| Tuesday, 15th July 2025, 3:58 pm

പ്രഭാത സവാരിക്കിടെ ഹൈദരാബാദില്‍ വെടിയേറ്റ് സി.പി.ഐ നേതാവ് കൊല്ലപ്പെട്ടു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഹൈദരാബാദ്: ഹൈദരാബാദില്‍ പ്രഭാത സവാരിക്കിടെ സി.പി.ഐ നേതാവ് വെടിയേറ്റ് കൊല്ലപ്പെട്ടു. മലക്‌പേട്ട് പ്രദേശത്തെ സി.പി.എം നേതാവ് കെ. ചന്തു റാത്തോഡിനെയാണ് അജ്ഞാതര്‍ വെടിവെച്ച് കൊന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യയെ ഉദ്ധരിച്ച് സ്‌ക്രോള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇന്ന് (ചൊവ്വ) രാവിലെ 7.30 ഓടെ ഷാലിവാഹന നഗറിലെ പാര്‍ക്കില്‍ ചന്തു നായക് എന്ന കെ. ചന്തു റാത്തോഡ് നടക്കാന്‍ പോയപ്പോഴാണ് സംഭവം നടന്നതെന്ന് സൗത്ത് ഈസ്റ്റ് സോണ്‍ ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ എസ്. ചൈതന്യ കുമാര്‍ പറഞ്ഞു.

കാറിലെത്തിയ മൂന്നോ നാലോ അക്രമികള്‍ റാത്തോഡിന് നേരെ മുളകുപൊടി എറിഞ്ഞ ശേഷം വെടിയുതിര്‍ക്കുകയായിരുന്നുവെന്നും അതേ വാഹനത്തില്‍ അക്രമികള്‍ രക്ഷപ്പെട്ടുവെന്നുമാണ് പൊലീസ് പറയുന്നത്. പാര്‍ക്കില്‍ അപ്പോള്‍ 25 ഓളം ആളുകള്‍ ഉണ്ടായിരുന്നുവെങ്കിലും പ്രതികള്‍ രക്ഷപ്പെടുകയായിരുന്നു. അക്രമികള്‍ അഞ്ച് റൗണ്ട് വെടിയുതിര്‍ത്തുവെന്ന് ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ മാധ്യമങ്ങളോട് പറഞ്ഞു.

ദേവര്‍പുലയിലെ ഒരു സി.പി.ഐ (എം.എല്‍) നേതാവുമായി റാത്തോഡിന് വൈരാഗ്യം ഉണ്ടായിരുന്നുവെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയതായി അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ പറഞ്ഞു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ഒസ്മാനിയ ജനറല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ബി.എന്‍.എസ് സെക്ഷന്‍ 103(1), ആയുധ നിയമം എന്നിവ പ്രകാരം മലക്‌പേട്ട് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ചിലരില്‍ നിന്ന് കൊല്ലപ്പെട്ട റാത്തോഡിന് ഭീഷണികള്‍ നേരിടേണ്ടി വന്നിരുന്നുവെന്നും നേരത്തെ ഒരു കൊലപാതക കേസില്‍ അദ്ദേഹത്തെ ഉള്‍പ്പെടുത്തിയിരുന്നുവെന്നും സി.പി.ഐ ദേശീയ നേതാവ് കെ. നാരായണ പറഞ്ഞു. കൊലപാതകം രാഷ്ട്രീയമല്ല. വ്യക്തിപരമായ വൈരാഗ്യം മൂലമാണെന്ന് തോന്നുന്നു. കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ചുവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlight: CPI leader shot dead in Hyderabad during morning walk

We use cookies to give you the best possible experience. Learn more