| Monday, 1st June 2026, 1:17 pm

പശ്ചിമേഷ്യയിലെ യു.എസ് വ്യോമ മേധാവിത്വത്തിന് അന്ത്യമോ? ഗെയിം ചേഞ്ചറാവുന്ന ഇറാന്റെ പുതിയ പ്രതിരോധ തന്ത്രം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ടെഹ്‌റാന്‍: വ്യോമയാന രംഗത്തെ യു.എസ് മേധാവിത്വത്തിന് കനത്ത വെല്ലുവിളിയുയര്‍ത്തി ഇറാന്റെ പുതിയ പ്രതിരോധ സംവിധാനങ്ങള്‍. പതിറ്റാണ്ടുകളായി, അമേരിക്കന്‍ വ്യോമ മേധാവിത്വം ഏതാണ്ട് അഭേദ്യമായ ഒരു കവചമായിട്ടാണ് ആഗോളതലത്തില്‍ കണക്കാക്കപ്പെട്ടിരുന്നത്.

ലോകത്ത് എവിടെയും സ്വന്തം നിബന്ധനകളില്‍ സൈനിക നീക്കം നടത്താന്‍ അമേരിക്കയെ സഹായിച്ചിരുന്നതും വ്യോമയാന രംഗത്തെ അവരുടെ കരുത്തായിരുന്നു.

എന്നാല്‍, 2026 ഫെബ്രുവരിയില്‍ ഹോര്‍മുസ് കടലിടുക്കിലുണ്ടായ പുതിയ സൈനിക നീക്കങ്ങളും ഇറാന്റെ ശക്തമായ തിരിച്ചടികളും, യുദ്ധമുറകളെക്കുറിച്ചുള്ള തങ്ങളുടെ പഴയ ധാരണകള്‍ തിരുത്താന്‍ അമേരിക്കന്‍ സൈനിക ആസ്ഥാനമായ പെന്റഗണിനെ നിര്‍ബന്ധിതരാക്കിയിരിക്കുകയാണ്.

ഇറാന്റെ പുതിയ വ്യോമ പ്രതിരോധ സംവിധാനം മേഖലയിലെ സൈനിക സമവാക്യങ്ങളെ മാറ്റിമറിക്കുന്ന ഒരു ‘ഗെയിം ചേഞ്ചര്‍’ ആകുകയാണെന്നാണ് അന്താരാഷ്ട്ര പ്രതിരോധ നിരീക്ഷകര്‍ വിലയിരുത്തുന്നത്.

2026 ഏപ്രിലില്‍ തെക്കുപടിഞ്ഞാറന്‍ ഇറാനില്‍ യു.എസ് വ്യോമസേനയുടെ മുന്‍നിര പോര്‍വിമാനമായ എഫ്-15ഇ സ്ട്രൈക്ക് ഈഗിള്‍ വെടിവച്ചിട്ടതായും, തുടര്‍ന്ന് കോടിക്കണക്കിന് ഡോളര്‍ വിലമതിക്കുന്ന ഒന്നിലധികം എംക്യു-9 റീപ്പര്‍ നിരീക്ഷണ ഡ്രോണുകള്‍ അമേരിക്കയ്ക്ക് നഷ്ടപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ഈ സംഭവത്തോടെ ഇറാന്‍ ശക്തമായ ഒരു ഭൗമരാഷ്ട്രീയ സന്ദേശമാണ് പാശ്ചാത്യ രാജ്യങ്ങള്‍ക്ക് നല്‍കിയത്. പശ്ചിമേഷ്യയിലുടനീളം യു.എസ് നടത്തിവന്നിരുന്ന എതിര്‍പ്പില്ലാത്ത വ്യോമ പ്രവര്‍ത്തനങ്ങളുടെ യുഗം അവസാനിക്കുകയാണെന്ന വ്യക്തമായ സൂചനയാണ് ഇത് നല്‍കിയത്.

