ന്യൂദല്‍ഹി: സംസ്ഥാനത്തെ തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിനെതിരെ സി.പി.ഐ.എമ്മും സുപ്രീം കോടതിയില്‍. നേരത്തെ സംസ്ഥാന സര്‍ക്കാരും സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഇതിനുപിന്നാലെയാണ് സി.പി.ഐ.എമ്മും ഹരജി നല്‍കിയത്.
സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനാണ് ഹരജി ഫയല്‍ ചെയ്തത്. തദ്ദേശ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ എസ്.ഐ.ആറുമായി ബന്ധപ്പെട്ട നടപടികള്‍ താത്ക്കാലികമായി സ്റ്റേ ചെയ്യണമെന്നാണ് സി.പി.ഐ.എമ്മിന്റെ ആവശ്യം.
തദ്ദേശ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ എസ്.ഐ.ആര്‍ നടപ്പാക്കാന്‍ ശ്രമിക്കുന്നത് സംസ്ഥാനത്തെ ജനങ്ങള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നും ഹരജിയില്‍ പറയുന്നു. ഉദ്യോഗസ്ഥരുടെ ജോലി ഭാരവും ബി.എല്‍.ഒയുടെ ആത്മഹത്യയും ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
നേരത്തെ കോണ്‍ഗ്രസും മുസ്‌ലിം ലീഗും എസ്.ഐ.ആറിനെതിരെ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എസ്.ഐ.ആര്‍ നടത്തുന്നതില്‍ ദുരുദ്ദേശമുണ്ടെന്നും ഇത് അംഗീകരിക്കാനാകില്ലെന്നും എസ്.ഐ.ആര്‍ തടയണമെന്നും ആവശ്യപ്പെട്ടാണ് കെ.പി.സി.സി സുപ്രീം കോടതിയെ സമീപിച്ചത്.
എസ്.ഐ.ആര്‍ നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ടാണ് ലീഗിന്റെ ഹരജി. എസ്.ഐ.ആര്‍ ജോലി സമ്മര്‍ദമുണ്ടാക്കുമെന്നും ഈ സാഹചര്യത്തില്‍ ഭരണ പ്രതിസന്ധി ഉണ്ടാകുമെന്നുമാണ് ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നത്.
മുസ്‌ലിം ലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിയാണ് ഹരജി ഫയല്‍ ചെയ്തത്. കണ്ണൂരിലെയും രാജസ്ഥാനിലേയും ബി.എല്‍.ഒമാരുടെ ആത്മഹത്യയെ കുറിച്ചും ഹരജിയില്‍ പരാമര്‍ശിച്ചിരുന്നു.
ഇതേ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാരും കോടതിയെ സമീപിച്ചത്. താത്കാലികമായി എസ്.ഐ.ആര്‍ നടപടികള്‍ നിര്‍ത്തിവെക്കണമെന്നും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ ഭരണ പ്രതിസന്ധി ഉണ്ടാകുമെന്നുമായിരുന്നു സര്‍ക്കാര്‍ ചൂണ്ടിക്കാട്ടിയത്.
എസ്.ഐ.ആറില്‍ സുപ്രീം കോടതിയെ സമീപിക്കുന്നതാവും ഉചിതമെന്ന് ഹൈക്കോടതി വ്യക്തമാക്കിയതിനെ തുടര്‍ന്നായിരുന്നു സര്‍ക്കാരിന്റെ നീക്കം. എസ്.ഐ.ആറിനെതിരായ ഹരജികള്‍ സുപ്രീം കോടതിയുടെ പരിഗണനയിലുണ്ടന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹൈക്കോടതിയുടെ നിര്‍ദേശം.
നവംബര്‍ നാല് മുതലാണ് സംസ്ഥാനത്ത് എസ്.ഐ.ആര്‍ നടപടികള്‍ ആരംഭിച്ചത്. ഡിസംബര്‍ നാലിനുള്ളില്‍ എന്യൂമറേഷന്‍ വിതരണം പൂര്‍ത്തിയാക്കുമെന്നായിരുന്നു മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചിരുന്നത്.
Content Highlight: CPI(M) also moves Supreme Court against SIR