| Thursday, 5th March 2026, 1:33 pm

പി.കെ ശശിയെ പുറത്താക്കി സി.പി.ഐ.എം

നിഷാന. വി.വി

തിരുവനന്തപുരം: പി.കെ ശശിയെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കി സി.പി.ഐ.എം. കഴിഞ്ഞാഴ്ച്ചവരെ കെ.ടി.ഡി.സിയുടെ ചെയര്‍മാനായിരുന്നു അദ്ദേഹം.

കഴിഞ്ഞ ദിവസം കെ.ടി.ഡി.സി ചെയര്‍മാന്‍ സ്ഥാനം അദ്ദേഹം രാജിവെച്ചിരുന്നു. പിന്നാലെ ഇന്ന് വിമത കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയും പാര്‍ട്ടി നേതൃത്വത്തിനെതിരെ ആഞ്ഞടിക്കുകയും ചെയ്തിരുന്നു. പിന്നാലെയാണ് പുറത്താക്കല്‍ നടപടി.

എന്നാല്‍ താന്‍ കമ്മ്യൂണിസ്‌ററ് ആയി തുടരുമെന്നും ഈ കണ്‍വെന്‍ഷനില്‍ വന്നവരും ഇനി വരാനിരിക്കുന്നവരൊന്നും ഇതൊന്നും കണ്ടാല്‍ പേടിക്കുന്നവരെല്ലെന്നുമായിരുന്നു പി.കെ ശശിയുടെ പ്രതികരണം.

ജില്ലാ നേതൃത്വത്തിലെ പല ആളുകള്‍ക്കെതിരെയും തെളിവുകളുണ്ടെന്നും അത് പുറത്ത് വിടുമെന്നും പറഞ്ഞ അദ്ദേഹം തന്റെ സാമ്പത്തിക ശേഷി ധൈര്യമായി വന്ന് പ്രതികരിച്ചോളുവെന്നും കൂട്ടിച്ചേര്‍ത്തു.

ജില്ലാ സെക്രട്ടറി അടക്കമുള്ള പാലക്കാട് ജില്ലാ നേതാക്കളെ പരസ്യമായി പി.കെ ശശി വിമത കണ്‍വെന്‍ഷനില്‍ വിമര്‍ശിച്ചിരുന്നു. പാലക്കാട് ജില്ലാ സെക്രട്ടറിയുടെ കസേരില്‍ ഇരിക്കുന്നതൊരു സ്പിരിറ്റ് കച്ചവടക്കാരനാണെന്നും ഇങ്ങനെയൊരാള്‍ പാര്‍ട്ടിയുടെ മര്‍മ്മ സ്ഥാനത്ത് ഇരുന്നുകൂടാ എന്നുമായിരുന്നു വിമത സമ്മേളനത്തില്‍ പി.കെ ശശി പറഞ്ഞത്.

‘ഇന്നല്ലെങ്കില്‍ നാളെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുമെന്ന് വിശ്വസിച്ച് വര്‍ഷങ്ങളോളം കാത്തിരുന്ന് മടുത്ത് ഇനിയും ക്ഷമിക്കാന്‍ സാധ്യമല്ലാത്ത ഉശിരുള്ള കമ്മ്യൂണിസ്റ്റുകാരുടെ രോഷ പ്രകടനമാണ് ഈ കണ്‍വെന്‍ഷനില്‍ പതഞ്ഞ് പൊങ്ങുന്നത് ഈ വികാരത്തെ അവഗണിക്കാന്‍ ഒരു ശക്തിക്കും സാധിക്കില്ല,’ ശശി പറഞ്ഞു.

എന്നാല്‍ തെറ്റു തിരുത്തുമെന്ന പ്രതീക്ഷയിലാണ് പാര്‍ട്ടി ഇത്രയും കാലം ശശിയെ കൂടെ നിര്‍ത്തിയതെന്നും അയാള്‍ സ്വയം നശിക്കാനാണ് തീരുമാനിച്ചതെന്നും ജില്ലാ സെക്രട്ടറി ഇ.എന്‍ സുരേഷ് ബാബു പറഞ്ഞു.

ശശിയുടെ തീവ്രത ഇനി വി.ഡി സതീശന്‍ അളക്കട്ടെ. ഒറ്റപ്പാലത്ത് സി.പി.ഐ.എമ്മിനും ഇടതുപക്ഷത്തിനും കൃത്യമായ സ്ഥാനാര്‍ത്ഥിയുണ്ട്. പുറത്ത് പോയവരുടെ പ്രസ്താവനകള്‍ പാര്‍ട്ടിയെ ബാധിക്കില്ല,’ ജില്ലാ സെക്രട്ടറി കൂട്ടിച്ചേര്‍ത്തു.

രാഷ്ട്രീയത്തില്‍ വന്ന കാലം മുതലുളള തന്റെ സമ്പാദ്യം അന്വേഷിച്ചോളുവെന്നും ഒരു പൈസയെങ്കിലും അധികമായി സമ്പാദിച്ചെന്ന് കണ്ടെത്തിയാല്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ തയ്യാറാണെന്നും ഇ.എന്‍ സുരേഷ് ബാബു പറഞ്ഞു.

ഇത്തരമൊരു പരിശോധനയ്ക്ക് പി.കെ ശശി തയ്യാറുണ്ടോയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlight: CPI(M) expels PK Sasi

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

Latest Stories

We use cookies to give you the best possible experience. Learn more