സംഘര്‍ഷത്തിന് മുമ്പുള്ള ഇറാന്റെ പരമ്പരാഗത വ്യോമ പ്രതിരോധ നിലപാടില്‍ നിന്നുള്ള ശ്രദ്ധേയമായ ഒരു വ്യതിയാനം കൂടിയായിരുന്നു ഇത്. യു.എസും ഇസ്രഈലും ഇറാനെ ഏകപക്ഷീയമായി ആക്രമിക്കുന്നതിന് മുമ്പ്, ടെഹ്‌റാന്റെ വ്യോമ പ്രതിരോധ ഘടന ദുര്‍ബലവും എളുപ്പത്തില്‍ മാപ്പ് ചെയ്യാന്‍ താരതമ്യേന എളുപ്പവുമാണെന്നാണ് ഫോറിന്‍ ഇന്റലിജന്‍സ് കരുതിയിരുന്നത്.

2016ല്‍ റഷ്യ വിതരണം ചെയ്ത എസ്-300 മിസൈല്‍ ബാറ്ററികള്‍ പോലുള്ള വിലയേറിയ കേന്ദ്രീകൃത സംവിധാനങ്ങളെയാണ് ഇറാന്‍ പ്രധാനമായും ആശ്രയിച്ചിരുന്നത്. ഇതിന് പുറമെ ബവാര്‍-373, ഖോര്‍ദാദ്-15 എന്നീ തദ്ദേശീയ പ്ലാറ്റ്ഫോമുകളും അവര്‍ക്കുണ്ടായിരുന്നു.

എന്നാല്‍ 1.6 ദശലക്ഷം ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള ഒരു വലിയ രാജ്യത്ത്, വെറും നാല് എസ്-300 മിസൈല്‍ ബാറ്ററികള്‍ മാത്രം വിന്യസിച്ചത് വലിയ നിരീക്ഷണ വിടവുകള്‍ അവശേഷിപ്പിച്ചിരുന്നു.

അതിനേക്കാളുപരി, ഇറാന്റെ ഏറ്റവും വലിയ ഘടനാപരമായ ബലഹീനത അവയുടെ സജീവമായ ഹൈ-ഫ്രീക്വന്‍സി റഡാര്‍ എമിഷനുകളെ ആശ്രയിക്കുന്നതായിരുന്നു. ഇത് പാശ്ചാത്യ ഇലക്ട്രോണിക് യുദ്ധ സംവിധാനങ്ങള്‍ക്ക് എളുപ്പത്തില്‍ കണ്ടെത്താനും ലക്ഷ്യമിടാനും സാധിക്കുന്നവയായിരുന്നു.

ഗ്രീസിന്റെ കൈവശമുള്ള ഇതേ റഷ്യന്‍ മിസൈലുകള്‍ വെച്ച് ഇസ്രഈലും അമേരിക്കയും വര്‍ഷങ്ങളോളം പരിശീലനം നടത്തിയിരുന്നു. അങ്ങനെയാണ് അവര്‍ ഈ മിസൈലിന്റെ പോരായ്മകള്‍ പഠിച്ചെടുത്തത്.

2026 ഫെബ്രുവരിയില്‍ അമേരിക്കയും ഇസ്രഈലും നടത്തിയ വ്യോമാക്രമണത്തില്‍ ഇറാന്റെ പ്രധാന റഡാറുകളെ എളുപ്പത്തില്‍ തകര്‍ക്കാന്‍ തത്ഫലമായി അവര്‍ക്ക് കഴിഞ്ഞു. റഡാറുകള്‍ നഷ്ടപ്പെട്ടതോടെ ഇറാന്റെ അത്യാധുനിക മിസൈലുകള്‍ക്ക് ലക്ഷ്യം കാണാനാകാതെയായി

അമേരിക്ക ഇറാന്റെ പ്രധാന റഡാറുകള്‍ തകര്‍ത്തതോടെ, വലിയ മിസൈല്‍ സംവിധാനങ്ങള്‍ക്ക് പകരം ഇറാന്‍ പുതിയൊരു തന്ത്രം കൊണ്ടുവന്നു. ഒരേ സ്ഥലത്ത് കേന്ദ്രീകരിക്കുന്നതിന് പകരം ചെറുതും, വേഗത്തില്‍ മാറ്റാന്‍ കഴിയുന്നതുമായ ചെറിയ സൈനിക യൂണിറ്റുകളെ അവര്‍ പലയിടങ്ങളിലായി വിന്യസിച്ചു.

