ന്യൂദല്‍ഹി: മഹാരാഷ്ട്രയില്‍ കേന്ദ്ര-സംസ്ഥാന ബി.ജെ.പി സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ സി.പി.ഐ.എം നേതൃത്വത്തില്‍ ബഹുജനപ്രക്ഷോഭം. പാല്‍ഘര്‍ കളക്ടറേറ്റിന് മുന്നിലെ മണിക്കൂറുകള്‍ നീണ്ട ഉപരോധത്തിനൊടുവില്‍ പ്രക്ഷോഭകര്‍ ഉന്നയിച്ച 12 ആവശ്യങ്ങള്‍ അംഗീകരിക്കാമെന്ന് ബി.ജെ.പി സര്‍ക്കാര്‍ ഉറപ്പുനല്‍കി.
വനാവകാശ നിയമം നടപ്പി ലാക്കുന്നതിലെ തടസം നീക്കുക, കൃഷിഭൂമി കൈമാറ്റം, ഡാമുകളിലെ വെള്ളത്തില്‍ പ്രദേശ വാസികള്‍ക്ക് അവകാശം തുടങ്ങിയ 12 ആവശ്യങ്ങളാണ് അംഗീകരിച്ചത്. അഖിലേന്ത്യ കിസാന്‍സഭ പ്രസിഡന്റ് അശോക് ധാവ്‌ളെ, വിനോദ് നിക്കോളെ എം.എല്‍.എ തുടങ്ങി നേതാക്കള്‍ ഉള്‍പ്പെട്ട പ്രതിനിധി സംഘമാണ് കളക്ടര്‍ ഉള്‍പ്പടെയുള്ള അധികൃതരുമായി ബുധനാഴ്ച ചര്‍ച്ച നടത്തിയത്.
ചര്‍ച്ചയില്‍ പ്രക്ഷോഭകരുടെ ആവശ്യങ്ങള്‍ അംഗീകരിച്ചതോടെയാണ് ഉപരോധം അവസാനിപ്പിച്ചത്. നാസിക്കിലെ വിവിധ താലൂക്കുകളില്‍ അഞ്ച് ദിവസമായി അനിശ്ചിതകാല റോഡ് ഉപരോധവും നടക്കുകയാണ്. അടുത്തഘട്ട സമരപരിപാടികള്‍ പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയും കിസാന്‍ സഭയും തീരുമാനിക്കും.
ദഹാനു താലൂക്കിലെ ചരോട്ടിയില്‍നിന്ന് 60 കിലോമീറ്റര്‍ താണ്ടിയാണ് പാല്‍ഘറിലേക്ക് പതിനായിരങ്ങള്‍ അണിനിരന്ന ബഹുജനമാര്‍ച്ച് സംഘടിപ്പിച്ചത്. ചൊവ്വാഴ്ച പാല്‍ഘറിലെത്തിയ മാര്‍ച്ച് കലക്ടറേറ്റ് പരിസരത്ത് പ്രവേശിക്കാതിരിക്കാന്‍ അധികൃതര്‍ എല്ലാ ഗേറ്റുകളും അടച്ചിട്ടു. ഇതോടെ ആയിരങ്ങള്‍ കളക്ടറേറ്റും പാല്‍ഘര്‍- ബോയ്സര്‍ ഹൈവേയും ഉപരോധിച്ചു.
ഒരാളെയും കളക്ടറേറ്റിലേക്ക് കടക്കാന്‍ അനുവദിക്കില്ലെന്നും പ്രഖ്യാപിച്ചു. പ്രക്ഷോഭം മുംബൈയിലേക്ക് വ്യാപിപ്പിക്കുമെന്നും മുന്നറിയിപ്പ് നല്‍കി. നേതാക്കളുടെ ആഹ്വാനത്തെ തുടര്‍ന്ന് ഗ്രാമങ്ങളില്‍നിന്ന് കൂടുതല്‍ കര്‍ഷകരും തൊഴിലാളികളും പാല്‍ഘറിലേക്ക് പ്രവഹിച്ചു. പ്രതിരോധം പരാജയപ്പെട്ടതോടെയാണ് ജില്ലാ അധികൃതര്‍ നേതാക്കളുമായി ചര്‍ച്ചകള്‍ക്ക് തയ്യാറായത്.
Content Highlight: CPI(M) against anti-people policies of Central and State BJP governments in Maharashtra