| Friday, 15th May 2020, 9:46 am

വിസാ കാലാവാധി തീര്‍ന്നു; ഇസ്രഈലില്‍ കുടുങ്ങി 82 മലയാളി നഴ്‌സുമാര്‍; നാട്ടിലേക്ക് മടങ്ങാനാകാതെ ഗര്‍ഭിണികളും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജെറുസലേം: ഇസ്രഈലില്‍ വിസാ കാലാവധി തീര്‍ന്ന 82 മലയാളി നഴ്‌സുമാര്‍ ദുരിതത്തില്‍. ഇവരില്‍ നാല് പേര്‍ ഗര്‍ഭിണികളാണ്. നാട്ടിലെത്തിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും കേന്ദ്രസര്‍ക്കാര്‍ നടപടിയെടുത്തില്ലെന്ന് നഴ്‌സുമാര്‍ ആരോപിക്കുന്നു.

‘അഞ്ച് മാസം ഗര്‍ഭിണിയായ യുവതിയാണ് ഞാന്‍. കഴിഞ്ഞ രണ്ട് മാസമായി എനിക്ക് ജോലിയില്ല. രണ്ടര മാസത്തോളമായി മുറിയില്‍ ഇരിക്കുകയാണ്. എനിക്ക് മെഡിക്കല്‍ ചെക്കപ്പിന് ഇന്‍ഷൂറന്‍സ് ഒന്നും ഇല്ല. ഇന്‍ഷൂറന്‍സിനായി ഞാന്‍ ഏജന്‍സിയില്‍ ചെന്നപ്പോള്‍ പറഞ്ഞത് റിസൈന്‍ ചെയ്ത് പോകുന്നത് കൊണ്ട് ഇന്‍ഷൂറന്‍സ് തരാന്‍ പറ്റില്ലെന്നാണ്.

അതുകൊണ്ട് തന്നെ പ്രൈവറ്റ് ആയിട്ടാണ് കാണിക്കുന്നത്. വലിയ തുകയാണ് അതിനായി ചെലവായത്. ഇതിനൊപ്പം മുറിയുടെ വാടകയും ഭക്ഷണത്തിന്റെ ചിലവുമെല്ലാം നടത്താന്‍ കഴിയാത്ത അവസ്ഥയിലാണ്.

എന്നെപ്പോലെ തന്നെ വിസാ കാലാവധി കഴിഞ്ഞതിനെ തുടര്‍ന്ന് ജോലി രാജി വെച്ച് റൂമിലിരിക്കുന്ന ഒരുപാട് പേരുണ്ട്. അവര്‍ക്കൊന്നും താമസ സൗകര്യമോ ഭക്ഷണമോ ലഭിക്കാത്ത സാഹചര്യമാണ്. ഞങ്ങള്‍ക്ക് എങ്ങനെയെങ്കിലും വിമാനസര്‍വീസ് ഒരുക്കിത്തരണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടുകയാണ്. ‘, ഇസ്രഈലില്‍ നഴ്‌സായ ലീന ദേവസിക്കുട്ടി പറഞ്ഞു.

നാട്ടിലേക്ക് വരാന്‍ നേരത്തെ തന്നെ ഫ്‌ളൈറ്റ് ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. എന്നാല്‍ ലോക്ക് ഡൗണ്‍ കാരണം ക്യാന്‍സല്‍ ചെയ്യേണ്ടി വന്നെന്നുമാണ് നഴ്‌സായ മറ്റൊരു യുവാവ് പറഞ്ഞത്. തന്നെപ്പോലെ തന്നെ 82 മലയാളികള്‍ ഇവിടെയുണ്ട്.

ഞങ്ങള്‍ക്ക് വിസയില്ല. ഇന്‍ഷൂറന്‍സ് പോലുമില്ല. സംസ്ഥാന സര്‍ക്കാരിനേയും കേന്ദ്രസര്‍ക്കാരിനേയും ഞങ്ങളുടെ അവസ്ഥ അറിയിച്ചിരുന്നെങ്കിലും പ്രതികരണമൊന്നും ഉണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

We use cookies to give you the best possible experience. Learn more