2026 ഏപ്രിലില്‍, ഏകദേശം 7,000 അടി ഉയരത്തില്‍ പറക്കുകയായിരുന്ന യു.എസിന്റെ എഫ്-15ഇ സ്ട്രൈക്ക് ഈഗിള്‍ വിമാനം, ചൈനീസ് ക്യുഡബ്ല്യു-6 വേരിയന്റില്‍ വരുന്ന അതിന്റെ ഇറാനിയന്‍ പതിപ്പായ മിതാഖ്-3 ഉപയോഗിച്ച് ഇറാന്‍ വീഴ്ത്തി.

മെയ് മാസത്തില്‍ നടന്ന അടുത്ത ഏറ്റുമുട്ടലില്‍, ‘അരാഷ്-ഇ കമാന്‍ഗിര്‍’ എന്ന പുതിയ തരം മിസൈല്‍ ഉപയോഗിച്ച് അമേരിക്കയുടെ വിലകൂടിയ എംക്യു-9 റീപ്പര്‍ ഡ്രോണും ഇറാന്‍ തകര്‍ത്തു.

ഒരു ഡ്രോണിന്റെയും മിസൈലിന്റെയും സവിശേഷതകള്‍ ചേര്‍ന്നൊരു പുതിയ ആയുധമാണ് ‘അരാഷ്-ഇ കമാന്‍ഗിര്‍’. സാധാരണ ട്രക്കുകളില്‍ നിന്ന് പോലും ഇത് വിക്ഷേപിക്കാം.

ഇതില്‍ ശത്രുവിന് തിരിച്ചറിയാന്‍ കഴിയുന്ന റഡാര്‍ സിഗ്‌നലുകളില്ല. പകരം, ചൂട് തിരിച്ചറിയുന്ന സെന്‍സറുകള്‍ ഉള്ളതുകൊണ്ട് അമേരിക്കന്‍ വിമാനങ്ങള്‍ക്ക് ഇതിന്റെ വരവ് മുന്‍കൂട്ടി അറിയാന്‍ കഴിയില്ല.

ഇറാന്റെ ഈ മിസൈലിന് വെറും പതിനായിരക്കണക്കിന് ഡോളര്‍ മാത്രമേ ചെലവുള്ളൂ. എന്നാല്‍ ഇത് തകര്‍ക്കുന്നത് അമേരിക്കയുടെ 250 കോടിയിലധികം രൂപ വിലയുള്ള ഡ്രോണുകളെയാണ്. ഈ സാമ്പത്തിക നഷ്ടം അമേരിക്കയെ ചെറുതായൊന്നുമല്ല കുഴച്ചത്.

മറ്റൊന്ന് ഇറാന് ലഭിക്കുന്ന ചൈനീസ് സഹായം തന്നെയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. അമേരിക്കയുടെ അത്യാധുനിക എഫ്-35 സ്റ്റെല്‍ത്ത് വിമാനങ്ങളെപ്പോലും 200 കിലോമീറ്റര്‍ അകലെവെച്ച് കണ്ടെത്താന്‍ കഴിയുന്ന ശക്തമായ റഡാറുകള്‍ ചൈന ഇറാന് നല്‍കിയിട്ടുണ്ടെന്ന് സൂചകളുണ്ടായിരുന്നു.

