| Wednesday, 3rd June 2026, 9:06 am

പശു അമ്മയാണ്, ദേശീയ മൃഗമായി പ്രഖ്യാപിക്കണമെന്ന മുസ്‌ലിങ്ങളുടെ ആവശ്യം ഇരട്ടത്താപ്പ്; യോഗി

നിഷാന. വി.വി

ലഖ്‌നൗ: ഇന്ത്യയില്‍ പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കേണ്ടതില്ലെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥ്.

ഇന്ത്യയുടെ പാരമ്പര്യത്തില്‍ പശു അമ്മയാണെന്നും രാഷ്ട്രമാതാവ് എന്ന സ്ഥാനമാണ് പശുവിനുള്ളതെന്നും യോഗി പറഞ്ഞു.

‘പശു അമ്മയാണ്, ഒരു മകനോട് അമ്മയെ ബഹുമാനിക്കാന്‍ പറയേണ്ടതില്ല. ആളുകള്‍ക്ക് അമ്മയോടും പശുവിനോടും ഒരുപോലെ ബഹുമാനമുണ്ട്,’ അദ്ദേഹം പറഞ്ഞു.

ബിജ്‌നോറില്‍ നടന്ന പൊതുപരിപാടിയില്‍ സംസാരിക്കവെയായിരുന്നു യോഗിയുടെ പരാമര്‍ശം. പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് മുസ്‌ലിം സംഘടനങ്ങള്‍ രംഗത്തെത്തിയിരുന്നു. പിന്നാലെയാണ് പശുവിനെ ദേശീയ മൃഗമാക്കേണ്ടതില്ലെന്ന യോഗിയുടെ പരാമര്‍ശം.

ഇത് മുസ്‌ലിങ്ങളുടെ പൈശാചിക മനസും കപടതയുമാണ് തുറന്ന് കാട്ടുന്നതെന്നും യോഗി പറഞ്ഞു.
ദേശീയ മൃഗമാക്കണമെന്ന മുസ്‌ലിങ്ങളുടെ ആവശ്യം ഇരട്ടത്താപ്പാണെന്നും പാകിസ്ഥാനില്‍ നിന്ന് കുടിയിറക്കപ്പെട്ടവര്‍ക്ക് വേണ്ടി എന്ത് കൊണ്ടാണവര്‍ സംസാരിക്കാത്തതെന്നും അദ്ദേഹം ചോദിച്ചു.

പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കാനോ ഗോവധനിരോധനം നടപ്പിലാക്കാനോ നിലവില്‍ സര്‍ക്കാരിന് ആലോചനയില്ലെന്ന് കേന്ദ്ര മന്ത്രി അര്‍ജുന്‍ റാം മേഘ്വാളും പറഞ്ഞിരുന്നു. വിവിധ ഗ്രൂപ്പുകള്‍ ഈ ആവശ്യങ്ങള്‍ ഉന്നയിക്കുന്നത് തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഗോവധവുമായി ബന്ധപ്പെട്ട നിയമങ്ങള്‍ സംസ്ഥാനങ്ങള്‍ തോറും വ്യത്യാസപ്പെട്ടിരിക്കുമെന്നും പ്രാദേശിക പരിഗണനകളുടെ അടിസ്ഥാനത്തിലാണ് പലപ്പോഴും തീരുമാനങ്ങളെടുക്കുന്നതെന്നും മേഘ് വാള്‍ പറഞ്ഞു.

പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കണമെന്നും രാജ്യത്തുടനീളം ഗോവധം നിരോധിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടുള്ള നിവേദനങ്ങള്‍ സര്‍ക്കാരിനും എം.പിമാര്‍ക്കും പതിവായി ലഭിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. വിവിധ ഗ്രൂപ്പുകള്‍ ഈ ആവശ്യമുന്നയിച്ച് രംഗത്തെത്തിയതുമായി ബന്ധപ്പെട്ടുള്ള ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. പി.ടി.ഐയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

ഈ വിഷയം പരിഗണനയിലുണ്ടാവുമ്പോഴോ സര്‍ക്കാര്‍ തീരുമാനമോ മന്ത്രി സഭയുടെ ഇടപെടലോ ആവശ്യം വരുന്ന ഘട്ടത്തില്‍ സമയാവുമ്പോള്‍ അതിനെക്കുറിച്ച് അറിയിക്കുമെന്നും മേഘ് വാള്‍ പറഞ്ഞു.

ഹിന്ദുത്വ സംഘടനകള്‍ ഗോവധനിരോധനത്തിനായി മുറവിളി കൂട്ടുകയും ആള്‍ക്കൂട്ട ആക്രമണങ്ങള്‍ പതിവാകുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഒരു വിഭാഗം മുസ്‌ലിം സംഘടനകളും പണ്ഡിതന്മാരും പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കണമെന്നും ഗോവധനിരോധനം നടപ്പിലാക്കണമെന്നും ആവശ്യപ്പെടുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് നിരവധി പ്രതിഷേധ പ്രകടനങ്ങളും അരങ്ങേറിയിരുന്നു.

Content Highlight: Cow is mother, Muslims’ demand to declare it as national animal is double standard: Yogi

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more