| Friday, 17th January 2025, 11:11 am

ഷാരോണ്‍ വധത്തില്‍ ഗ്രീഷ്മ കുറ്റക്കാരിയെന്ന് കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: പാറശ്ശാല ഷാരോണ്‍ കൊലപാതകത്തില്‍ പ്രതിയായ ഗ്രീഷ്മ കുറ്റവാളി. നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി എം.എം. ബഷീറാണ് വിധി പുറപ്പെടുവിച്ചത്.

95 സാക്ഷികളെ വിസ്തരിച്ചതിന് ശേഷമാണ് കോടതി വിധി. ശിക്ഷാവിധി നാളെ ഉണ്ടാകും. കഷായത്തില്‍ കീടനാശിനി നല്‍കി ഷാരോണിനെ കൊലപ്പെടുത്തിയെന്നാണ് കേസ്.

വിഷം കൊടുത്താണ് ഷാരോണിനെ ഗ്രീഷ്മ കൊലപ്പെടുത്തിയതെന്ന് കോടതിയില്‍ തെളിഞ്ഞു. മൂന്നാംപ്രതിയായ ഗ്രീഷ്മയുടെ അമ്മാവന്‍ നിര്‍മല കുമാരന്‍ നായര്‍ കേസിലെ കുറ്റക്കാരനാണെന്നും കോടതി കണ്ടെത്തി.

അതേസമയം കേസിലെ രണ്ടാംപ്രതിയായ ഗ്രീഷ്മയുടെ അമ്മ സിന്ധുവിനെതിരായ കുറ്റം പ്രോസിക്യൂഷന് തെളിയിക്കാനായില്ല.

ഷാരോണ്‍ കഷായം കുടിക്കുന്നതും ഗ്രീഷ്മ വിഷം കലർത്തുന്നതും നേരിട്ട് കാണാത്ത സാക്ഷികളുടെ അഭാവത്തില്‍, ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രോസിക്യൂഷന്‍ വാദം നടത്തിയത്.

കീടനാശിനിയുടെ പാര്‍ശ്വഫലങ്ങള്‍ സംബന്ധിച്ച് ഗൂഗിളില്‍  ഗ്രീഷ്മ നടത്തിയ സെര്‍ച്ചുകള്‍, വാട്‌സ്ആപ്പ് ചാറ്റുകള്‍ ഉള്‍പ്പെടെയുള്ള ഡിജിറ്റല്‍ തെളിവുകളാണ് പ്രോസിക്യൂഷന്‍ ഹാജരാക്കിയത്.

2022 ഒക്ടോബര്‍ 14നാണ് ഗ്രീഷ്മ നല്‍കിയ കഷായം ഷാരോണ്‍ കുടിച്ചത്. ദേഹസ്വാസ്ഥ്യമുണ്ടായതിനെ തുടര്‍ന്ന് ഷാരോണിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും 11 ദിവസത്തിന് ശേഷം ഷാരോണ്‍ മരിക്കുകയുമായിരുന്നു.

മജിസ്‌ട്രേറ്റിന് നല്‍കിയ മരണമൊഴിയില്‍ ഗ്രീഷ്മക്കെതിരെ ഷാരോണ്‍ ഒന്നും പറഞ്ഞിരുന്നില്ല. എന്നാല്‍ സുഹൃത്തിനോടും പിതാവിനോടും ചതി നടന്നുവെന്ന രീതിയില്‍ ഷാരോണ്‍ സംസാരിച്ചുവെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം.

തുടര്‍ന്ന് ലഭിച്ച ശാസ്ത്രീയ തെളിവുകള്‍ കേസില്‍ നിര്‍ണായകമാകുകയായിരുന്നു. പിന്നാലെ നടന്ന ചോദ്യം ചെയ്യലില്‍ ഗ്രീഷ്മ കുറ്റം സമ്മതിക്കുകയും ചെയ്തു.

നിലവിൽ ഗ്രീഷ്മ ജാമ്യത്തിലാണ്. ഇന്ന് (വെള്ളി) തന്നെ ഗ്രീഷ്മക്കെതിരായ നടപടികൾ ആരംഭിക്കുമെന്നാണ് വിവരം. ഷാരോണ്‍ വധക്കേസില്‍ 2024 ഒക്ടോബര്‍ 15ന് തുടങ്ങിയ വിചാരണ 2025 ജനുവരി മൂന്നിനാണ് അവസാനിച്ചത്.

കോടതി വിധിയില്‍ അപ്പീല്‍ പോകുമെന്ന് ഗ്രീഷ്മയുടെ മാതാപിതാക്കള്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

Content Highlight: Court finds Ghreeshma guilty in Sharon’s murder

We use cookies to give you the best possible experience. Learn more