| Monday, 12th January 2026, 3:13 pm

നടിയെ ആക്രമിച്ച കേസിലെ അഭിഭാഷകയ്ക്ക് കോടതിയുടെ വിമർശനം; വ്യക്തിപരമായ അധിക്ഷേപമെന്ന് ടി.ബി മിനി

ശ്രീലക്ഷ്മി എ.വി.

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ അഭിഭാഷകയ്ക്ക് വിചാരണ കോടതിയുടെ രൂക്ഷ വിമർശനം. കോടതിയലക്ഷ്യ ഹരജികൾ പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ വിമർശനം.

പത്ത് ദിവസത്തിൽ താഴെ മാത്രമാണ് അഭിഭാഷക കോടതിയിൽ എത്തിയതെന്നും വിശ്രമ സ്ഥലം എന്ന രീതിയിലാണ് കോടതിയിൽ എത്തുന്നതെന്നും കോടതി പറഞ്ഞു.

അരമണിക്കൂറിൽ താഴെ മാത്രമാണ് കോടതിയിലുണ്ടാവാറുള്ളതെന്നും
ആ സമയം ഉറങ്ങുകയാണ് പതിവെന്നും കോടതി വിമർശിച്ചു. അതിജീവിതയുടെ അഭിഭാഷക ഇന്നും ഹാജരായില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

എന്നാൽ ജഡ്ജി നടത്തിയത് വ്യക്തിപരമായ ആക്ഷേപമാണെന്നും വിചാരണ കോടതിയിൽ തനിക്ക് കാര്യമായ റോളില്ലെന്നും അഭിഭാഷക ടി.ബി മിനി മനോരമ ന്യൂസിനോട് പ്രതികരിച്ചു.

‘കേസിന്റെ ട്രയലും ഡിസ്‌കോഴ്‌സും കഴിഞ്ഞു. പിന്നെ താൻ എത്തേണ്ട കാര്യമെന്താണ്. ഇത് വേറൊരു കേസാണ്. അതിൽ എന്റെ ജൂനിയർ ഹാജരായിരുന്നു. ഞാൻ ഹൈക്കോടതിയിൽ എൻഗേജ്ഡാണ്. ഇത് വ്യക്തിപരമായി നടത്തുന്ന അധിക്ഷേപമാണ്,’ ടി.ബി മിനി പറഞ്ഞു.

വക്കീലന്മാർ പലതും പറയും എന്നാൽ കോടതി ഒരിക്കലും ഇങ്ങനെയൊന്നും പറയാൻ പാടില്ലെന്നുമാണ് തന്റെ അഭിപ്രായമെന്നും അവർ കൂട്ടിച്ചേർത്തു.

വിമർശനം ഒരു തരത്തിലും ശരിയല്ലാത്ത കാര്യമാണെന്നും അത്രയും ശ്രദ്ധയോടുകൂടി കേസ് കേൾക്കുന്നൊരാളാണ് താനെന്നും, താൻ ഉറങ്ങാറില്ലെന്നും അവർ വ്യക്തമാക്കി.

പരമാവധി ദിവസങ്ങളിൽ താൻ ഹാജരാകാറുണ്ടെന്നും ജില്ലാ കോടതികളിൽ ഹാജരായത് മാർക്ക് ചെയ്യാനുള്ള സംവിധാനങ്ങളൊന്നുമില്ലെന്നും അവർ പറഞ്ഞു.

ഒരു അഡ്വക്കേറ്റ് അവരുടെ ജൂനിയറെ കോടതിയിൽ പറഞ്ഞുവിട്ടെന്നുള്ളത് തല പോകുന്ന കേസൊന്നുമല്ലെന്നും അവർ കൂട്ടിച്ചേർത്തു.

നടിയെ ആക്രമിച്ച കേസിൽ വിധി പറയുന്ന ദിവസവും ദിലീപ് കുറ്റക്കാരനാണെന്ന് പറയുന്ന ദിവസവും താൻ അവിടെ ഉണ്ടായിരുന്നെന്നും അവർ പറഞ്ഞു.

ഏതെങ്കിലും തരത്തിലുള്ള വാദങ്ങളോ ഹിയറിങ്ങോ ഉണ്ടോയെന്ന, പ്രോസിക്യൂഷന്റെ അഭിപ്രായം മാത്രമാണ് കോടതി ചോദിച്ചതെന്നും വിക്‌ടിം ലോയറിന്റെ അഭിപ്രായം ചോദിച്ചിട്ടില്ലെന്നും കോടതി അനുവാദം താരതെ തനിക്ക് പറയാനുള്ള അവകാശമില്ലെന്നും അവർ വ്യക്തമാക്കി. അതാണ് കോടതിയിൽ നടന്നതെന്നും അവർ കൂട്ടിച്ചേർത്തു.

Content Highlight: Court criticizes lawyer in actress attack case; Lawyer says it is a personal insult

ശ്രീലക്ഷ്മി എ.വി.

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. തിരൂര്‍ തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാലയില്‍ നിന്ന് ജേര്‍ണലിസത്തില്‍ ബിരുദാന്തര ബിരുദം.

We use cookies to give you the best possible experience. Learn more