| Tuesday, 29th July 2025, 7:10 pm

തെറ്റിദ്ധരിപ്പിക്കും വിധം രേഖകൾ ഹാജരാക്കി; നിവിൻ പോളിക്കെതിരെ പരാതി നൽകിയ നിർമാതാവിനെതിരെ അന്വേഷണം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: കോടതിയെ തെറ്റിദ്ധരിപ്പിക്കും വിധം രേഖകൾ ഹാജരാക്കിയ നിർമാതാവ് പി.എ ഷംനാസിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് കോടതി.  നടൻ നിവിൻ പോളിക്കെതിരെ പരാതി നൽകിയ നിർമാതാവ് ആണ്  പി. എ ഷംനാസ്.

വൈക്കം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് ഇയാൾക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചത്. കോടതിയിൽ വ്യാജ സത്യവാങ്മൂലം നൽകിയതിനും കോടതിയെ തെറ്റിദ്ധരിപ്പിക്കും വിധം രേഖകൾ ഹാജരാക്കിയതിനും എതിരായി ഭാരതീയ ന്യായസംഹിത നിയമം 227 പ്രകാരമാണ് അന്വേഷണം.

ആക്ഷൻ ഹീറോ ബിജു-2 എന്ന ചിത്രവുമായി ബന്ധപ്പെട്ട് 2023ൽ നിവിൻ പോളി, സംവിധായകൻ ഏബ്രിഡ് ഷൈൻ, തലയോലപ്പറമ്പ് സ്വദേശി ഷംനാസ് എന്നിവർ ഒപ്പിട്ട കരാറിൽ സിനിമയുടെ എല്ലാ അവകാശങ്ങളും നിവിൻ പോളിയുടെ നിർമാണ കമ്പനിയായ പോളി ജൂനിയറിനായിരുന്നു. എന്നാൽ ഇക്കാര്യം മറച്ച് വെച്ച് ഫിലിം ചേംബറിൽ നിന്നും ചിത്രത്തിന്റെ പേരിന്റെ അവകാശം ഷംനാസ് സ്വന്തമാക്കുകയും ഇതിനായി നിവിൻ പോളിയുടെ ഒപ്പ് വ്യാജമായി ചേർത്ത രേഖ ഹാജരാക്കുകയും ചെയ്തു. എന്നാൽ പൊലീസ് അന്വേഷണത്തിൽ ഇക്കാര്യങ്ങൾ തെളിഞ്ഞതോടെ ഷംനാസിനെതിരെ പാലാരിവട്ടം പൊലീസ് കേസ് എടുത്തിരുന്നു.

ഫിലിം ചേംബറിൽ നിന്നും കിട്ടിയ രേഖ ഹാജരാക്കി സിനിമയുടെ പൂർണ അവകാശം തനിക്കാണെന്ന് ഷംനാസ് വൈക്കം കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ അവകാശപ്പെട്ടു. ഈ കേസിൽ നിവിൻ പോളിക്കെതിരെ എഫ്.ഐ.ആർ ഇടാനുള്ള ഉത്തരവ് നേടുകയും ചെയ്തിരുന്നു.

ഇതിനായി കോടതിയെ തെറ്റിദ്ധരിപ്പിക്കുന്ന രേഖകളാണ് ഹാജരാക്കിയതെന്ന് ബോധ്യപ്പെട്ടതോടെ ഷംനാസിനെതിരെ അന്വേഷണം പ്രഖ്യാപിക്കുകയായിരുന്നു.

നിവിൻ പോളിക്കെതിരെ എഫ്.ഐ.ആർ ഇടാൻ ഉത്തരവിട്ട അതേ കോടതിയാണ്, കോടതിയെ തെറ്റിദ്ധരിപ്പിച്ചതിന് പ്രാഥമിക തെളിവുകളുടെ അടിസ്ഥാനത്തിൽ ഷംനാസിനെതിരെ ജാമ്യമില്ലാ വകുപ്പിൽ പുതിയ അന്വേഷണം പ്രഖ്യാപിച്ചത്. വ്യാജ ഒപ്പിട്ടതായി തെളിഞ്ഞതോടെ ഫിലിം ചേമ്പറും ഷംനാസിനെതിരെ നടപടികൾ സ്വീകരിക്കും.

നിവിൻ പോളിക്ക് എതിരെ ഷംനാസിൻ്റെ പരാതിയിൽ തലയോലപ്പറമ്പ് പൊലീസ് നേരത്തെ വഞ്ചന കുറ്റത്തിന് കേസ് എടുത്തിരുന്നു. കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ നടൻ നിവിൻ പോളിക്കും സംവിധായകൻ എബ്രിഡ് ഷൈനും തലയോലപ്പറമ്പ് പൊലീസ് നോട്ടീസ് നൽകുകയും ചെയ്‌തു.

കോടതി നിർദേശ പ്രകാരമുള്ള മധ്യസ്ഥതയിൽ പരിഹാരത്തിന് ശ്രമിക്കുന്ന തർക്കമാണ് ഇതെന്നും കോടതി നിർദേശത്തെ ബഹുമാനിക്കാതെയാണ് പരാതിക്കാരൻ അടുത്ത കേസ് നൽകിയിരിക്കുന്നതെന്നുമായിരുന്നു നിവിൻ പോളി പ്രതികരിച്ചത്.

Content Highlight: Court Orders Investigation against PA Shamnas who Filed a case to Nivin Pauly

We use cookies to give you the best possible experience. Learn more