ലഖ്‌നൗ: പാകിസ്ഥാനിലും പാക് അധീന കശ്മീര്‍ പ്രദേശങ്ങളിലും ഇന്ത്യന്‍ സൈന്യം നടത്തിയ ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ ഉത്തര്‍പ്രദേശില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. ഉത്തര്‍പ്രദേശ് ഡയറക്ടര്‍ ജനറല്‍ ഓഫ് പൊലീസ് പ്രശാന്ത് കുമാര്‍ തന്റെ എക്‌സ് അക്കൗണ്ടിലൂടെയാണ് ഇക്കാര്യങ്ങള്‍ അറിയിച്ചത്.
പ്രതിരോധ സേനയുമായി സുരക്ഷ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുമെന്നും സുപ്രധാന ഇന്‍സ്റ്റാളേഷനുകളുടെ സുരക്ഷ ശക്തിപ്പെടുത്താനുള്ള നിര്‍ദേശം നല്‍കിയതായും അദ്ദേഹം അറിയിച്ചു. ഓരോ പൗരന്റെയും സുരക്ഷ ഉറപ്പാക്കാന്‍ യു.പി പൊലീസ് ജാഗ്രതയോടെയും സജ്ജമായി തുടരുന്നുവെന്നും ഡി.ജി.പി അറിയിച്ചു.
അതേസമയം ഏകദേശം 25 മിനിട്ടോളം നീണ്ടു നിന്ന സൈനിക നടപടിയോടെയാണ് ഇന്ത്യന്‍ സൈന്യം ഓപ്പറേഷന്‍ സിന്ദൂര്‍ നടത്തിയത്. പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു ആക്രമണം.
ആക്രമണത്തിന് പിന്നാലെ വിദേശകാര്യ സെക്രട്ടറിയും വിങ് കമാന്റര്‍ വ്യോമിക സിങ്ങും കേണല്‍ സോഫിയ ഖുറേഷിയും സൈനിക നടപടികളെ കുറിച്ച് വ്യക്തമാക്കാന്‍ വാര്‍ത്ത സമ്മേളനം വിളിക്കുകയും ചെയ്തിരുന്നു. ഇന്ന് രാവിലെയോടെയായിരുന്നു വാര്‍ത്ത സമ്മേളനം.
പാകിസ്ഥാനില്‍ ഇന്ത്യ നടത്തിയ ആക്രമണത്തില്‍ ഭീകരവാദികളെ മാത്രമേ ലക്ഷ്യം വെച്ചിട്ടുള്ളുവെന്ന് വ്യക്തമാക്കുന്ന വീഡിയോ ക്ലിപ്പ് കാണിച്ചുകൊണ്ടായിരുന്നു വാര്‍ത്താസമ്മേളനം ആരംഭിച്ചത്. വിശ്വസനീയമായ ഇന്റലിജന്‍സ് വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ലക്ഷ്യങ്ങള്‍ തെരഞ്ഞെടുത്തതെന്നും വ്യോമിക സിങ് പറഞ്ഞു. അതേസമയം പാകിസ്ഥാനിലെ സിവിലിയന്‍സിന് നേരെ ആക്രമണങ്ങള്‍ ഒന്നും തന്നെ നടത്തിയിട്ടില്ലെന്നും അവരുടെ സുരക്ഷ കണക്കിലെടുത്താണ് ലക്ഷ്യങ്ങള്‍ തെരഞ്ഞെടുത്തതെന്നും വ്യോമിക സിങ് പറഞ്ഞു.
26 സാധാരണക്കാരുടെ മരണത്തിനിടയാക്കിയ പഹല്‍ഗാം ഭീകരാക്രമണത്തിന് പ്രതികാരമായി പാകിസ്ഥാനിലെയും പാക് അധിനിവേശ കശ്മീരിലെയും ഒമ്പത് തീവ്രവാദ കേന്ദ്രങ്ങളില്‍ ഇന്ത്യ ആക്രമണം നടത്തിയതെന്നാണ് ഔദ്യോഗിക വിവരം.
ആക്രമണത്തില്‍ 80 ഭീകരര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി പ്രാഥമിക റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇന്ത്യന്‍ സൈന്യം ലക്ഷ്യമിട്ടത് 600 ഭീകരരെയാണെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
മുസാഫറാബാദ്, ബഹവല്‍പൂര്‍, കോട്‌ലി, ചക് അമ്രു, ഗുല്‍പൂര്‍, ഭീംബര്‍, മുരിഡ്കെ, സിയാല്‍കോട്ടിനടുത്തുള്ള ക്യാമ്പ് എന്നിവിടങ്ങളിലാണ് ഇന്ത്യ ആക്രമണം നടത്തിയത്. മൂന്ന് സായുധ സേനകളുടെ സംയുക്ത ഓപ്പറേഷന്റെ ഭാഗമായാണ് ആക്രമണം നടത്തിയതെന്നും പാകിസ്ഥാന്‍, പാക് അധിനിവേശ കശ്മീരിലെ ഒമ്പത് തീവ്രവാദ കേന്ദ്രങ്ങളാണ് ലക്ഷ്യമിട്ടതെന്നും റിപ്പോര്‍ട്ടുകളുണ്ട്.
Content Highlight: Country on high alert after Operation Sindoor; Red alert declared in Uttar Pradesh