| Friday, 14th November 2025, 6:57 am

ബീഹാറില്‍ ജയം ആര്‍ക്ക്? ഇന്ന് വോട്ടെണ്ണല്‍, ആത്മവിശ്വാസത്തോടെ എന്‍.ഡി.എ-ഇന്ത്യാ ക്യാമ്പുകള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാട്‌ന: 2025 ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ ഇന്ന് (വെള്ളി) നടക്കും. സംസ്ഥാനത്തെ 740 ബൂത്തുകളിലായാണ് വോട്ടെണ്ണല്‍. എട്ട് മണിയ്ക്കാണ് വോട്ടെണ്ണല്‍ ആരംഭിക്കുക. പോസ്റ്റല്‍ ബാലറ്റുകളായിരിക്കും ആദ്യം എണ്ണുക. 8.30യോടെ ഇ.വി.എമ്മിലെ വോട്ടുകള്‍ എണ്ണിത്തുടങ്ങും.

ബീഹാറിലെ 243 നിയമസഭാ സീറ്റിലേക്കുള്ള തെരഞ്ഞെടുപ്പ് നവംബര്‍ ആറ്, പതിനൊന്ന് തീയതികളിലാണ് നടന്നത്. 67.51 ശതമാനം പോളിങ്ങാണ് ഇത്തവണ സംസ്ഥാനത്ത് രേഖപ്പെടുത്തിയത്. ഇത് 1951നുശേഷമുള്ള ഏറ്റവും വലിയ പോളിങ്ങാണ്.

തെരഞ്ഞെടുപ്പ് ഫലത്തില്‍ എന്‍.ഡി.എ-ഇന്ത്യാ ക്യാമ്പുകള്‍ പൂര്‍ണ ആത്മവിശ്വാസത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രധാനമായും തിര്‍ഹട്ട്, മിഥിലാഞ്ചല്‍, കോസി, സരണ്‍, സീമാഞ്ചല്‍, ഷഹാബാദ് എന്നീ മണ്ഡലങ്ങളിലെ പാര്‍ട്ടികളുടെ പ്രകടനം ബീഹാറില്‍ നിര്‍ണായകമാണ്.

243 അംഗ നിയമസഭയില്‍ 122 സീറ്റാണ് കേവലഭൂരിപക്ഷത്തിനായി വേണ്ടത്. തെരഞ്ഞെടുപ്പ് പ്രവചനങ്ങള്‍ ഭൂരിഭാഗവും നിലവിലെ മുഖ്യമന്ത്രി നിതീഷ് കുമാറിനും എന്‍.ഡി.എയ്ക്കും അനുകൂലമാണ്.

എന്‍.ഡി.എയ്ക്ക് 130 മുതല്‍ 167 വരെ സീറ്റുകളാണ് എക്‌സിറ്റ് പോളുകള്‍ പ്രവചിക്കുന്നത്. അസദുദ്ദീന്‍ ഉവൈസിയുടെ എ.ഐ.എം.ഐ.എം പാര്‍ട്ടിയുടെയും പ്രശാന്ത് കിഷോറിന്റെ ജന്‍ സൂരജ് പാര്‍ട്ടിയുടെയും സ്ഥാനാര്‍ത്ഥിത്വങ്ങള്‍ എന്‍.ഡി.എ-മഹാഗഡ്ബന്ധന്‍ സഖ്യങ്ങളുടെ വോട്ടുകളില്‍ വിള്ളലുണ്ടാക്കുമെന്ന റിപ്പോര്‍ട്ടുകളുമുണ്ട്.

ആര്‍.ജെ.ഡി നേതാവ് തേജസ്വി യാദവാണ് ഇന്ത്യാ സഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി. തേജസ്വി യാദവിനുള്ള പിന്തുണ അദ്ദേഹത്തിന്റെ വോട്ടുകളില്‍ പ്രതിഫലിക്കും. കൂടാതെ എന്‍.ഡി.എ സര്‍ക്കാരിനെതിരായ അഴിമതി ആരോപണങ്ങള്‍, തൊഴിലില്ലായ്മ, വോട്ട് മോഷണം, കാര്‍ഷിക മേഖലയിലെ അനാസ്ഥകള്‍ തുടങ്ങി നിരവധി കാര്യങ്ങള്‍ പ്രതിപക്ഷ സ്ഥാനാര്‍ത്ഥികള്‍ക്ക് അനുകൂലമാകും.

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ നടന്ന പ്രചരണങ്ങളും പ്രതിപക്ഷത്തിന്റെ മുഖം മാറ്റിയിട്ടുണ്ടെന്നാണ് നിഗമനം.

സ്ത്രീകളുടെ വോട്ടുകള്‍ ലക്ഷ്യമിട്ടാണ് എന്‍.ഡി.എ കളത്തിലിറങ്ങിയത്. ഇത് ഭരണം നിലനിര്‍ത്താന്‍ എന്‍.ഡി.എയ്ക്ക് സഹായകമാകുമെന്നാണ് വിലയിരുത്തല്‍. അതേസമയം മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാതെയാണ് എന്‍.ഡി.എ സഖ്യം തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ പൂര്‍ത്തിയാക്കിയത്.

പ്രതിപക്ഷം ഇത് ഒരു ആയുധമാക്കുകയും ചെയ്തിരുന്നു. നിതീഷ് കുമാറിനെ മുന്നില്‍ നിര്‍ത്തി ബി.ജെ.പി ഭരണം പിടിക്കാന്‍ ശ്രമിക്കുകയാണെന്നും ശേഷം അദ്ദേഹത്തെ തഴയുമെന്നുമാണ് പ്രതിപക്ഷത്തിന്റെ പ്രധാന ആരോപണം.

Content Highlight: Counting of votes for the 2025 Bihar Assembly elections will take place today (Friday).

We use cookies to give you the best possible experience. Learn more