| Monday, 9th March 2020, 5:17 pm

ഇതൊക്കെ വിശ്വസിച്ച് സ്വന്തം ജീവന്‍ നഷ്ടപ്പെടുത്തരുത്

ഡോ. ജിനേഷ് പി.എസ്

1. UNICEFന്റെ പേരില്‍ സര്‍ക്കുലേറ്റ് ചെയ്യപ്പെടുന്ന ആ നോട്ടീസില്‍ പറയുന്ന കാര്യങ്ങള്‍ സത്യമാണോ ?

അല്ല, പലതും തെറ്റിദ്ധാരണകള്‍ മാത്രമാണ്. യൂണിസെഫ് അങ്ങനെ ഒരു നോട്ടീസ് ഇറക്കിയിട്ടില്ല. നോട്ടീസില്‍ പറഞ്ഞ കാര്യങ്ങള്‍ ഒന്ന് പരിശോധിച്ചു നോക്കാം.

2. കൊറോണ വൈറസിന് 400-500 micro വ്യാസം ഉള്ളതിനാല്‍ ഏതുതരത്തിലുള്ള മാസ്‌ക് ഉപയോഗിച്ചാലും ഇതിനെ തടയാനാകും എന്ന് രേഖപ്പെടുത്തിയിരിക്കുന്നത് ശരിയാണോ ?

അല്ല. മാസ്‌കിലെ സുഷിരങ്ങള്‍ വഴി ഒറ്റപ്പെട്ട വൈറസുകള്‍ കയറുന്നത് തടയുകയല്ല ചെയ്യുന്നത്. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും ഒക്കെ പുറത്തോട്ട് വരുന്ന സ്രവങ്ങളില്‍ ആണ് വൈറസ് ഉള്ളത്. ഇത്തരം ചെറിയ തുള്ളികള്‍ തടയുക എന്നതാണ് മാസ്‌ക് ഉപയോഗിക്കുന്നതിന്റെ ലക്ഷ്യം. N 95 പോലുള്ള മാസ്‌ക്കുകള്‍ സാധാരണ സര്‍ജിക്കല്‍ വാക്കുകളെക്കാള്‍ കൂടുതല്‍ ഫലപ്രദമാണ്.

കൊറോണ വൈറസിന്റെ വ്യാസം – 0.12 micron
സര്‍ജിക്കല്‍ മാസ്‌കിലെ സുഷിരങ്ങളുടെ വ്യാസം – ഏകദേശം 10 മൈക്രോണ്‍ വരെ
N 95 ലെ സുഷിരങ്ങളുടെ വ്യാസം – ഏകദേശം 0.3 മൈക്രോണ്‍

നോട്ടീസില്‍ പറയുന്ന കാര്യങ്ങള്‍ എല്ലാം തെറ്റാണ്.

3. കൊറോണ വൈറസ് വായുവില്‍ കൂടി പകരില്ല എന്ന് നോട്ടീസില്‍ പറയുന്നത് ശരിയാണോ ?

അല്ല, തെറ്റാണ്. വായുവില്‍ കൂടിയാണ് ഈ വൈറസ് പകരുന്നത്. രോഗം ഉള്ള ഒരു വ്യക്തി ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും വായുവില്‍ കലരുന്ന സ്രവങ്ങള്‍ മറ്റൊരാളുടെ ശരീരത്തില്‍ എത്തിയാല്‍ അസുഖം പകരാം.

4. വസ്ത്രങ്ങള്‍ അലക്കിയാലും വെയിലത്ത് രണ്ടുമണിക്കൂര്‍ ഇരുന്നാലും ഈ വൈറസ് നശിച്ചു പോകുമെന്ന് നോട്ടീസില്‍ പറഞ്ഞിരിക്കുന്നത് ശരിയാണോ ?

രോഗിയുമായി അടുത്ത് ഇടപഴകുന്നവര്‍ അണുനാശിനി ഉപയോഗിച്ച് വസ്ത്രങ്ങള്‍ കഴുകുക. ശരീരത്തിനു വെളിയില്‍ അധികകാലം സര്‍വൈവ് ചെയ്യാന്‍ സാധിക്കില്ല എങ്കിലും രണ്ടു മണിക്കൂര്‍ വെയിലത്ത് വെച്ചാല്‍ വൈറസ് നശിക്കും എന്ന് തീര്‍ത്തു പറയാന്‍ സാധിക്കില്ല.

5. കൈകളില്‍ വൈറസ് 10 മിനിറ്റ് മാത്രമേ ജീവനോടെ ഇരിക്കുകയുള്ളൂ എന്നും പോക്കറ്റില്‍ ആള്‍ക്കഹോള്‍ സ്റ്റെറിലൈസര്‍ സൂക്ഷിച്ചാല്‍ പകരും എന്ന പേടിവേണ്ട എന്നും നോട്ടീസില്‍ എഴുതിയിരിക്കുന്നത് ശരിയാണോ ?

