ന്യൂദല്‍ഹി: സാമൂഹിക പരിഷ്‌ക്കരണവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ തങ്ങളുടെ ഭരഘടനാപരമായ ഉത്തരവാദിത്തങ്ങളില്‍ നിന്ന് കോടതികള്‍ക്ക് മാറിനില്‍ക്കാനാവില്ലെന്ന് സുപ്രീം കോടതി.
ജുഡീഷ്യല്‍ അവലോകനം ഒരു ഭരഘടനാ കടമയാണെന്നും കോടതി പറഞ്ഞു.
ശബരിമല ഉള്‍പ്പടെയുള്ള ആരാധാന കേന്ദ്രങ്ങളില്‍ സ്ത്രീകള്‍ക്കെതിരായ വിവേചനവുമായി ബന്ധപ്പെട്ട ഹരജികള്‍ പരഗണിക്കവേയായിരുന്നു കോടതിയുടെ നിരീക്ഷണം.
ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ സുപ്രീം കോടതിയുടെ ഒമ്പത് ജഡ്ജിമാരുടെ ഭരണഘടനാ ബെഞ്ചാണ് ഹരജികള്‍ പരിഗണിക്കുന്നത്.
‘സാമൂഹിക ക്ഷേമത്തിനും പരിഷ്‌ക്കരണത്തിനുമുള്ള പ്രാഥമിക ഉത്തരവാദിത്തം നിയമസഭയ്ക്കാണ്, അത് ഭരണഘടനാപരമായ കര്‍ത്തവ്യവുമാണ്. എന്നാല്‍ ഇതില്‍ കോടതിക്ക് അധികാരമില്ലെന്ന് അതിനര്‍ത്ഥമില്ല,’ അമിക്യസ് ക്യൂറിയായ മുതിര്‍ന്ന അഭിഭാഷകന്‍ കെ. പരമേഷ്യര്‍ വാദിച്ചു.
ജുഡീഷ്യറിയുടെ പങ്ക് അമിത തീക്ഷ്ണതയുള്ള പരിഷ്‌കര്‍ത്താവിന്റെതോ നിഷ്‌ക്രിയ കാഴ്ചക്കാരന്റെതോ അല്ലെന്നും അദ്ദേഹം പറഞ്ഞു.
അദ്ദേഹത്തിന്റെ വാദം ശെരിവെച്ച് കൊണ്ടായിരുന്നു ചീഫ് ജസ്റ്റിസിന്റെ പരാമര്‍ശം.
‘ഭരണഘടനാ കോടതിക്ക് അതിന്റെ ഉത്തരവാദിത്തം ഉപേക്ഷിക്കാന്‍ കഴിയില്ലെന്ന് നിങ്ങള്‍ പറഞ്ഞത് തികച്ചും ശരിയാണ്. നമുക്കത് ഉപേക്ഷിക്കാന്‍ കഴിയില്ല. ഇത് അധികാരത്തിന്റെ പ്രശ്‌നമല്ല. കോടതിയുടെ ഭരണഘടനാപരമായ കടമയാണ്,’ ചീഫ് ജസ്റ്റിസ് പറഞ്ഞു.
വിശ്വാസവും യുക്തിയും തമ്മില്‍ വലിയ വ്യത്യാസമുണ്ടെന്നും യുക്തിയെ അടിസ്ഥാനമാക്കി മതാചാരങ്ങളെ അളക്കാന്‍ തുടങ്ങിയാല്‍ ഭരണഘടന ഉറപ്പുനല്‍കുന്ന മതസ്വാതന്ത്ര്യം (അനുഛേദം 25, 26) ഇല്ലാതാകുമെന്നും പരമേഷ്യര്‍ വാദിച്ചു.
16 ദിവസം നീണ്ടുനിന്ന വാദപ്രതിവാദങ്ങള്‍ക്കൊടുവില്‍ സുപ്രീം കോടതി കേസ് വിധി പറയാനായി മാറ്റി. മെയ് 29-നകം എല്ലാ കക്ഷികളോടും വിശദമായ രേഖാമൂലമുള്ള വാദങ്ങള്‍ സമര്‍പ്പിക്കാന്‍ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
2018-ല്‍ ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച് സുപ്രീം കോടതി വിധി പുറപ്പെടുവിച്ചിരുന്നു. പിന്നീട് ഈ വിധി പുനപരിശോധിക്കണമെന്ന ആവശ്യമുയരുകയും, മുസ്‌ലിം പള്ളികളിലെ സ്ത്രീ പ്രവേശനം, പാഴ്‌സി സ്ത്രീകളുടെ അവകാശങ്ങള്‍ തുടങ്ങിയ വിശാലമായ ഭരണഘടനാ വിഷയങ്ങള്‍ പരിശോധിക്കാനായി കേസ് ഒമ്പതംഗ ബെഞ്ചിന് വിടുകയുമായിരുന്നു.
Content Highlight: Courts cannot abdicate their constitutional responsibility in matters related to social reform: Supreme Court