വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വൈറ്റ് ഹൗസില്‍ പ്രവേശിക്കുന്നതില്‍ നിന്ന് വിലക്കിയ മൂന്ന് മാധ്യമസ്ഥാപനങ്ങള്‍ക്ക് പ്രവേശനം പുനസ്ഥാപിക്കാന്‍ ഫെഡറല്‍ കോടതി ഉത്തരവ്.
സി.എന്‍.എന്‍, എം.എസ്. നൗ, പൊളിറ്റിക്കോ എന്നീ മാധ്യമസ്ഥാപനങ്ങളിലെ മാധ്യമപ്രവര്‍ത്തകരുടെ വൈറ്റ് ഹൗസ് പ്രവേശനം തടഞ്ഞ നടപടി ഭരണഘടനാവിരുദ്ധമാകാന്‍ സാധ്യതയുണ്ടെന്ന് യു.എസ് ഫെഡറല്‍ ജഡ്ജി ടിം കെല്ലി പറഞ്ഞതായി വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
വിലക്കിനെതിരെ മൂന്ന് മാധ്യമസ്ഥാപനങ്ങളും നല്‍കിയ ഹരജിയിലാണ് കോടതി ഉത്തരവ്. മാധ്യമപ്രവര്‍ത്തകരുടെ വൈറ്റ് ഹൗസ് പ്രസ് പാസുകള്‍ ഉടന്‍ തിരികെ നല്‍കണമെന്നും വിലക്ക് നടപ്പാക്കുന്നത് 14 ദിവസത്തേക്ക് തടയണമെന്നും കോടതി ഉത്തരവിട്ടു.
വിലക്കിന് മുമ്പ് മാധ്യമസ്ഥാപനങ്ങള്‍ക്ക് മതിയായ അറിയിപ്പുകളോ തങ്ങളുടെ ഭാഗം വിശദീകരിക്കാനുള്ള അവസരമോ നല്‍കിയിരുന്നില്ലെന്ന കാര്യവും കോടതി ചൂണ്ടിക്കാട്ടി.
മാധ്യമസ്ഥാപനങ്ങളുടെ റിപ്പോര്‍ട്ടിങ്ങിനെ ട്രംപ് വിമര്‍ശിക്കുകയും അവ ‘തെറ്റായ വാര്‍ത്തകളും കള്ളങ്ങളും’ പ്രചരിപ്പിക്കുന്നുവെന്ന് ആരോപിക്കുകയും ചെയ്തിരുന്നു. അതേസമയം, മാധ്യമപ്രവേശനം തടയാനുള്ള തീരുമാനത്തെ ദേശീയ സുരക്ഷാ കാരണങ്ങളാല്‍ ന്യായീകരിക്കാനാണ് ട്രംപ് ഭരണകൂടം കോടതിയില്‍ ശ്രമിച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
എന്നാല്‍ ദേശീയ സുരക്ഷ സംരക്ഷിക്കുന്നതിനായി ഈ മാധ്യമങ്ങളുടെ പ്രസ് പാസുകള്‍ റദ്ദാക്കേണ്ടതുണ്ടെന്ന വാദത്തിന് മതിയായ വസ്തുതാപരമായ പിന്തുണ രേഖകളില്‍ കാണുന്നില്ലെന്ന് ജഡ്ജി കെല്ലി വ്യക്തമാക്കി.
അമേരിക്കന്‍ ഭരണഘടനയിലെ മാധ്യമസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട ഒന്നാം ഭേദഗതിയും നടപടിക്രമപരമായ അവകാശങ്ങളും ലംഘിക്കപ്പെട്ടുവെന്നാണ് മാധ്യമസ്ഥാപനങ്ങളുടെ വാദം.
വൈറ്റ് ഹൗസ് പ്രവേശനം റദ്ദാക്കുന്നതിന് മുമ്പ് മാധ്യമപ്രവര്‍ത്തകര്‍ക്ക് വിശദീകരണം നല്‍കാനും തീരുമാനത്തെ ചോദ്യം ചെയ്യാന്‍ അവസരം നല്‍കേണ്ടതുണ്ടെന്ന മുന്‍ കോടതി വിധികളും ജഡ്ജി പരിഗണിച്ചു.
സെപ്റ്റംബര്‍ 18നാണ് മൂന്ന് മാധ്യമങ്ങള്‍ക്കെതിരെ വൈറ്റ് ഹൗസ് പ്രവേശനം ട്രംപ് ഭരണകൂടം വിലക്കിയത്.
Content Highlights: Court blocks Trump’s media ban; orders immediate restoration of White House access for three media outlets.