| Thursday, 29th January 2026, 11:50 am

രാജ്യത്തിന്റെ വളർച്ചയും സുരക്ഷയും പ്രധാനം; ചൈനയുമായി അടുത്ത ബന്ധം ആഗ്രഹിക്കുന്നു: കെയർ സ്റ്റാമർ

ശ്രീലക്ഷ്മി എ.വി.

ബീജിങ്: രാജ്യത്തിന്റെ വളർച്ചയും സുരക്ഷയും വർധിപ്പിക്കുന്നതിനായി ചൈനയുമായി അടുത്ത ബന്ധം ആഗ്രഹിക്കുന്നുവെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാമർ.

ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി വ്യാഴാഴ്ച ഗ്രേറ്റ് ഹാൾ ഓഫ് ദി പീപ്പിളിൽ നടന്ന കൂടികാഴ്ചയ്ക്കിടെയായിരുന്നു ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ പരാമർശം.

സാമ്പത്തിക സേവന എക്സിക്യൂട്ടീവുകൾ, ബ്രിട്ടീഷ് സാംസ്‌കാരിക വിദഗ്ധർ, നിർമാണ രംഗത്തെ പ്രമുഖർ എന്നിവരടങ്ങുന്ന സംഘത്തോടൊപ്പമാണ് കെയർ സ്റ്റാമറുടെ ചൈനീസ് സന്ദർശനം.

ഒരു ബ്രിട്ടീഷ് പ്രധാനമന്ത്രി ചൈന സന്ദർശിച്ചിട്ട് വളരെക്കാലമായെന്ന് സ്റ്റാമർ ഷി ജിൻപിങ്ങിനോട് പറഞ്ഞു.
18 മാസം മുമ്പ് തങ്ങൾ അധികാരത്തിൽ വന്നപ്പോൾ, ബ്രിട്ടനെ ലോകത്തിന് മുന്നിൽ വീണ്ടും സജീവമാക്കുമെന്ന് താൻ വാഗ്ദാനം നൽകിയിരുന്നെന്നും അദ്ദേഹം പറഞ്ഞു.

ആഗോളവേദിയിൽ ചൈന ഒരു സുപ്രധാന ഘടകമാണെന്നും കൂടുതൽ സങ്കീർണമായ ബന്ധം കെട്ടിപ്പടുത്തേണ്ടത് അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം വ്യക്തമാക്കി.

രാജ്യത്തിന് പുരോഗതി കൈവരിക്കാൻ കഴിയുമെന്ന് താൻ പ്രതീക്ഷിക്കുന്നുവെന്നും ഇരുരാജ്യങ്ങൾക്കും വിയോജിപ്പുള്ള മേഖലകളിൽ വ്യക്തമായ ആശയവിനിമയം ആവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.

ബ്രിട്ടീഷ് ജനതയെ മനസിൽ വെച്ചുകൊണ്ടാണ് താൻ ഇവിടെ നിൽക്കുന്നതെന്നും ചൈനയുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ സാമ്പത്തിക നേട്ടങ്ങൾ ചൂണ്ടിക്കാട്ടി സ്റ്റാമർ പറഞ്ഞു.

വിദേശത്തുനടക്കുന്ന സംഭവങ്ങൾ നമ്മുടെ മാതൃരാജ്യങ്ങളിലെ എല്ലാ കാര്യങ്ങളെയും ബാധിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഷി ജിൻപിങ്ങുമായുള്ള ബന്ധം നിലനിർത്തുന്നതിനൊപ്പം ബാങ്കിങ് മേഖലകളിൽ കയറ്റുമതി വർധിപ്പിക്കാനുള്ള പദ്ധതികൾ ആലോചിക്കുകയാണെന്നും ചൈനയിലേക്കുള്ള യാത്രക്കിടെ അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.

വ്യാപാര തീരുവകൾ ഏർപ്പെടുത്തുമെന്ന യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഇടയ്ക്കിടെയുള്ള ഭീഷണികളും ഡെൻമാർക്കിന്റെ സ്വയംഭരണ പ്രദേശമായ ഗ്രീൻലാൻഡിന് മേലുള്ള അവകാശവാദങ്ങളും ബ്രിട്ടൻ പോലുള്ള ദീർഘകാല സഖ്യകക്ഷികളെ അസ്വസ്ഥരാക്കിയിട്ടുണ്ടെന്ന് റോയിട്ടേഴ്‌ഡ് റിപ്പോർട്ട് ചെയ്തു.

വ്യാപാര തടസ്സങ്ങൾ തകർക്കുന്നതിനായി ചൈനയുമായി ഒരു സാമ്പത്തിക കരാറിൽ ഒപ്പുവച്ച കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയുടെ സന്ദർശനത്തിന് തൊട്ടുപിന്നാലെയാണ് സ്റ്റാർമറിന്റെ സന്ദർശനം. എന്നാൽ കാർണി ചൈനയുമായി കരാറിലാകാൻ ഉദ്ദേശിക്കുന്നില്ലെന്ന് വ്യക്തമാക്കിയിരുന്നു

Content Highlight: Country’s growth and security are important; wants closer ties with China: Keir Starmer

ശ്രീലക്ഷ്മി എ.വി.

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. തിരൂര്‍ തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാലയില്‍ നിന്ന് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more