| Monday, 13th July 2026, 2:49 pm

ബി.ജെ.പിക്ക് ആശ്വസിക്കാം; സുഗതന് ജയിലില്‍ സത്യപ്രതിജ്ഞ ചെയ്യാന്‍ കോടതി അനുമതി

ആദർശ് എം.കെ.

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ ബി.ജെ.പി കൗണ്‍സിലര്‍ ആര്‍. സുഗതന്റെ സത്യപ്രതിജ്ഞ നാളെ (ചൊവ്വാഴ്ച) രാവിലെ 11 മണിക്ക് വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ വെച്ച് നടക്കും. ആര്‍. സുഗതന്‍ സമര്‍പ്പിച്ച ഹരജിയിലാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ അനുകൂല ഉത്തരവ് പുറത്തുവന്നിരിക്കുന്നത്.

സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കുന്നതിനായി തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സില്‍ ഹാളില്‍ എത്താന്‍ അനുമതി നല്‍കണമെന്നായിരുന്നു സുഗതന്റെ പ്രാഥമിക ആവശ്യം. എന്നാല്‍, കാപ്പ (KAAPA) നിയമപ്രകാരം കരുതല്‍ തടങ്കലില്‍ കഴിയുന്ന പ്രതിയായതിനാല്‍ സുഗതനെ ജയിലിന് പുറത്തുവിടാന്‍ കഴിയില്ലെന്ന് ആഭ്യന്തര വകുപ്പും സംസ്ഥാന സര്‍ക്കാരും കോടതിയെ അറിയിച്ചു.

ഇതേത്തുടര്‍ന്ന് ജയിലില്‍ വെച്ച് സത്യപ്രതിജ്ഞ നടത്തുന്നതിനെക്കുറിച്ച് കോടതി ആരാഞ്ഞപ്പോള്‍, അതിന് തടസമില്ലെന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. ഈ സാഹചര്യത്തിലാണ് വിയ്യൂര്‍ ജയിലിനുള്ളില്‍ വെച്ച് ചടങ്ങ് നടത്താന്‍ ഹൈക്കോടതി ഉത്തരവിട്ടത്.

ചടങ്ങില്‍ പരിമിതമായി അക്രഡിറ്റേഷന്‍ ഉള്ള മാധ്യമപ്രവര്‍ത്തകര്‍ക്ക് പ്രവേശനം അനുവദിക്കുമെന്നും കോടതി സൂചിപ്പിച്ചിട്ടുണ്ട്.

ഈ കേസിനെ ‘അസാധാരണ സാഹചര്യം’ എന്നാണ് ഹൈക്കോടതി വിശേഷിപ്പിച്ചത്. സുഗതന് സത്യപ്രതിജ്ഞ ചെയ്യാന്‍ സാധിച്ചില്ലെങ്കില്‍ കോര്‍പ്പറേഷനിലെ ഭരണം നഷ്ടപ്പെടുമോ എന്ന് കോടതി ചോദിച്ചിരുന്നു.

ജനങ്ങള്‍ തെരഞ്ഞെടുത്ത പ്രതിനിധിയാണെന്ന വസ്തുത അംഗീകരിക്കണമെന്നും, തെരഞ്ഞെടുപ്പിന് മുന്‍പുള്ള കേസുകളുടെ പേരിലല്ലേ സുഗതനെതിരെ കാപ്പ ചുമത്തിയതെന്നും കോടതി സര്‍ക്കാരിനോട് ചോദിച്ചു.

കാപ്പ തടവുകാരന് ഭരണഘടനാപരമായ അവകാശങ്ങള്‍ ഇല്ലെന്നായിരുന്നു സര്‍ക്കാര്‍ ആദ്യം കോടതിയില്‍ അറിയിച്ചത്. സുഗതനെ ജയിലില്‍ നിന്ന് പുറത്തുവിടാന്‍ കഴിയില്ലെന്ന് വ്യക്തമാക്കിയ ആഭ്യന്തര വകുപ്പ്, എന്നാല്‍ കോടതി നിര്‍ദേശിക്കുകയാണെങ്കില്‍ ജയിലിനുള്ളില്‍ സത്യപ്രതിജ്ഞയ്ക്കുള്ള സൗകര്യങ്ങള്‍ ഒരുക്കാമെന്ന് സമ്മതിക്കുകയായിരുന്നു.

നേരത്തെ, ചട്ടവിരുദ്ധമായി ദൈവങ്ങളുടെ പേരില്‍ സത്യപ്രതിജ്ഞ ചെയ്തതിനെത്തുടര്‍ന്ന് ഹൈക്കോടതി സത്യപ്രതിജ്ഞ റദ്ദാക്കിയ 20 കൗണ്‍സിലര്‍മാരില്‍ ഒരാളാണ് സുഗതന്‍. കഴിഞ്ഞ ജൂണ്‍ ഒമ്പത് മുതല്‍ കാപ്പ ചുമത്തി നാടുകടത്തപ്പെട്ട ബി.ജെ.പി നേതാവ് നിലവില്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലാണ്.

നിശ്ചിത സമയത്തിനുള്ളില്‍ സത്യപ്രതിജ്ഞ ചെയ്തില്ലെങ്കില്‍ കൗണ്‍സിലര്‍ സ്ഥാനത്തുനിന്ന് സുഗതന്‍ അയോഗ്യനാക്കപ്പെടുമായിരുന്നു. ബി.ജെ.പിക്ക് കോര്‍പ്പറേഷന്‍ ഭരണം തന്നെ നഷ്ടപ്പെടാന്‍ പോലും ഇത് വഴിയൊരുക്കുമായിരുന്നു.

Content Highlight: Court grants permission to Thiruvananthapuram BJP councilor Sugathan to take the oath of office in jail.

ആദർശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more