അമേരിക്കന്‍ സൈന്യത്തിന്റെ നീക്കങ്ങള്‍ തത്സമയം അറിയാന്‍ ചൈനീസ് ഉപഗ്രഹങ്ങള്‍ ഇറാനെ സഹായിക്കുന്നുമുണ്ട്. എന്നാല്‍ വാദം ചൈനയും ഇറാനും തള്ളിയിട്ടുണ്ട്.

അമേരിക്കയ്ക്ക് തടസ്സപ്പെടുത്താന്‍ കഴിയാത്ത ചൈനയുടെ സ്വന്തം നാവിഗേഷന്‍ സിസ്റ്റം വഴിയാണ് ഇറാന്‍ മിസൈലുകള്‍ക്ക് കൃത്യമായ ലക്ഷ്യം നല്‍കുന്നത്. ഇറാന്റെ പുതിയ മിസൈലുകളെ പേടിച്ച് അമേരിക്കന്‍ വിമാനങ്ങള്‍ ഇപ്പോള്‍ ഇറാന്റെ തീരത്തുനിന്ന് മാറി ദൂരെക്കൂടിയാണ് പറക്കുന്നതെന്നത് ഇന്ന് പരസ്യമായ രഹസ്യവുമാണ്.

ഇറാന്റെ ആശയവിനിമയ സംവിധാനങ്ങളെ തകര്‍ക്കാന്‍ അമേരിക്കന്‍ സൈബര്‍ ചാനലുകള്‍ നിരന്തും ശ്രമിക്കുന്നുണ്ട്. ചൈനീസ് കമ്പനികള്‍ക്ക് മേല്‍ കൂടുതല്‍ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തി അവരെ സമ്മര്‍ദത്തിലാക്കാന്‍ അമേരിക്ക ദീര്‍ഘനാളായി ശ്രമിക്കുകയാണ്.

യുദ്ധവിമാനങ്ങള്‍ നഷ്ടപ്പെടുന്നതും, ഇറാനിയന്‍ പ്രദേശത്ത് അമേരിക്കന്‍ പൈലറ്റുമാര്‍ പിടിക്കപ്പെടുന്നതുമായി ബന്ധപ്പെട്ട രാഷ്ട്രീയ അപകടസാധ്യതകളും അമേരിക്കയ്ക്ക് വലിയ പ്രതിരോധം സൃഷ്ടിക്കുന്നുണ്ട്.

അത്തരം സാഹചര്യങ്ങള്‍ യുഎസ് ഭരണകൂടത്തിന് ആഭ്യന്തരമായും അന്തര്‍ദേശീയമായും വലിയ തിരിച്ചടിയാകും. അതുകൊണ്ട് തന്നെ സംഘര്‍ഷം വലിപ്പിച്ചു കൊണ്ടുപോകുന്നതിനേക്കാള്‍ ചര്‍ച്ചകള്‍ തുടരുന്നതിനാണ് യു.എസ് മുന്‍ഗണന നല്‍കുന്നത്.

പാകിസ്ഥാനും ചൈനയും സൗകര്യമൊരുക്കിയതായി പറയപ്പെടുന്ന 60 ദിവസത്തെ നിര്‍ദ്ദിഷ്ട വെടിനിര്‍ത്തല്‍ കരാര്‍ ഇതിന് ഉദാഹരണമാണ്. ഇറാന്റെ ശക്തമായ പ്രതിരോധ നിലപാട് അവര്‍ക്ക് ചര്‍ച്ചാ മേശയില്‍ കൂടുതല്‍ സ്വാധീനം നല്‍കിയിട്ടുണ്ടെന്നാണ് ഇത് വ്യക്തമാക്കുന്നത്.
എന്നിരുന്നാലും ഇരുവിഭാഗത്തിന്റെയും ആവശ്യങ്ങള്‍ ഇപ്പോഴും ശക്തമായി തുടരുകയാണ്.

