| Thursday, 13th March 2014, 5:21 pm

നിക്ഷേപതട്ടിപ്പ് കേസ്: സുബ്രതോ റോയിക്ക് സുപ്രിംകോടതി ജാമ്യം നിഷേധിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

[share]

[] ന്യൂദല്‍ഹി: നിക്ഷേപകരുടെ പണം തട്ടിപ്പ് കേസില്‍ സഹാറ ഗ്രൂപ്പ് മേധാവി സുബ്രതോ റോയിക്ക് സുപ്രിംകോടതി ജാമ്യം നിഷേധിച്ചു. ജാമ്യാപേക്ഷ നിഷേധിച്ച സാഹചര്യത്തില്‍ സുബ്രതോ റോയിക്ക് തീഹാര്‍ ജയിലില്‍ കഴിയേണ്ടിവരും.

എന്നാല്‍ നിക്ഷേപകര്‍ക്ക് പണം തിരിച്ചുനല്‍കാന്‍ തയ്യാറായാല്‍ ജാമ്യാപേക്ഷ പരിഗണിക്കാമെന്ന് സുപ്രിംകോടതി വ്യക്തമാക്കി. സുബ്രതോയും സഹാറയുടെ രണ്ട് ഡയറക്ടര്‍മാരും കഴിഞ്ഞ മാസം നാല് മുതല്‍ തീഹാര്‍ ജയിലിലാണ്. തന്നെ അന്യായമായി കോടതി തടവില്‍വച്ചിരിക്കുകയാണെന്ന് സുബ്രതോ ആരോപിച്ചു

ഫെബ്രുവരി 28 നാണ് 65 കാരനായ സുബ്രതോയെ പൊലീസ് അറസ്റ്റ് ചെയ്തത്. നിക്ഷേപകര്‍ക്ക് 20,000 കോടി രൂപ മടക്കി നല്‍കണമെന്ന ഉത്തരവ് പാലിക്കാത്തതിനാല്‍ നേരിട്ട് ഹാജരാകാന്‍ സുബ്രതോ റോയിയോട് സുപ്രിംകോടതി ഉത്തരവിട്ടിരുന്നു. ഇത് അനുസരിക്കാത്തതിനെത്തുടര്‍ന്ന് ജാമ്യമില്ലാവാറന്റ് പുറപ്പെടുവിക്കുകയായിരുന്നു.

സഹാറ ഗ്രൂപ്പിന് കീഴിലെ കമ്പനികളായ സഹാറ ഇന്ത്യ റിയല്‍ എസ്‌റ്റേറ്റ് കോര്‍പ്പറേഷന്‍, സഹാറ ഹൗസിങ് ഇന്‍വെസ്റ്റ്‌മെന്റ് കോര്‍പ്പറേഷന്‍ എന്നിവയാണ് ഓഹരി വിപണി നിയന്ത്രണ ബോര്‍ഡായ സെബിയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ച് 24,000 കോടി രൂപ നിക്ഷേപകരില്‍ നിന്ന് പിരിച്ചത്. ഇത് തിരിച്ചു നല്‍കാന്‍ ജസ്റ്റിസ് കെ. എസ്. രാധാകൃഷ്ണന്റെ അധ്യക്ഷതയിലുള്ള ബെഞ്ച് നിര്‍ദേശിച്ചിരുന്നു.

2008, 2009ലാണ് സഹാറ ഇന്ത്യ റിയല്‍ എസ്‌റ്റേറ്റ് കോര്‍പ്പറേഷന്‍, സഹാറ ഹൗസിങ് ഇന്‍വെസ്റ്റ്‌മെന്റ് കോര്‍പ്പറേഷന്‍ എന്നീ കമ്പനികളുടെ പേരില്‍  നിക്ഷേപം സമാഹരിച്ചത്. ഓഹരികളാക്കി മാറ്റാവുന്ന കടപത്രങ്ങളുടെ വില്‍പ്പനയിലൂടെ 2.3 കോടി ചെറുകിട നിക്ഷേപകരില്‍ നിന്നാണ് സഹാറ നിക്ഷേപം സ്വീകരിച്ചത്. സെബിയുടെ അനുമതിയില്ലാതെയായിരുന്നു നിക്ഷേപസമാഹരണം.

Latest Stories

We use cookies to give you the best possible experience. Learn more