ന്യൂദല്ഹി: ഒക്ടോബര് 16 വെള്ളിയാഴ്ച കൊണാട്ട് പ്ലേസിലെ സെന്ട്രല് പാര്ക്കില് സി.ജെ.പി തിരംഗ മാര്ച്ച് നടത്തുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ ഭരണപരമായ കാരണങ്ങളാല് പാര്ക്ക് 16,17 തീയതികളില് അടച്ചിടുമെന്ന് ന്യൂദല്ഹി മുനിസിപ്പല് കൗണ്സില് അറിയിച്ചു.
‘ഭരണപരമായ കാര്യങ്ങളാല് 2026 ഒക്ടോബര് 16 നും 17നും കൊണാട്ട് പ്ലേസിലെ സെന്ട്രല് പാര്ക്ക് പൊതുജനങ്ങള്ക്കായി അടച്ചിട്ടിരിക്കുമെന്ന് ഇതിനാല് അറിയിക്കുന്നു’, ഭരണസമിതി പുറത്തിറക്കിയ നോട്ടീസില് പറയുന്നു. എന്.ഡി.എം.സി ഡയറക്ടറാണ് നോട്ടീസ് പുറപ്പെടുവിച്ചത്.
ജന്തര് മന്ദറില് ദേശീയ പതാക ഉയര്ത്തി മിന്നല് പ്രതിഷേധം നടത്തിയ സി.ജെ.പി നേതാക്കളായ സൗരവ് ദാസിനെയും അശുതോഷ് റങ്കയെയും പൊലീസ് അറസ്റ്റ് ചെയ്ത സംഭവത്തില് പ്രതിഷേധിച്ചാണ് പാര്ട്ടി നേതാവ് തിരംഗ മാര്ച്ചിന് ആഹ്വാനം ചെയ്തത്. ഒക്ടോബര് 16ന് വൈകീട്ട് അഞ്ച് മണിക്ക് ദേശീയ പതാകയേന്തി തിരംഗ മാര്ച്ച് നടത്തുമെന്നാണ് ദീപ്കെ അറിയിച്ചത്.
‘ദേശീയ പതാക വീശിയ കുറ്റത്തിനാണ് സൗരവ് ദാസിനെയും അശുതോഷ് രങ്കയെയും ജയിലിലിട്ടിരിക്കുന്നത്. ഒക്ടോബര് 16ന് വൈകുന്നേരം 5 മണിക്ക് കൊണാട്ട് പ്ലേസിലെ സെന്ട്രല് പാര്ക്കില് ദേശീയ പതാകയുമായി ഒത്തുചേരുക. ദേശീയപതാക വീശുന്നത് കുറ്റകൃത്യമല്ല എന്ന് നമ്മള് വിളിച്ചുപറയും’,ദീപ്കെ പറഞ്ഞു.
ദല്ഹിയില് എത്താന് കഴിയാത്തവര് സ്വന്തം നഗരങ്ങളില് തിരംഗ മാര്ച്ച് നടത്താനും ദേശീയ പതാക അഭിമാനമാണെന്ന് പറയാനും ദീപ്കെ ആഹ്വാനം ചെയ്തിരുന്നു.
മാര്ച്ച് നടത്തിയാല് ദീപ്കെയ്ക്കെതിരെ നടപടിയെടുക്കുമെന്ന് ദല്ഹി പൊലീസ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് മുനിസിപ്പല് കൗണ്സില് നോട്ടീസ് വന്നത്.
തിരംഗ മാര്ച്ച് കണക്കിലെടുത്ത് സെന്ട്രല് പാര്ക്കിന് സമീപം മതിയായ ക്രമസമാധാനം ഉറപ്പുവരുത്തണമെന്ന് എന്.എം.ഡി.സി ദല്ഹി പൊലീസിനോട് ആവശ്യപ്പെട്ടതായി റിപ്പോര്ട്ടുകളുണ്ട്.
വ്യാഴാഴ്ച തന്നെ എ.ഐ.എസ്.എഫും എ.ഐ.വൈ.എഫും കൊണാട്ട് പ്ലേസില് ദേശീയപതാകയുമായി ഒത്തുകൂടിയിരുന്നു. ദല്ഹി പൊലീസ് ഇവരെ തടഞ്ഞു.
Content Highlight: CP Central Park shut: NDMC after court refuses to restrain Dipke from holding protest tomorrow .