ന്യൂദല്‍ഹി: കൊറോണ വൈറസിനേക്കാള്‍ അപകടകരമായത് രോഗവുമായി ബന്ധപ്പെട്ട് സമൂഹത്തില്‍ നിലനില്‍ക്കുന്ന ദുര്‍വിചാരങ്ങളാണെന്ന് ഓള്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് (എ.ഐ.ഐ.എം.എസ്) ഡയറക്ടര്‍ ഡോ രണ്‍ദീപ് ഗുലേറിയ. രോഗം ബാധിച്ചവരില്‍ 95 ശതമാനം രോഗികള്‍ക്കും രോഗം ഭേദമാകുമ്പോഴും കൊവിഡ് മരണസംഖ്യ ഉയരുന്നതിനുള്ള കാരണം ഇതാണെന്നും അദ്ദേഹം പറഞ്ഞു.
‘ഈ രോഗമല്ല ഏറ്റവും ഗുരുതരമായത്. മറിച്ച് അതുമായി ബന്ധപ്പെട്ട് ആളുകള്‍ക്കിടയിലുള്ള തെറ്റിദ്ധാരണയാണ് മരണസംഖ്യ വര്‍ധിക്കുന്നതിലേക്ക് എത്തിക്കുന്നത്. ഫ്‌ളു പോലെയുള്ള രോഗ ലക്ഷണങ്ങള്‍ കാണിക്കുന്ന ആളുകള്‍ ചികിത്സിക്കാന്‍ തയ്യാറാവുന്നില്ല. അത് ആ ദുര്‍ വിചാരങ്ങള്‍ മൂലമാണ്’, ഡോ ഗുലേറിയ പറഞ്ഞു.
രോഗവും അതിന്റെ ചികിത്സയുമായി ബന്ധപ്പെട്ട് ആളുകള്‍ക്കിടയില്‍ പല തരത്തിലുള്ള തെറ്റിദ്ധാരണകള്‍ പരന്നിരിക്കുകയാണെന്നും അദ്ദേഹം വിശദീകരിച്ചു. വാര്‍ത്താസമ്മേളനത്തിലായിരുന്നു ഗുലേറിയ ഇക്കാര്യങ്ങള്‍ വിശദീകരിച്ചത്.
‘ഈ അവസ്ഥ നിലനില്‍ക്കേ, ഇതില്‍നിന്നും മറികടക്കാന്‍ കഴിയാതെ വരുന്നതുകൊണ്ടാണ് ചികിത്സ വൈകുന്നതും മരണ നിരക്ക് ഉയരുന്നതും’, അദ്ദേഹം പറഞ്ഞു. പിന്തുണയോടുകൂടിയ ചികിത്സയാണ് കൊവിഡ് രോഗികള്‍ക്ക് ആവശ്യം. 15 ശതമാനം രോഗികള്‍ക്ക് മാത്രമേ മരുന്നിനൊപ്പം ഓക്‌സിജനടക്കമുള്ള ചികിത്സകള്‍ ആവശ്യമുള്ളു എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇന്ത്യയിലെ വിവിധ ആശുപത്രികള്‍ മരുന്നുകളും പുതിയ വാക്‌സിനുകളും മറ്റും ഉപയോഗിക്കാന്‍ ശ്രമിക്കുന്നുണ്ട്. പ്ലാസ്മ ചികിത്സ പരീക്ഷിക്കാനുള്ള ഒരുക്കവും നടക്കുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.