| Monday, 15th June 2015, 10:17 am

സുഡാന്‍ പ്രസിഡന്റ് ഒമര്‍ അല്‍ ബഷീറിനെ അറസ്റ്റ് ചെയ്യാന്‍ ദക്ഷിണാഫ്രിക്കന്‍ കോടതിയുടെ ഉത്തരവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജൊഹന്നാസ്ബര്‍ഗ്: ആഫിക്കന്‍ യൂണിയന്‍ ഉച്ചകോടിക്കായി ദക്ഷിണാഫ്രിക്കയിലെത്തിയ സുഡാന്‍ പ്രസിഡന്റ് ഒമര്‍ അല്‍ ബഷീറിനെ രാജ്യത്ത് നിന്ന് പുറത്ത് വിടരുതെന്ന് ദക്ഷിണാഫ്രിക്കന്‍ കോടതി ഉത്തരവിട്ടു. ദര്‍ഫുറിലെ യുദ്ധക്കുറ്റങ്ങളുടെ പേരില്‍ അന്താരാഷ്ട്ര ക്രിമിനല്‍ കോടതിക്ക് (ഐ.സി.സി) അദ്ദേഹത്തെ കൈമാറുന്നതിന് വേണ്ടിയാണ് കോടതി ഉത്തരവ്.

ഞായറാഴ്ചയാണ് കോടതി ഉത്തരവ് വന്നിരിക്കുന്നത്. 2009ല്‍ യുദ്ധക്കുറ്റങ്ങളുടെ പേരില്‍ ഒമര്‍ അല്‍ ബഷീറിനെതിരെ അന്താരാഷ്ട്ര ക്രിമിനല്‍ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു.

അന്താരാഷ്ട്ര ക്രിമനല്‍ കോടതി അംഗമാണ് ദക്ഷിണാഫ്രിക്ക. കോടതി അറസ്റ്റ് വാറണ്ട് പ്രഖ്യാപിച്ചതിന് ശേഷം ഐ.സി.സി അംഗ രാഷ്ട്രങ്ങളിലേക്കുള്ള യാത്ര ഒമര്‍ അല്‍ ബഷീര്‍ ഒഴിവാക്കിയിരുന്നു.

അതേ സമയം ഐ.സി.സി അംഗ രാഷ്ട്രമായ നൈജീരിയ 2013ല്‍ അദ്ദേഹത്തെ അറസ്റ്റ് ചെയ്യുന്നതിന് വിസമ്മതിച്ചിരുന്നു.

ഭരണ കക്ഷിയായ ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസ് നല്‍കിയ ഉറപ്പിന്റെ അടിസ്ഥാനത്തില്‍ ശനിയാഴ്ചയാണ് ബഷീര്‍ ദക്ഷിണാഫ്രിക്കയില്‍ എത്തിയത്.

We use cookies to give you the best possible experience. Learn more