| Thursday, 1st January 2026, 8:21 pm

സി.പി.ഐ ചതിയൻ ചന്തുവല്ല; വെള്ളാപ്പള്ളിയെ തള്ളി മുഖ്യമന്ത്രി

ശ്രീലക്ഷ്മി എ.വി.

തിരുവനന്തപുരം: സി.പി.ഐയെ ‘ചതിയൻ ചന്തു’ എന്ന് വിശേഷിപ്പിച്ച വെള്ളാപ്പള്ളി നടേശന്റെ പരാമർശത്തെ തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ. സി.പി.ഐ തങ്ങളുടെ മുന്നണിയിലെ ഏറ്റവും പ്രധാനപ്പെട്ട ഘടകക്ഷിയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

എൽ.ഡി.എഫിലെ സി.പി.ഐ.എമ്മിനോടൊപ്പം പ്രവർത്തിക്കുന്ന പ്രധാനപ്പെട്ട ഒരു കക്ഷിയാണ് സി.പി.ഐയെന്നും അതൊരു ഇടതുപക്ഷ രാഷ്ട്രീയ പാർട്ടിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞ ദിവസം വെള്ളാപ്പള്ളി നടേശൻ നടത്തിയ സി.പി.ഐ ചതിയൻ ചന്തുവാണെന്ന പരാമർശത്തിൽ മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിപറയുകയായിരുന്നു അദ്ദേഹം.

ഊഷ്മളമായ ബന്ധമാണ് മുന്നണി കാര്യത്തിൽ സി.പി.ഐയുമായി തങ്ങൾക്കുള്ളതെന്നും ഏതെങ്കിലും തരത്തിലുള്ള വഞ്ചനയോ ചതിയോ കാണിക്കുന്നെന്ന തോന്നൽ തങ്ങൾക്കില്ലായെന്നും മുഖ്യമന്ത്രി പറഞ്ഞു.

സി.പി.ഐ ചതിയന്‍ ചന്തുവാണ്. പത്ത് വര്‍ഷം സി.പി.ഐ.എമ്മിന്റെ ഒപ്പം നിന്ന് സുഖിച്ച്, എല്ലാം നേടിയിട്ട് ഇപ്പോള്‍ തള്ളിപ്പറയുന്നു. വിമര്‍ശനം ഉണ്ടെങ്കില്‍ പറയേണ്ടത് പാര്‍ട്ടിക്കുള്ളിലാണെന്നും എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

ശിവഗിരി തീർത്ഥാടന പരിപാടിക്കിടെ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുമായി സംസാരിക്കാൻ കഴിയാത്തതിലും മുഖ്യമന്ത്രി പ്രതികരിച്ചു.

‘സിദ്ധരാമയ്യ എത്തുന്നതിന് മുൻപേ താൻ പരിപാടിയിൽ എത്തിയിരുന്നു. അദ്ദേഹം എത്തിയപ്പോഴേക്കും തനിക്ക് ക്യാബിനറ്റ് യോഗത്തിൽ പങ്കെടുക്കാനായി മടങ്ങേണ്ടി വന്നു. സിദ്ധരാമയ്യ സംസാരിക്കുമ്പോൾ താൻ അവിടെ ഇരിക്കേണ്ടത് ഒരു മര്യാദയാണെങ്കിലും, സമയക്കുറവ് മൂലം അത് സാധിക്കില്ലെന്ന് പരസ്യമായി അറിയിച്ച ശേഷമാണ് മടങ്ങിയത്,’ മുഖ്യമന്ത്രി പറഞ്ഞു.

ബുൾഡോസർ രാജിനെതിരെയുള്ള തന്റെ പ്രതികരണത്തിൽ കർണാടക മന്ത്രിമാർ അതൃപ്തി പ്രകടിപ്പിച്ചതിലും അദ്ദേഹം പ്രതികരിച്ചു.

ഉത്തർപ്രദേശിലായാലും മറ്റ് സംസ്ഥാനങ്ങളിലായാലും ന്യൂനപക്ഷങ്ങൾക്കും നിസ്സഹായർക്കും നേരെ ആക്രമണങ്ങൾ ഉണ്ടാകുമ്പോൾ അതിർത്തികൾ നോക്കിയല്ല പ്രതികരിക്കാറുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.

ഗസയിലെ വിഷയങ്ങളിൽ പോലും നാം പ്രതികരിക്കാറുണ്ടെന്നും നിസ്സഹായരായ ഒരു കൂട്ടം ആളുകളെ ബുൾഡോസർ ഉപയോഗിച്ച് തെരുവിലിറക്കിയ നടപടിക്കെതിരെയാണ് താൻ പ്രതികരിച്ചതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Content Highlight: CPI is not a cheater; CM rejects Vellappally

ശ്രീലക്ഷ്മി എ.വി.

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. തിരൂര്‍ തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാലയില്‍ നിന്ന് ജേര്‍ണലിസത്തില്‍ ബിരുദാന്തര ബിരുദം.

We use cookies to give you the best possible experience. Learn more