| Thursday, 28th June 2012, 12:24 pm

ഫസല്‍ വധം: കാരായി രാജനേയും ചന്ദ്രശേഖരനേയും സി.ബി.ഐ കസ്റ്റഡിയില്‍ വിട്ടു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: ഫസല്‍ വധക്കേസില്‍ പ്രതികളായ സി.പി.ഐ.എം നേതാക്കളായ കാരായി രാജനേയും ചന്ദ്രശേഖരനേയും പോലീസ് കസ്റ്റഡിയില്‍ വിട്ടുകൊണ്ട് കോടതി ഉത്തരവ്. ഏറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്.  ഇരുവരെയും നാളെ കോടതിയില്‍ ഹാജരാക്കിയശേഷം സി.ബി.ഐയ്ക്ക് കൈമാറും.

ഇവരെ കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്നും ആവശ്യപ്പെട്ട് സി.ബി.ഐ നല്‍കിയ ഹരജി പരിഗണിക്കുകയായിരുന്നു കോടതി. ഫസല്‍ വധക്കേസില്‍ ഇനിയും രണ്ട് പ്രതികളെക്കൂടി തിരിച്ചറിയാനുണ്ടെന്നും അതിനാല്‍ ഇവരെ കസ്റ്റഡിയില്‍ വിട്ടുതരണമെന്നും  സി.ബി.ഐ ആവശ്യപ്പെട്ടു. പ്രതികള്‍ ദൗത്യത്തിനുപയോഗിച്ച മോട്ടോര്‍ ബൈക്ക് കണ്ടുകിട്ടാനുണ്ടെന്നും സി.ബി.ഐ അറിയിച്ചു.

അതേസയമം, പ്രതികളെ എത്രദിവസം കസ്റ്റഡിയില്‍ വിടുന്നു എന്ന കാര്യം സി.ബി.ഐ വ്യക്തമാക്കിയിട്ടില്ല. നാളെ പ്രതികളെ കോടതിയില്‍ ഹാജരാക്കിയശേഷമായിരുക്കും.ഇത് സംബന്ധിച്ച് കോടതി വിവരം നല്‍കുക.

ഫസലിനെ കൊലപ്പെടുത്തിയതിന്റെ ബുദ്ധികേന്ദ്രം സി.പി.ഐ.എം നേതാക്കളായ കാരായി രാജനും ചന്ദ്രശേഖരനുമാണെന്ന് സി.ബി.ഐ നേരത്തെ പറഞ്ഞിരുന്നു. കോടതിയില്‍ സമര്‍പ്പിച്ച കേസന്വേഷണ റിപ്പോര്‍ട്ടിലാണ് സി.ബി.ഐ ഇക്കാര്യം വ്യക്തമാക്കിയത്.

2006 ഒക്ടോബര്‍ 22 ന് പുലര്‍ച്ചെയാണ് എന്‍.ഡി.എഫ് പ്രവര്‍ത്തകനായ മുഹമ്മദ് ഫസല്‍ (35) തലശേരി മാടപ്പീടികയ്ക്ക് സമീപം വെച്ച് വെട്ടേറ്റു മരിച്ചത്. സംഭവത്തിന് പിന്നില്‍ ആര്‍.എസ്.എസുകാരാണെന്നായിരുന്നു ആദ്യം ആരോപണം ഉയര്‍ന്നത്. സി.ബി .ഐ നടത്തിയ അന്വേഷണത്തിലാണ് സംഭവത്തിന് പിന്നില്‍ സി.പി.ഐ.എം ആണെന്ന് കണ്ടെത്തിയത്.

ഫസലിന്റെ ഭാര്യയുടെ ഹരജിയെ തുടര്‍ന്ന് ഹൈക്കോടതി ഉത്തരവനുസരിച്ചാണ് കേസ് സി.ബി.ഐ ഏറ്റെടുത്തത്. ഫസല്‍ സി.പി.ഐ.എം വിട്ട് എന്‍.ഡി.എഫിലേക്ക് മാറിയതാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്ന് സി.ബി.ഐ കോടതിയില്‍ വ്യക്തമാക്കിയിരുന്നു.

സി.പി.ഐ.എം  തലശേരി ഏരിയാ സെക്രട്ടറിയായിരുന്നു കാരായി രാജന്‍, സി.പി.ഐ.എം തലശേരി തിരുവങ്ങാട് ലോക്കല്‍ സെക്രട്ടറിയാണ് കാരായി ചന്ദ്രശേഖരന്‍. സി.പി.ഐ.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം കൂടിയായ കാരായി രാജനെ കേസിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ മാര്‍ച്ചില്‍ ഏരിയാ സെക്രട്ടറി സ്ഥാനത്തു നിന്നും മാറ്റിയിരുന്നു.

We use cookies to give you the best possible experience. Learn more