| Wednesday, 11th March 2026, 2:07 pm

കൊവിഡ് വാക്‌സിന്‍ പാര്‍ശ്വഫലങ്ങള്‍: നഷ്ടപരിഹാര നയം രൂപീകരിക്കാന്‍ ഉത്തരവിട്ട് സുപ്രീം കോടതി

നിഷാന. വി.വി

ന്യൂദല്‍ഹി: കൊവിഡ്-19 വാക്‌സിനേഷനെ തുടര്‍ന്ന് ഗുരുതരമായ പാര്‍ശ്വഫലങ്ങള്‍ അനുഭവിക്കുന്നവര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിനുള്ള നയം രൂപീകരിക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീം കോടതി.

പദ്ധതി കുറ്റമറ്റതായിരിക്കണമെന്നും വാക്‌സിന്‍ നിര്‍മാതക്കളുടെയോ സര്‍ക്കാരിന്റെയോ ഭാഗത്ത് വീഴ്ചയുണ്ടായെന്ന് പരാതിക്കാര്‍ തെളിയിക്കേണ്ടതില്ലെന്നും കോടതി പറഞ്ഞു.

വാക്‌സിനേഷന്റെ പ്രതികൂല ഫലങ്ങള്‍ മൂലമാണ് തങ്ങളുടെ പെണ്‍മക്കള്‍ മരിച്ചതെന്ന് കാണിച്ച് മാതാപിതാക്കള്‍ നല്‍കിയ ഹരജി പരിഗണിക്കവെയായിരുന്നു കോടതി നിര്‍ദേശം. സ്വതന്ത്ര സമിതി മരണങ്ങള്‍ അന്വേഷിക്കണമെന്നും തങ്ങള്‍ക്ക് സാമ്പത്തിക നഷ്ടപരിഹാരം നല്‍കണമെന്നും മാതാപിതാക്കള്‍ ആവശ്യപ്പെട്ടു.

വാക്‌സിന്‍ പാര്‍ശ്വഫലങ്ങള്‍ നേരത്തെ കണ്ടെത്തി ചികിത്സിക്കാനുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ രൂപവത്കരിക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നു.

വാക്‌സിനേഷന്‍ മൂലം പാര്‍ശ്വഫലങ്ങളുണ്ടായവര്‍ക്ക് സാമ്പത്തിക സഹായം ഉറപ്പാക്കുന്ന രീതിയിലാവണം നയം രൂപീകരിക്കേണ്ടതെന്ന് കോടതി പറഞ്ഞു. ജസ്റ്റിസ് വിക്രം നാഥ്, ജസ്റ്റിസ് വിക്രം മേത്ത എന്നിവരടങ്ങിയ ബെഞ്ചാണ് ഇതുമായി ബന്ധപ്പെട്ട ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.

വാക്‌സിനേഷനു ശേഷമുള്ള പ്രതികൂല സംഭവങ്ങള്‍ നിരീക്ഷിക്കുന്ന നിലവിലെ സംവിധാനം തുടരണമെന്നും അതിന്റെ വിശദാംശങ്ങള്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കണമെന്നും ബെഞ്ച് നിര്‍ദേശിച്ചിട്ടുണ്ട്.

നഷ്ടപരിഹാര നയം രൂപീകരിക്കുന്നത് കേന്ദ്ര സര്‍ക്കാരിന്റെയോ മറ്റേതിങ്കിലും അധികാരികളുടെയോ ബാധ്യതയായോ തെറ്റ് അംഗീകരിക്കലായോ വ്യാഖ്യാനിക്കരുതെന്നും കോടതി പറഞ്ഞു.

Content Highlight: Covid vaccine side effects: Supreme Court orders formulation of compensation policy

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more