| Monday, 17th November 2025, 9:52 am

സി.പി.ഐ ചെയ്തത് 10000ത്തിലേറെ വോട്ടുകള്‍; വോട്ടിങ് യന്ത്രത്തില്‍ വെറും 300 വോട്ട്; ബീഹാറിലെ നളന്ദയില്‍ അട്ടിമറി നടന്നതിന് തെളിവുമായി സി.പി.ഐ

ഡൂള്‍ന്യൂസ് ഡെസ്‌ക്

പട്ന: നളന്ദ ജില്ലയിൽ വോട്ടെണ്ണിയതിന്റെ പിറ്റേന്ന് ഒരു കൂട്ടം സഖാക്കൾ തങ്ങളുടെ വോട്ടെവിടെ എന്ന ചോദ്യവുമായി എത്തിയെന്ന് സി.പി.ഐ സ്ഥാനാർത്ഥി ശിവകുമാർ യാദവ്.

ബഡീ പഹാഡി, ഛോട്ടി പഹാഡി, മൻസൂർ നഗർ എന്നീ ബൂത്തുകളിൽ നിന്നുള്ള വോട്ടർമാരാണ് സി.പി.ഐ സ്ഥാനാർത്ഥിയെ തേടിയെത്തിയത്.

വോട്ടു യന്ത്രങ്ങൾ തുറന്നപ്പോൾ 300 വോട്ടുകൾ മാത്രമായിരുന്നു ഉണ്ടായിരുന്നതെന്നും സി.പി.ഐക്ക് സ്വാധീനമുണ്ടായിരുന്ന ഈ മേഖലയിൽ ഇത്തരത്തിൽ വോട്ടുകൾ കാണാതാവുന്നതെങ്ങനെയാണെന്നും അവർ ചോദിച്ചെന്ന് യാദവ് മാധ്യമം ദിനപത്രത്തോട് പറഞ്ഞു.

ബീഹാറിലെ ശരീഫ് മണ്ഡലത്തിലെ 18,19,20 വാർഡുകളിലെ സി.പി.ഐ കേഡറുകൾ നൽകിയ പതിനായിരത്തിലേറെ വോട്ടുകളാണ് കാണാതായതെന്നും ഇത്രയധികം വോട്ടുകൾ എങ്ങനെയാണ് കാണാതാകുന്നതെന്നും അവർ ശിവകുമാർ യാദവിനോട് ചോദിച്ചു.

പോളിങ് ദിവസം ബൂത്തുകളിലെത്തിച്ച കണക്കുമായാണ് 19ാം വാർഡിലെ ഉമേഷ് ചന്ദ് ചൗധരിയും 20ാം വാർഡിലെ കിഷോരി സാഹുവും സോൻസയിലെ വിക്വി പാസ്വാനും എത്തിയത്.

ചില ബൂത്തുകളിൽ സി.പി.ഐക്ക് ഒന്നും രണ്ടും വോട്ടുകൾ മാത്രമാണ് കാണിച്ചതെന്നും ശിവകുമാർ യാദവിന് ചെയ്ത വോട്ടുകൾ യന്ത്രം തുറന്നപ്പോൾ കണ്ടില്ലെന്നുമുള്ള പരാതി ഉയർന്നിരുന്നതായി 20ാം വാർഡിലെ സി.പി.ഐ കേഡർ രാജേന്ദ്ര യാദവ് പറഞ്ഞു.

എസ്.ഐ.ആർ എന്യുമറേഷൻ ഫോറം പൂരിപ്പിച്ച് നൽകിയ 500ലേറെ വോട്ടർമാർ വോട്ടർ പട്ടികയിൽ ഇല്ല. ബി.എൽ.ഒ വോട്ടർ സ്ലിപ് വീടുകളിൽ വിതരണം ചെയ്തപ്പോൾ ഇവരെ ഒഴിവാക്കിയതായി സംശയമുണ്ടായിരുന്നെന്നും വിട്ടുപോയതാകാമെന്ന് കരുതിയെന്നും രാജേന്ദ്ര യാദവ് പറഞ്ഞു.

എന്നാൽ ബൂത്തുകളിലെത്തി അന്വേഷിച്ചപ്പോഴാണ് വെട്ടിമാറ്റിയതാണെന്ന് മനസിലായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം 243ല്‍ 202 സീറ്റിലും വിജയിച്ചാണ് എന്‍.ഡി.എ സഖ്യം ബീഹാറില്‍ വിജയിച്ചത്. 89 സീറ്റുകള്‍ നേടിയ ബി.ജെ.പി സംസ്ഥാനത്തെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. ജെ.ഡി.യു 85 സീറ്റ് നേടിയപ്പോള്‍ 25 സീറ്റിലാണ് ആര്‍.ജെ.ഡി.യ്ക്ക് വിജയിക്കാനായത്. കോണ്‍ഗ്രസ് ആറ് സീറ്റില്‍ ഒതുങ്ങുകയും ചെയ്തു.

Content Highlight: CPI  Cadres in Nalanda wonder where their votes are

We use cookies to give you the best possible experience. Learn more