| Monday, 27th July 2020, 1:24 pm

'ദല്‍ഹിയില്‍ ഇനി ലോക്ക് ഡൗണിന്റെ ആവശ്യമില്ല, കാര്യങ്ങള്‍ നിയന്ത്രണത്തില്‍', വിശ്രമിക്കാറായിട്ടില്ലെന്നും അരവിന്ദ് കെജ്‌രിവാള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ദല്‍ഹിയില്‍ ഇനി ലോക്ക് ഡൗണ്‍ ആവശ്യമില്ലെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ദല്‍ഹിയിലെ കൊവിഡ് സാഹചര്യം മെച്ചപ്പെട്ടെന്നും നിലവില്‍ രോഗമുള്ളത് 9 ശതമാനം ആളുകള്‍ക്ക് മാത്രമാണെന്നും കെജ്‌രിവാള്‍ പറഞ്ഞു.

ദല്‍ഹിയിലെ സ്ഥിതി മെച്ചപ്പെടുകയാണ്. രോഗമുക്തി നിരക്ക് 88 ശതമാനമായി. ദല്‍ഹി മോഡല്‍ രാജ്യത്തും വിദേശത്തും ചര്‍ച്ചയായെന്നും കെജ്‌രിവാള്‍ പറഞ്ഞു.

‘ മരണനിരക്കില്‍ വലിയ കുറവ് വരുത്താന്‍ സാധിച്ചു. ജൂണില്‍ മാത്രം മരണനിരക്ക് 44 ശതമാനമായി കുറഞ്ഞു. ഈ മഹാമാരിയുടെ തുടക്കത്തില്‍ സര്‍ക്കാരിനെ സംബന്ധിച്ച് ഏറ്റവും വലിയ വെല്ലുവിളി ഇതായിരുന്നു. എങ്കില്‍പ്പോലും ഞങ്ങള്‍ പൂര്‍ണതൃപ്തരല്ല. ഈ കണക്ക് പൂജ്യം ആകുന്നതുവരെ,’കെജ്രിവാള്‍ ട്വീറ്റ് ചെയ്തു.

ആക്ടീവ് കേസുകളുടെ എണ്ണത്തില്‍ രാജ്യത്ത് പത്താം സ്ഥാനത്താണ് ദല്‍ഹി ഇപ്പോഴുള്ളത്. ആളുകള്‍ സുഖം പ്രാപിച്ചുവരികയാണെന്നും ആക്ടീവ് കേസുകളുടെ എണ്ണം കുറയ്ക്കാനാവുമെന്നും അദ്ദേഹം പറഞ്ഞു.

സ്ഥിതിഗതികള്‍ പൂര്‍ണമായും നിയന്ത്രണത്തിലാണ്. ഒരു മാസം മുമ്പുള്ളതുപോലെ ഭയാനകമല്ല കാര്യങ്ങളെന്നും കെജ്‌രിവാള്‍ പറഞ്ഞു.

കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ദല്‍ഹിയിലെ കൊവിഡ് കേസുകളുടെ എണ്ണം 1,30,606 ആണ്, ഇതില്‍ ആക്ടീവ് കേസുകള്‍ 11,904 ആണ്. രോഗം ഭേദമായി ആശുപത്രി വിട്ടവര്‍ 1,14,875 വും മരണസംഖ്യ 3,827 ഉം ആണ്.

അഗ്രസീവായി നടത്തിയ പരിശോധനയാണ് ദല്‍ഹിയിലെ വലിയൊരു വിപത്തില്‍ നിന്ന് രക്ഷിച്ചെടുത്തതെന്ന് കഴിഞ്ഞ ദിവസം എയിംസ് മെഡിസിന്‍ ഡിപ്പാര്‍ട്ട്മെന്റിലെ അസോസിയേറ്റ് പ്രൊഫസര്‍ ഡോ. നീരജ് നിഷാല്‍ വാര്‍ത്താ ഏജന്‍സിയായ ഐ.എഎന്‍.എസിനോട് പറഞ്ഞിരുന്നു.

ടെസ്റ്റ്, ട്രേസ്, ഐസൊലേറ്റ്, ട്രീറ്റ്‌മെന്റ് എന്ന നയമാണ് ദല്‍ഹി പിന്തുടര്‍ന്നതെന്നും രോഗികളുടെ എണ്ണം കുറയ്ക്കാന്‍ സഹായകരമായത് ഈ രീതി തന്നെയാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. മറ്റൊരു പ്രധാനപ്പെട്ട കാര്യം ജനങ്ങള്‍ നല്‍കിയ സഹകരണമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more