദ്ധതി മരവിപ്പിക്കണം തുടങ്ങിയ സി.പി.ഐ മുന്നോട്ട് വെച്ച മൂന്ന് ഉപാധികളുടെ അടിസ്ഥാനത്തിലാണ് പി.എം ശ്രീയിൽ നിന്നും സി.പി.ഐ.എം പിന്മാറുന്നതിനുള്ള ധാരണയിലെത്തിയത്.

അതേസമയം തങ്ങൾ പറഞ്ഞ ചില രാഷ്ട്രീയ കാര്യങ്ങളുണ്ട് അതിൽ ഒരു തരത്തിലുള്ള വിട്ടുവീഴ്ചയുണ്ടാവില്ലെന്നും മുന്നണി തകരില്ലെന്നും എല്ലാ കാര്യങ്ങളും പോസിറ്റീവായി ഭവിക്കുമെന്നും സി.പി.ഐ ദേശീയ സെക്രട്ടറി പ്രകാശ് ബാബു മാധ്യമങ്ങളോട് പറഞ്ഞു.

ഇടതുമുന്നണി യോഗം നവംബർ 2 ന് ചേരുമെന്നും ഇന്ന് നടക്കാനിരിക്കുന്ന മന്ത്രിസഭയിൽ സി.പി.ഐ പങ്കെടുക്കുമെന്നാണ് റിപ്പോർട്ടുകൾ.

ഇന്ന് നടക്കാനിരിക്കുന്ന മന്ത്രിസഭ യോഗത്തിൽ നിന്നും വിട്ടുനിൽക്കുമെന്നായിരുന്നു സി.പി.ഐ നേരത്തെ അറിയിച്ചിരുന്നത്. തെരഞ്ഞെടുപ്പിലേക്ക് കടക്കാൻ പോകുന്ന സാഹചര്യത്തിലാണ് മുന്നണിയിലുള്ള പ്രശ്നങ്ങൾക്ക് ഇത്തരമൊരു സമവായമുണ്ടാകുന്നത്.

പി.എം.ശ്രീയുമായി ബന്ധപ്പെട്ട ദേശീയ വിദ്യാഭ്യാസ നയം കേരളത്തിൽ നടപ്പാക്കാനുള്ള കേന്ദ്രസർക്കാരിന്റെ നീക്കമാണിതെന്ന നിലപാടായിരുന്നു സി.പി.ഐ എടുത്തിരുന്നത്.

Content Highlight: CPI(M) gives in to CPI; PM Shri will write to the Center to freeze the MoU

We use cookies to give you the best possible experience. Learn more