| Thursday, 31st July 2025, 5:36 pm

മാലേഗാവ്; ഇരകള്‍ക്ക് നീതി നിഷേധിച്ച മറ്റൊരു കേസ്; നീതിയ്ക്ക് നേരെയുള്ള പരിഹാസമെന്ന് സി.പി.ഐ.എം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: മാലേഗാവ് സ്‌ഫോടന കേസില്‍ മുഴുവന്‍ പ്രതികളേയും വെറുതെവിട്ട എന്‍.ഐ.എ കോടതി വിധിയില്‍ നിരാശ പ്രകടിപ്പിച്ച് സി.പി.ഐ.എം പൊളിറ്റ് ബ്യൂറോ.

നീതിയുടെ പരിഹാസമാണ് നടന്നതെന്നായിരുന്നു പ്രസ്താവനയില്‍ സി.പി.ഐ.എം പോളിറ്റ് ബ്യൂറോ പറഞ്ഞത്.

സംഭവം നടന്ന് പതിനേഴു വര്‍ഷത്തിനു ശേഷം പ്രഖ്യാപിച്ച വിധിയില്‍, തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടി എല്ലാ പ്രതികളെയും കുറ്റവിമുക്തരാക്കിയിരിക്കുകയാണെന്നും കടുത്ത നിരാശയുണ്ടെന്നും പോളിറ്റ് ബ്യൂറോ പ്രസ്താവനയില്‍ പറഞ്ഞു.

‘മാലേഗാവില്‍ നടന്ന സ്ഫോടനങ്ങളില്‍ ആറ് നിരപരാധികള്‍ കൊല്ലപ്പെട്ടു. നൂറോളം പേര്‍ക്ക് പരിക്കേറ്റു.

മുന്‍ ബി.ജെ.പി എംപി പ്രഗ്യാ സിങ് ഠാക്കൂര്‍, അന്നത്തെ സൈനിക ഉദ്യോഗസ്ഥനായിരുന്ന ലഫ്റ്റനന്റ് കേണല്‍ പ്രസാദ് പുരോഹിത് തുടങ്ങിയ പ്രതികളെ തെളിവുകളുടെ അഭാവത്തിന്റെയും നടപടിക്രമങ്ങളിലെ പിഴവുകളുടെയും പേരില്‍ കുറ്റവിമുക്തരാക്കിയിരിക്കുകയാണ്.

ഇത് നീതിയ്ക്ക് നേരെയുള്ള പരിഹാസമാണ്. മുസ്‌ലിം സമുദായത്തെ ഭയപ്പെടുത്തുകയും വര്‍ഗീയ സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കുകയും സംസ്ഥാനത്തിന്റെ ആഭ്യന്തര സുരക്ഷയെ വെല്ലുവിളിക്കുകയുമായിരുന്നു മാലേഗാവില്‍ സ്‌ഫോടനം ആസൂത്രണം ചെയ്തതിലൂടെ പ്രതികള്‍.

ഇവര്‍ക്ക് അര്‍ഹിക്കുന്ന ശിക്ഷ നല്‍കേണ്ടതുണ്ടെന്ന് ദേശീയ അന്വേഷണ ഏജന്‍സി കോടതിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഹിന്ദുത്വ തീവ്രവാദികള്‍ നടത്തിയ ഭീകരാക്രമണത്തിന്റെ ഇരകള്‍ക്ക് നീതി നിഷേധിച്ച മറ്റൊരു കേസായി മാലേഗാവ് മാറി.

പ്രതികള്‍ക്ക് ആര്‍.എസ്.എസിന്റേയും ബി.ജെ.പിയുടേയും പിന്തുണ ലഭിച്ചു. കേസിലെ പ്രധാന പ്രതി പ്രഗ്യാ സിങ്ങിനെ ബി.ജെ.പി സ്ഥാനാര്‍ത്ഥിയാക്കി. എം.പിയാക്കി വിജയിപ്പിച്ചു.

ഒരു ഹിന്ദുവിനും തീവ്രവാദിയാകാന്‍ കഴിയില്ലെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ പാര്‍ലമെന്റില്‍ പ്രസ്താവന നടത്തിയതിന്റെ പിറ്റേ ദിവസമാണ് ഈ വിധി വരുന്നത്.

കുറ്റകൃത്യത്തിന്റെ ഗൗരവം കണക്കിലെടുത്ത് എന്‍.ഐ.എ കോടതിയുടെ ഈ വിധിക്കെതിരെ അപ്പീല്‍ നല്‍കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടുകയാണ്,’ സി.പി.ഐ.എം പോളിറ്റ്ബ്യൂറോ പ്രസ്താവനയില്‍ പറഞ്ഞു.

മാലേഗാവ് സ്ഫോടനക്കേസില്‍ മുംബൈയിലെ പ്രത്യേക എന്‍.ഐ.എ കോടതിയാണ് ഏഴ് പ്രതികളേയും വെറുടെ വിട്ടത്. പ്രതികള്‍ക്കെതിരെ തെളിവുകള്‍ ഇല്ല എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു വിധി.

ബി.ജെ.പി മുന്‍ എം.പി പ്രഗ്യാ സിങ് ഠാക്കൂര്‍ അടക്കമുള്ള മുഖ്യപ്രതികളാണ് കുറ്റവിമുക്തരായത്. കേസിലെ ഗൂഢാലോചന തെളിയിക്കാനായില്ലെന്നും പ്രതികളാണ് സ്ഫോടനം നടത്തിയതിന് യാതൊരുവിധ തെളിവുകളും ഇല്ലെന്നും കോടതി നിരീക്ഷിച്ചു.

17 വര്‍ഷത്തിന് ശേഷമാണ് കേസില്‍ വിധി വരുന്നത്. പ്രതികള്‍ കുറ്റം ചെയ്തു എന്ന് തെളിയിക്കുന്നതില്‍ അന്വേഷണ ഏജന്‍സി പൂര്‍ണമായും പരാജയപ്പെട്ടെന്ന് നിരീക്ഷിച്ച കോടതി, യു.എ.പി.എ, ആയുധ നിയമം തുടങ്ങിയവയൊന്നും നിലനില്‍ക്കില്ലെന്നും പറഞ്ഞു.

Content Highlight: CPI(M) Dubs Malegaon Blast Verdict as “Travesty of Justice”

We use cookies to give you the best possible experience. Learn more