ശരിയല്ല. ആല്‍ക്കഹോള്‍ അടങ്ങിയ അണുനാശിനി പോക്കറ്റില്‍ വെച്ചു എന്നത് കൊണ്ട് ഒരു ഉപകാരവും ഇല്ല. അത് എല്ലാ ദിവസവും രാവിലെ കയ്യില്‍ തേച്ചു എന്നതുകൊണ്ടും പ്രയോജനമില്ല. കൃത്യമായ ഇടവേളകളില്‍ കൈകള്‍ അണുനാശിനി ഉപയോഗിച്ച് കഴുകുക ആണ് വേണ്ടത്.

6. 27 ഡിഗ്രിയില്‍ കൂടുതല്‍ താപനിലയുള്ള പ്രദേശങ്ങളില്‍ വൈറസ് പകരില്ല എന്ന് നോട്ടീസില്‍ എഴുതിയിരിക്കുന്നത് ശരിയാണോ ?

അല്ല. ഇതില്‍ കൂടുതല്‍ താപനിലയുള്ള കേരളം, സിംഗപ്പൂര്‍, തായ്‌ലന്റ്, ഇന്തോനേഷ്യ, മലേഷ്യ എന്നീ സ്ഥലങ്ങളില്‍ കൊറോണ വൈറസ് പകര്‍ച്ച ഉണ്ടായിട്ടുണ്ട്.

6a. ചൂടു വെള്ളം കുടിക്കുകയും വെയിലത്ത് കൂടുതല്‍ സമയം ചെലവഴിക്കുകയും ചെയ്താല്‍ വൈറസ് ബാധ തടയാം എന്ന് പറയുന്നത് ശരിയാണോ ?

അല്ല. ഈ വൈറസുമായി ബന്ധമൊന്നുമില്ലെങ്കിലും വെള്ളം കുടിക്കുന്നത് നല്ലതാണ്. കുടിക്കുമ്പോള്‍ തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കുക. ശരീരത്തില്‍ കുറച്ചൊക്കെ വെയില്‍ കൊള്ളുന്നതും നല്ലതാണ്, പക്ഷേ ഈ വൈറസുമായി ബന്ധമൊന്നുമില്ല.

6b. ഐസ്‌ക്രീം കഴിക്കരുത് എന്നും തണുപ്പ് ഉപയോഗിക്കരുത് എന്നും പറയുന്നതില്‍ കാര്യമുണ്ടോ ?

രോഗമുള്ള വ്യക്തിയുടെ ശ്രവം നമ്മുടെ പ്രവേശിച്ച ശേഷമാണ് അസുഖം ഉണ്ടാവുന്നത്. അത് ഏതു സാഹചര്യത്തിലും അങ്ങനെതന്നെ. ഐസ്‌ക്രീം കഴിച്ചാലും ഇല്ലെങ്കിലും അങ്ങനെതന്നെ.

7. ഉപ്പുവെള്ളം കൊണ്ട് തൊണ്ട ഗാര്‍ഗിള്‍ ചെയ്താല്‍ ടോണ്‍സില്‍ അണുക്കള്‍ നശിക്കുമെന്നും ശ്വാസകോശത്തില്‍ അവ എത്തിയില്ല എന്നും പറയുന്നത് ശരിയാണോ ?

ഇത് എന്തെങ്കിലും ആധികാരികമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പറയുന്നതാണ് എന്ന് തോന്നുന്നില്ല.

8. ഈ നോട്ടീസില്‍ പറയുന്നതുപോലെ ചെയ്താല്‍ വൈറസ് ബാധ ഉണ്ടാവില്ല എന്ന് അവസാനം അവകാശവാദം ഉന്നയിച്ചിരിക്കുന്നത് ശരിയാണോ ?

അല്ല. ഇതില്‍ പറയുന്ന കാര്യങ്ങള്‍ മുഴുവന്‍ അബദ്ധമാണ്. ഏതെങ്കിലും ചാണകത്തലയന്‍ എഴുതിയതാണോ ?

ഇതൊക്കെ വിശ്വസിച്ച് സ്വന്തം ജീവന്‍ നഷ്ടപ്പെടുത്തരുത്.

കൊറോണ സംബന്ധമായ വിഷയങ്ങളില്‍ ആധികാരികമായ അറിവു ലഭിക്കാന്‍ ലോകാരോഗ്യ സംഘടനയുടെ വെബ്‌സൈറ്റ് നോക്കുക. അബദ്ധ സന്ദേശങ്ങള്‍ തിരിച്ചറിയാന്‍ ഇന്‍ഫോ ക്ലിനിക് പോസ്റ്റുകള്‍ വായിക്കുക.

യുണിസെഫ് കൊറോണ വിഷയത്തില്‍ അഭിപ്രായം പറഞ്ഞിട്ടുണ്ട്. അതു പക്ഷെ ഈ മണ്ടത്തരങ്ങള്‍ ഒന്നുമല്ല. ലോകാരോഗ്യസംഘടന പറഞ്ഞ കാര്യം തന്നെ അവര്‍ കോപ്പി ചെയ്തു എന്നേയുള്ളൂ.

നന്‍ട്രീ

ഡോ. ജിനേഷ് പി.എസ്

Latest Stories

We use cookies to give you the best possible experience. Learn more