| Saturday, 4th July 2026, 10:11 am

1,454 അടി ഉയരത്തിൽ ഒരു വിവാഹാഭ്യർത്ഥന; ഒടുവിൽ അറസ്റ്റ്! പ്രണയത്തിന്റെ ഒരു പവറേ!

കെ.എസ് ഷാബിന

ജീവിതത്തിൽ എന്നും ഓർത്തുവെക്കാൻ ആഗ്രഹിക്കുന്ന ഒന്നാണ് പ്രണയനിമിഷങ്ങൾ. അത് ആദ്യമായി പങ്കുവെക്കുന്ന നിമിഷം അത്രമേൽ മനോഹരവും വ്യത്യസ്തവുമാക്കാൻ പ്രണയിതാക്കൾ ശ്രമിക്കാറുണ്ട്. എന്നാൽ ഇവിടെ രണ്ട് റഷ്യൻ പ്രണയിതാക്കൾ തങ്ങളുടെ വിവാഹാഭ്യർത്ഥനയ്ക്കായി തെരഞ്ഞെടുത്തത് ലോകത്തിലെ തന്നെ ഏറ്റവും ഉയരം കൂടിയ കെട്ടിടങ്ങളിൽ ഒന്നായ ന്യൂയോർക്കിലെ എമ്പയർ സ്റ്റേറ്റ് ബിൽഡിങ്ങിന്റെ ഏറ്റവും മുകൾഭാഗമാണ്.

ന്യൂജേഴ്‌സിയിൽ ഒന്നിച്ച് താമസിക്കുന്ന റഷ്യൻ സ്വദേശികളായ ഇവാൻ ബീർകസ് (32) ആഞ്ചല നിക്കോളാവ് (33) എന്നിവരാണ് ഈ അതിസാഹസിക പ്രണയ ജോഡികൾ. യാതൊരുവിധ സുരക്ഷാ മുൻകരുതലുകളും കൂടാതെ, ജൂലൈ ഒന്നിനാണ് ഇവർ 1,454 അടി (443 മീറ്റർ) ഉയരമുള്ള എമ്പയർ സ്റ്റേറ്റ് ബിൽഡിങ്ങിന്റെ ബ്രോഡ്‌കാസ്റ്റ് ആന്റിനയുടെ ഏറ്റവും മുകളിൽ കയറിയത്.

ഇവാൻ ബീർകസ്,ആഞ്ചല നിക്കോളാവ്;Photo;Screengrab/Instagram

കറുത്ത വസ്ത്രങ്ങൾ ധരിച്ചെത്തിയ ഇവാൻ, കെട്ടിടത്തിന്റെ അഗ്രത്തു വെച്ച് മുട്ടുകുത്തി നിന്ന് ആഞ്ചലയ്ക്ക് മോതിരം സമ്മാനിച്ചുകൊണ്ട് വിവാഹാഭ്യർത്ഥന നടത്തി. ആഞ്ചല ഉടൻ തന്നെ സമ്മതം അറിയിക്കുകയും ചെയ്തു.

വിവാഹാഭ്യർത്ഥനയ്ക്ക് ശേഷം ഇരുവരും ചേർന്ന് ഒരു ബാനർ അവിടെ ഉയർത്തിപ്പിടിച്ചു. പത്തൊൻപതാം നൂറ്റാണ്ടിലെ പ്രശസ്ത ബ്രിട്ടീഷ് രാഷ്ട്രീയക്കാരനായ വില്യം ഗ്ലാഡ്‌സ്റ്റോണിന്റെ പ്രശസ്തമായ ‘പ്രണയത്തിന്റെ ശക്തി അധികാരത്തോടുള്ള സ്നേഹത്തെ കീഴടക്കുമ്പോൾ, ലോകം സമാധാനത്തെ അറിയുന്നു’ ഈ വരികളാണ് അതിൽ എഴുതിയിരുന്നത്.

ഇവാൻ ബീർകസ്,ആഞ്ചല നിക്കോളാവ്;Photo;Screengrab/Instagram

സാഹസികതയൊക്കെ വൻ വിജയമായിരുന്നെങ്കിലും കഥ അവിടെ തീർന്നില്ല. താഴെയിറങ്ങിയ ഉടൻ തന്നെ സുരക്ഷാ ലംഘനം നടത്തിയതിന് ന്യൂയോർക്ക് പൊലീസ് ഇവരെ അറസ്റ്റ് ചെയ്തു. ഇവർക്കെതിരെ മോഷണം, അശ്രദ്ധമായി അപായപ്പെടുത്തൽ എന്നിവയുൾപ്പെടെ നിരവധി ക്രിമിനൽ കുറ്റങ്ങൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തത്.

ഇവാൻ ബീർകസ്,ആഞ്ചല നിക്കോളാവ്;Photo;Screengrab/Instagram

ലോവർ മാൻഹട്ടൻ ക്രിമിനൽ കോടതിക്ക് സമീപമുള്ള പ്രത്യേക സെല്ലുകളിൽ അന്ന് രാത്രി അവർ കസ്റ്റഡിയിൽ കഴിഞ്ഞ ശേഷം ബുധനാഴ്ച എംപയർ സ്റ്റേറ്റ് കെട്ടിടത്തിന്റെ മുകളിൽ കയറിയ ദമ്പതികളെ വ്യാഴാഴ്ച കോടതിയിൽ ഹാജരാക്കിയതിന് ശേഷം മേൽനോട്ടത്തിൽ വിട്ടയച്ചു.

സോഷ്യൽ മീഡിയയിൽ ഇവർ ‘റൂഫ്‌ടോപ്പേഴ്‌സ്’ എന്നാണ് അറിയപ്പെടുന്നത്. മുൻപും ഇരുവരും സമാന രീതിയിൽ ലോകത്തിലെ പ്രശസ്തമായ പല അംബരചുംബികളായ കെട്ടിടങ്ങളുടെയും മുകളിൽ കയറി ഞെട്ടിച്ചിട്ടുണ്ട്.

Content Highlights:couples proposal at Newyork Empire State tower

കെ.എസ് ഷാബിന

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. മഹാത്മാഗാന്ധി സര്‍വ്വകലാശാലയില്‍ നിന്നും ജേണലിസത്തില്‍ ബിരുദം.

We use cookies to give you the best possible experience. Learn more