| Monday, 2nd June 2025, 6:50 am

ഹൈദരാബാദില്‍ കന്നുകാലി കച്ചവടക്കാരെ ആക്രമിച്ച് ഗോരക്ഷ പ്രവര്‍ത്തകര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഹൈദരാബാദ്: ഹൈദരാബാദില്‍ കന്നുകാലി കച്ചവടക്കാരെ ആക്രമിച്ച് ഗോരക്ഷ പ്രവര്‍ത്തകര്‍. ഇന്നലെ (ജൂണ്‍ ഒന്ന്) ആദിബട്‌ലയിലെ ഔട്ടര്‍ റിങ് റോഡിലായിരുന്നു സംഭവം.

രാത്രി വൈകിയായിരുന്നു ആക്രമണം. റോഡില്‍ കച്ചവടക്കാരെ തടഞ്ഞുനിര്‍ത്തിയ ഗോരക്ഷ പ്രവര്‍ത്തകര്‍ സംഘര്‍ഷമുണ്ടാക്കുകയും അവരെ ആക്രമിക്കുകയായിരുന്നുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

രാത്രി പത്ത് മണിയോടെയായിരുന്നു ആക്രമണം. പഴയ ഹൈദരാബാദ് നഗരത്തില്‍ നിന്നുമുള്ള കച്ചവടക്കാര്‍ക്കെതിരെയായിരുന്നു ആക്രമണം. അഞ്ച് ചെറുപ്പക്കാര്‍ ചേര്‍ന്ന് കന്നുകാലികളെ കൊണ്ടുപോകവെയാണ് ആക്രമണം ഉണ്ടായത്.

കന്നുകാലികളെ കൊണ്ടുപോകുന്നത് കണ്ട ഗോസംരക്ഷകര്‍ വ്യാപാരികളെ തടഞ്ഞുനിര്‍ത്തുകയായിരുന്നു. വ്യാപാരികളെ തടഞ്ഞ് നിര്‍ത്തി കന്നുകാലികളുള്ള വാഹനം ഗോസംരക്ഷകര്‍ പിടിച്ച് കൊണ്ടുപോയതായും റിപ്പോര്‍ട്ടുണ്ട്.

ഗോസംരക്ഷകര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പൊലീസില്‍ പരാതി നല്‍കിയതായാണ് വിവരം.

നേരത്തെയും ഇത്തരത്തില്‍ വ്യാപാരികള്‍ക്കെതിരെയും കച്ചവടക്കാര്‍ക്കെതിരെയും ഹിന്ദുത്വ- വലതുപക്ഷ പ്രവര്‍ത്തകരുടെ ആക്രമണമുണ്ടായതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. കടയില്‍ ഇറച്ചി വെച്ചതിന് ബീഫാണെന്നാരോപിച്ച് സംഘപരിവാര്‍ കഴിഞ്ഞ ദിവസം ദല്‍ഹിയിലടക്കം സംഘര്‍ഷം സൃഷ്ടിച്ചിരുന്നു.

ബക്രീദ്, ഈദ് അടക്കമുള്ള ആഘോഷങ്ങളുടെ സമയത്ത് ഹൈദരാബാദിലുള്‍പ്പെടെ ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ഇറച്ചി വില്‍പ്പനക്കാര്‍ക്കെതിരെയും കച്ചവടക്കാര്‍ക്കെതിരെയും ഗോവധം ആരോപിച്ച് സംഘപരിവാര്‍ രംഗത്തെത്താറുണ്ട്.

Content Highlight: Cow protection activists attack cattle traders in Hyderabad

We use cookies to give you the best possible experience. Learn more