| Saturday, 21st February 2026, 10:56 pm

കോടതി വിധി അമേരിക്കന്‍ വിരുദ്ധം, പരിഹാസ്യം; ആഗോള തീരുവ 10 അല്ല 15 ശതമാനമാക്കുമെന്ന് ട്രംപ്

അനിത സി

വാഷിങ്ടണ്‍: ലോകരാജ്യങ്ങള്‍ക്ക് മേല്‍ അമിതമായി തീരുവ ചുമത്താനുള്ള അധികാരമില്ലെന്ന യു.എസ് സുപ്രീംകോടതി വിധി പരിഹാസ്യമെന്ന് പ്രതികരിച്ച് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കോടതി നിര്‍ദേശപ്രകാരം ആഗോളതലത്തില്‍ ഏര്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്ന തീരുവ 10 ശതമാനത്തില്‍ നിന്നും 15 ആക്കി ഉയര്‍ത്തുകയാണെന്നും ട്രംപ് പറഞ്ഞു.

യു.എസ് സുപ്രീം കോടതി പുറപ്പെടുവിച്ച വിധി പരിഹാസ്യവും, മോശമായി എഴുതിയതും, അങ്ങേയറ്റം അമേരിക്കന്‍ വിരുദ്ധവുമാണെന്ന് ട്രംപ് ശനിയാഴ്ച ട്രൂത്ത് സോഷ്യലില്‍ എഴുതി. തീരുവ 10 ശതമാനത്തില്‍ നിന്നും ഉയര്‍ത്തുന്ന തീരുമാനം  അവലോകനത്തിന്റെ അടിസ്ഥാനത്തിലാണെടുത്തതെന്നും അദ്ദേഹം പറഞ്ഞു.

അടുത്ത കുറച്ച് മാസങ്ങള്‍ക്കുള്ളില്‍, ട്രംപ് ഭരണകൂടം പുതിയതും നിയമപരമായി അനുവദനീയവുമായ തീരുവകള്‍ കണ്ടെത്തുകയും നടപ്പിലാക്കുകയും ചെയ്യും. ഇതോടൊപ്പം സെക്ഷന്‍ 122 പ്രകാരമുള്ള ആഗോള തീരുവ ഔപചാരികമാക്കുന്നതിന് ഒരു പുതിയ ഉത്തരവ് കൊണ്ടുവരുമെന്നും ട്രംപ് പ്രതികരിച്ചു.

പതിറ്റാണ്ടുകളായി യു.എസിനെ നിരവധി രാജ്യങ്ങള്‍ ചൂഷണം ചെയ്യുകയാണ്. പുതുക്കിയ നിരക്ക് നിയമപരമായി ശരിയാണെന്നും ട്രംപ് പറഞ്ഞു.

വെള്ളിയാഴ്ച കോടതി വിധി മാനിച്ച് തീരുവ 10 ശതമാനമാക്കുന്ന തീരുമാനത്തില്‍ ട്രംപ് ഒപ്പുവച്ചിരുന്നു. രാത്രിയോടെ ട്രംപ് ഒപ്പുവച്ച തീരുമാനപ്രകാരം ഫെബ്രുവരി 24 മുതല്‍ 10% തീരുവ പ്രാബല്യത്തില്‍ വരുമെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാല്‍ പുതിയ തീരുമാനപ്രകാരം മാറ്റം വരുത്തിയ ഉത്തരവില്‍ ട്രംപ് എപ്പോള്‍ ഒപ്പുവെക്കുമെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കിയിട്ടില്ല.

അതേസമയം, കോടതി വിധിയോടെ ട്രംപ് നിലപാടില്‍ നിന്നും പിന്മാറുമെന്നാണ് ലോകരാജ്യങ്ങള്‍ പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍, തീരുവ സമ്മര്‍ദ തന്ത്രമായി ലോകരാജ്യങ്ങള്‍ക്ക് മേല്‍ പ്രയോഗിക്കാന്‍ തന്നെയാണ് യു.എസ് പ്രസിഡന്റ് തീരുമാനിച്ചിരിക്കുന്നതെന്ന് ഇതോടെ വ്യക്തമായി.

വെള്ളിയാഴ്ചയാണ് 1977ലെ ഐ.ഇ.ഇ.പി ആക്ട് പ്രകാരം വിദേശ രാജ്യങ്ങള്‍ക്കുമേല്‍ തീരുവകള്‍ പ്രഖ്യാപിക്കുന്ന കാര്യത്തില്‍ യു.എസ് പ്രസിഡന്റിന് വീഴ്ച സംഭവിച്ചെന്നും അധികാര പരിധി മറികടന്നുവെന്നും യു.എസ് സുപ്രീംകോടതി വിധിച്ചത്.

