കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്: ഹിന്ദു ദൈവങ്ങളെ അപമാനിച്ചെന്നാരോപിച്ച് ബി.ജെ.പി പ്രവര്‍ത്തകന്‍ നല്‍കിയ പരാതിയില്‍ യുവാവിനെതിരെ കേസ്. കാഞ്ഞങ്ങാട് വെള്ളരിക്കുണ്ട് താലൂക്കിലെ പാത്തിക്കര സാജന്‍ എബ്രഹാമിനെതിരെയാണ് കേസെടുത്തത്.
പശുവിനെ അപമാനിച്ചതിനെ തുടര്‍ന്നുള്ള തര്‍ക്കമാണ് പ്രശ്‌നങ്ങളുടെ തുടക്കമെന്ന് പരാതിയില്‍ പറയുന്നു.
വെസ്റ്റ് എളേരി വില്ലേജിലെ കണ്ടത്തിന്‍കര ചന്ദ്രന്‍ എന്നയാളുടെ പരാതിയിന്‍മേലാണ് കേസെടുത്തിരിക്കുന്നതെന്ന് വെള്ളരിക്കുണ്ട് പൊലീസ് ഡൂള്‍ന്യൂസിനോട് പറഞ്ഞു.
ഡി.വൈ.എസ്.പി സജീവിന്റെ നിര്‍ദേശ പ്രകാരം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറാണ് കേസ് അന്വേഷിക്കുന്നതെന്ന് വെള്ളരിക്കുണ്ട് പൊലീസ് ഡൂള്‍ന്യൂസിനോട് പറഞ്ഞു.
കഴിഞ്ഞ ദിവസം ചന്ദ്രനും സാജനും ഉള്‍പ്പെടെയുള്ള ചിലര്‍ കടയിലിരുന്ന് രാഷ്ട്രീയം സംസാരിക്കുന്നതിനിടെയുണ്ടായ തകര്‍ക്കമാണ് കേസിനാധാരം.
സംസാരത്തിനിടയില്‍ പശുവിനെ പുകഴ്ത്തി ചന്ദ്രന്‍ സംസാരിച്ചു. എന്നാല്‍ പശുവിന്റെ പാല്‍ നിങ്ങള്‍ കുടിക്കുന്നില്ലേയെന്ന് സാജന്‍ ചോദിച്ചു. ഇതിന് പിന്നാലെയാണ് തര്‍ക്കം ഉണ്ടായതെന്ന് പൊലീസ് പറഞ്ഞു.
ഹിന്ദു ദൈവങ്ങളായ ശ്രീരാമനേയും ശ്രീകൃഷ്ണനും ദൈവമല്ലെന്ന് പറഞ്ഞെന്നും നിങ്ങളുടെ ഹിന്ദുത്വം ഉത്തരേന്ത്യയില്‍ മതിയെന്നും ഇവിടെ കളിച്ചാല്‍ ഒരു ഹിന്ദുവിന്റെ മക്കളേയും വെറുതെ വിടില്ലെന്നും പറഞ്ഞ് സാജന്‍ വര്‍ഗീയമായി അധിക്ഷേപിച്ചുവെന്നാണ് ചന്ദ്രന്‍ പരാതിയില്‍ പറയുന്നത്. വര്‍ഗീയ വിദ്വേഷമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയാണ് എതിര്‍കക്ഷി ഇപ്രകാരം ചെയ്തത് എന്നും ചന്ദ്രന്‍ പരാതിയില്‍ പറയുന്നു.
കാഞ്ഞങ്ങാട് ഡി.വൈ.എസ്.പിയ്ക്കാണ് ആദ്യം പരാതി നല്‍കിയത്. തുടര്‍ന്ന് ഡി.വൈ.എസ്.പി പരാതി വെള്ളരിക്കുണ്ട് പൊലീസിന് കൈമാറുകയും 153 എ വകുപ്പ് പ്രകാരം സി.ഐ, സാജനെതിരെ കേസെടുക്കുകയുമായിരുന്നു.
പരാതിയുടെ പൂര്‍ണരൂപം:
‘ഞാന്‍ മേല്‍ പറഞ്ഞ സ്ഥലത്ത് താമസമാണ് ഇന്ന് 28/5/19ന് രാവിലെ സുമാര്‍ 8 മണിയോട് എന്റെ വീടിനടുത്തുള്ള പാത്തിക്കരയിലെ മധു എന്നയാളുടെ ചായക്കടയില്‍ പണിക്കുന്ന പോകുന്ന സമയത്ത് ചായ കഴിക്കാന്‍ കയറിയപ്പോള്‍ അവിടെ മേല്‍ എതിര്‍കക്ഷിയുണ്ടായിരുന്നു. ഞാന്‍ ചായ കുടിച്ചുകൊണ്ടിരിക്കുമ്പോള്‍ ചായക്കുള്ള പാല്‍ കുടിക്കുവാന്‍ പാടില്ലാ അത് ഗോമാതയുടെതാണെന്ന് എതിര്‍കക്ഷി കമന്റ് പറയുകയും തുടര്‍ന്ന് എന്നെ അധിക്ഷേപിക്കുകയും ചെയ്തു.
ഈ സമയം ചായക്കടയില്‍ ധാരാളം ആള്‍ക്കാര്‍ ഉണ്ടായിരുന്നു. തുടര്‍ന്ന് ശ്രീരാമനെയും ശ്രീകൃഷ്ണനെയും അവര്‍ ദൈവമല്ലയെന്നു പറയുകയും നിങ്ങളുടെ ഹിന്ദുത്വം ഉത്തരേന്ത്യയില്‍ മതിയെന്നും ഇവിടെ കളിച്ചാല്‍ ഒരു ഹിന്ദുവിന്റെ മക്കളെയും വെറുതെ വിടില്ലായെന്നും പറഞ്ഞ് വര്‍ഗീയമായി അധിക്ഷേപിക്കുകയും ചെയ്തു. തുടര്‍ന്ന് ചായ കൊണ്ടുവെച്ച ഗ്ലാസുകൊണ്ട് എന്റെ തലക്ക് കുത്താന്‍ ശ്രമിച്ചു ഞാന്‍ ഒഴിഞ്ഞുമാറിയതുകൊണ്ട് രക്ഷപ്പെട്ടു. സംഭവം നടക്കുമ്പോള്‍ ഏട്ടേകാല്‍ മണിയായിരുന്നു. വര്‍ഗീയ വിദ്വേഷമുണ്ടാക്കണമെന്ന ലക്ഷ്യത്തോടുകൂടിയാണ് എതിര്‍കക്ഷി ഇപ്രകാരം ചെയ്തത്.
ആയതുകൊണ്ട് എതിര്‍കക്ഷിക്കെതിരായ നടപടികളെടുക്കണമെന്ന് ഇതിനാല്‍ അപേക്ഷിക്കുന്നു…