ഹോര്‍മുസ് കടലിടുക്കില്‍ ഇറാന്‍ കപ്പലുകളില്‍ നിന്ന് നികുതി വാങ്ങരുത്, കടലിലെ മൈനുകള്‍ മാറ്റണം, ഇറാന്റെ യുറേനിയം ശേഖരം കൈമാറണം എന്നിവയാണ് നിലവില്‍ അമേരിക്കയുടെ ആവശ്യം.

എന്നാല്‍ അമേരിക്ക മരവിപ്പിച്ച ഇറാന്റെ പണം തിരികെ നല്‍കണം, എണ്ണ ഉപരോധം മാറ്റണം, ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ അധികാരം അംഗീകരിക്കണം എന്നീ ആവശ്യങ്ങളാണ് ഇറാന്‍ മുന്നോട്ടുവെക്കുന്നത്.

ഇറാനെതിരെ ഭാവിയില്‍ സൈനിക നടപടികള്‍ ആരംഭിക്കുന്നതിന് മുമ്പ് വാഷിങ്ടണിനെ രണ്ടുതവണ ചിന്തിപ്പിക്കാന്‍ ഈ പുതിയ പ്രതിരോധ സംവിധാനങ്ങള്‍ക്ക് കഴിയുമോ എന്ന ചോദ്യത്തിന്, ‘അതെ’ എന്ന് തന്നെയാണ് ഭൗമരാഷ്ട്രീയ വിശകലന വിദഗ്ധര്‍ ഉത്തരം നല്‍കുന്നത്.

‘അരാഷ്-ഇ കമാന്‍ഗീറിന്റെ’ യുദ്ധഭൂമിയിലെ വിജയം ഇറാന് വലിയ ആത്മവിശ്വാസമാണ് നല്‍കിയിരിക്കുന്നത്. ഇത് ഹോര്‍മുസ് കടലിടുക്കില്‍ കൂടുതല്‍ കര്‍ശനമായ നിലപാടുകള്‍ എടുക്കാന്‍ ഇറാനെ പ്രേരിപ്പിച്ചേക്കാം.

ചൈനയുമായുള്ള കൂട്ടുകെട്ട് ശക്തമാക്കാന്‍ വേണ്ടി, ഈ മേഖലയിലൂടെ പോകുന്ന കപ്പലുകളുടെ യാത്രാ ഫീസ് ചൈനീസ് കറന്‍സിയായ ‘റെന്‍മിന്‍ബി’ വഴി വാങ്ങാനും ഇറാന്‍ തയ്യാറായിട്ടുണ്ട്.

ഇറാന്റെ ഈ പുതിയ മിസൈല്‍ കരുത്ത് കാരണം അമേരിക്ക അവരെ നേരിട്ട് ആക്രമിക്കാന്‍ മടിക്കുമെങ്കിലും, ഇത് മേഖലയില്‍ പുതിയ പ്രശ്‌നങ്ങള്‍ക്ക് കാരണമായിട്ടുണ്ട്.

ഒമാന്‍ പോലുള്ള രാജ്യങ്ങള്‍ ഈ പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും, അമേരിക്കയില്‍ നിന്നുള്ള കടുത്ത മുന്നറിയിപ്പുകള്‍ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കുന്നുണ്ട്.

വരുന്ന ആഴ്ചകളില്‍ ലോകത്തെ ഇന്ധന വിപണി സുരക്ഷിതമായിരിക്കുമോ എന്നത് ഈ നയതന്ത്ര ചര്‍ച്ചകളെ ആശ്രയിച്ചിരിക്കും. ചര്‍ച്ചകള്‍ പരാജയപ്പെടുകയും, ഇറാന്റെ പുതിയ ആത്മവിശ്വാസവും അമേരിക്കയുടെ കര്‍ശന നിലപാടുകളും നേര്‍ക്കുനേര്‍ വരികയും ചെയ്താല്‍ അത് വലിയൊരു യുദ്ധത്തിലേക്ക് നയിച്ചേക്കാം.

Content Highlight: Could Iran’s new air defence system be a game changer?

We use cookies to give you the best possible experience. Learn more