ന്യൂദല്‍ഹി: സുപ്രീം കോടതിയില്‍ ചീഫ് ജസ്റ്റിസ് സൂര്യകാന്തുമായി അഭിഭാഷകന് തര്‍ക്കത്തിലേര്‍പ്പെട്ടതായി ലൈവ് ലോ റിപ്പോര്‍ട്ട്. ഇന്നത്തെ (നവംബര്‍ 16, തിങ്കള്‍) കോടതി നടപടികള്‍ക്കിടെയായിരുന്നു സംഭവം. തര്‍ക്കത്തിന് പിന്നാലെ അഭിഭാഷകനെ കോടതി മുറിക്കുള്ളില്‍ നിന്ന് പുറത്താക്കിയെന്നും ലൈവ് ലോയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
താന്‍ ഈ മാസം രണ്ടിന് ചീഫ് ജസ്റ്റിസിന്റെ ശ്രദ്ധയില്‍ പെടുത്തിയ ഒരു കേസ് 15 ദിവസമായിട്ടും പരിഗണിച്ചില്ലെന്നും അതിനാല്‍ ഈ കേസ് അടിയന്തരമായി പരിഗണിക്കണമെന്നും ഇന്ന് അഭിഭാഷകന് കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. ചീഫ് ജസ്റ്റിസ്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി, ജസ്റ്റിസ് വി. മോഹന എന്നിവരടങ്ങുന്ന ബെഞ്ചിനോടാണ് അദ്ദേഹം ഇക്കാര്യം ഉന്നയിച്ചത്.
ഇത്തരത്തിലുള്ള കാര്യങ്ങള്‍ ഇവിടെ ഉന്നയിക്കാന്‍ പാടില്ലെന്ന് ജസ്റ്റിസ് മോഹന പ്രതികരിക്കുകയും ചെയ്തു. ഇതൊരു അടിയന്തര സാഹചര്യമാണെന്ന് അഭിഭാഷകന് ആവര്‍ത്തിച്ചപ്പോള്‍, ‘ഞങ്ങള്‍ പരിശോധിക്കാം. താങ്കള്‍ കാത്തിരിക്കൂ,’ എന്ന് ചീഫ് ജസ്റ്റിസ് മറുപടി നല്കി. ഇതിന് പിന്നാലെ അഭിഭാഷകന് ചീഫ് ജസ്റ്റിസിനെതിരെ രൂക്ഷമായ ഭാഷയില്‍ സംസാരിക്കുകയായിരുന്നെന്ന് ലൈവ് ലോയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
ചീഫ് ജസ്റ്റിസ് ആ പദവിയില്‍ ഇരിക്കാനുള്ള അര്‍ഹതയില്ലെന്ന് അഭിഭാഷകന് പറഞ്ഞു.
ജസ്റ്റിസ് ബാഗ്ചിയെയും ജസ്റ്റിസ് മോഹനയെയും താന്‍ ബഹുമാനിക്കുന്നുണ്ടെന്നും എന്നാല്‍ ചീഫ് ജസ്റ്റിസിനോട് അത്തരം ബഹുമാനമില്ലെന്നും അഭിഭാഷകന് പറഞ്ഞതായും ലൈവ് ലോ റിപ്പോര്‍ട്ട് ചെയ്തു.
അഭിഭാഷകന്റെ ഈ പെരുമാറ്റത്തെത്തുടര്‍ന്ന്, കോടതി നടപടികളുടെ ഓഡിയോ-വീഡിയോ സംപ്രേഷണം നിര്‍ത്തിവെച്ചു. പിന്നീട് ഈ അഭിഭാഷകനെ കോടതിമുറിയില്‍ നിന്ന് പുറത്താക്കിയെന്ന് മറ്റ് അഭിഭാഷകര്‍ അറിയിച്ചെന്നും ലൈവ് ലോയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. അഭിഭാഷകനെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് മറ്റ് അഭിഭാഷകര്‍ ചീഫ് ജസ്റ്റിസിനോട് ആവശ്യപ്പെട്ടതായും വിവരമുണ്ട്.
കഴിഞ്ഞ വര്‍ഷം, അന്നത്തെ ചീഫ് ജസ്റ്റിസ് ആര്.എസ് ഗവായ്ക്ക് നേരെ ഒരു അഭിഭാഷകന് ചെരുപ്പ് എറിയാന്‍ ശ്രമിച്ചിരുന്നു. 71 വയസ്സുള്ള അഭിഭാഷകന് രാകേഷ് കിഷോര്‍ ആയിരുന്നു അന്നത്തെ ചീഫ് ജസ്റ്റിസിനെതിരെ ചെരിപ്പ് എറിയാന്‍ ശ്രമിച്ചത്. തുടര്‍ന്ന് അദ്ദേഹത്തിന്റെ അഭിഭാഷക ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യപ്പെട്ടിരുന്നു.
ഈ വര്‍ഷം ജൂലൈയില്‍ സ്വയം വാദിക്കുന്ന ഹരജിക്കാരനായി കോടതിയിലെത്തിയ പ്രബല്‍ പ്രതാപ് എന്ന വ്യക്തി ചീഫ് ജസ്റ്റിസ് സൂര്യകാന്തിനെ അധിക്ഷേപിച്ചിരുന്നു. ഹര്ജിക്കാരന് മാനസികമായി അസ്വസ്ഥനാണെന്നും ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടെന്നും നിരീക്ഷിച്ച ബെഞ്ച് കോടതിയലക്ഷ്യ നടപടികള്‍ സ്വീകരിക്കേണ്ടതില്ലെന്ന് അന്ന് തീരുമാനിച്ചിരുന്നു. ആ ബെഞ്ചില്‍ ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ടിരുന്നില്ല. ഈ സംഭവത്തിന് ശേഷം, ഹര്‍ജിക്കാര്‍ നേരിട്ട് ഹാജരാകുമ്പോഴെല്ലാം വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയുള്ള നടപടികളുടെ ഓഡിയോയും വീഡിയോയും സുപ്രീം കോടതി ഓഫ് ചെയ്യാന്‍ തുടങ്ങിയിരുന്നു.
Content Highlight: Counsel Escorted Out Of Courtroom After Outburst At CJI Surya Kant