പ്രസിഡന്റ് തന്റെ അധികാര പരിധി ലംഘിച്ചെന്ന കീഴ്ക്കോടതിയുടെ ഉത്തരവ് 6-3 വോട്ടിന് ശരിവെച്ചായിരുന്നു സുപ്രീംകോടതിയുടെ വിധി.

തീരുവകള്‍ ചുമത്താന്‍ ട്രംപിന് അധികാരമില്ലെന്ന് കോടതി വിധിയില്‍ പറഞ്ഞിരുന്നു. ഇറക്കുമതി നിയന്ത്രിക്കാനുള്ള അധികാരമാണ് പ്രസിഡന്റിനുള്ളതെന്നും വിധിന്യായത്തില്‍ പറഞ്ഞിരുന്നു.

അതേസമയം, യു.എസ് കോടതി വിധിയുടെ നടപടികളും പ്രത്യാഘാതങ്ങളും വിലയിരുത്തുകയാണെന്ന് കേന്ദ്രസര്‍ക്കാര്‍ ശനിയാഴ്ച പ്രതികരിച്ചിരുന്നു. യു.എസുമായി ഒപ്പുവെച്ച വ്യാപാര കരാറിന്റെ പശ്ചാത്തലത്തിലായിരുന്നു പ്രതികരണം.

ട്രംപ് ഏര്‍പ്പെടുത്തിയ അമിത തീരുവകള്‍ കോടതി റദ്ദാക്കിയതോടെ എല്ലാ രാജ്യങ്ങളില്‍ നിന്നുമുള്ള ഇറക്കുമതി ഉത്പന്നങ്ങള്‍ക്ക് 10 ശതമാനം തീരുവ ചുമത്തുന്ന ഉത്തരവില്‍ ട്രംപ് ഒപ്പുവെച്ചു. ഫെബ്രുവരി 24ന് ഈ തീരുവകള്‍ നിലവില്‍ വരും.

അതേസമയം, കേന്ദ്രസര്‍ക്കാര്‍ യു.എസുമായി ഒപ്പുവെച്ച പുതിയ വ്യാപാര കരാര്‍ പ്രകാരം ഇന്ത്യന്‍ ഉത്പന്നങ്ങള്‍ യു.എസില്‍ ഇറക്കണമെങ്കില്‍ 18 ശതമാനം തീരുവ നല്‍കേണ്ടി വരും. യു.എസ് ഉത്പന്നങ്ങള്‍ ഇന്ത്യയിലെത്തിക്കാന്‍ പൂജ്യം തീരുവയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കൂടാതെ ഇന്ത്യ റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നില്ലെന്ന് ഉറപ്പാക്കുന്ന നിബന്ധനകളും കരാറിലുണ്ടെന്നാണ് വിവരം.

ട്രംപിന്റെ തന്നെ മുന്‍ വാര്‍ത്താസമ്മേളനങ്ങള്‍ ഈ വിവരങ്ങളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. എന്നാല്‍, കരാറിന്റെ വിശദാംശങ്ങള്‍ മാര്‍ച്ചില്‍ മാത്രമെ പുറത്തുവിടൂ എന്ന നിലപാടിലാണ് കേന്ദ്രസര്‍ക്കാര്‍.

ഇതിനിടെ ട്രംപിനെതിരായ കോടതി വിധിയുടെ പശ്ചാത്തലത്തില്‍ യു.എസ്-ഇന്ത്യ വ്യാപാര കരാര്‍ അടിയന്തരമായി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.ഐ.എം രംഗത്തെത്തി.

കഴിഞ്ഞ ഒരു വര്‍ഷമായി ട്രംപ് നടത്തിക്കൊണ്ടിരിക്കുന്ന ഭീഷണികളുടെ നിയമപരമായ അടിത്തറയെയാണ് യു.എസ് കോടതി വിധി തകര്‍ത്തത്.

ഇന്ത്യയുടെ താത്പര്യങ്ങള്‍ പണയപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി എന്തിനാണ് ഈ കരാറില്‍ ഒപ്പിട്ടതെന്നും സി.പി.ഐ.എം പ്രസ്താവനയില്‍ ചോദിച്ചു.

Content Highlight: Court ruling is anti-American, ridiculous; Trump says global tariffs will be 15 percent, not 10

അനിത സി

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more