| Thursday, 15th October 2026, 4:21 pm

ലാല്‍ സാറിനെ പോലെ ഒരു താരത്തിന്റെ ഭാഗങ്ങള്‍ കട്ട് ചെയ്യുന്നത് അനാവശ്യമാണ്; ജയിലര്‍ 2വിനെ കുറിച്ച് കോസ്റ്റിയൂം ഡിസൈനര്‍ ജിഷാദ് ഷംസുദ്ദീന്‍

അശ്വിന്‍ രാജേന്ദ്രന്‍

വലിയ ആവേശത്തിനൊടുവില്‍ ഇന്ന് (വ്യാഴം) തിയേറ്ററുകളിലേക്കെത്തിയ ചിത്രമായിരുന്നു നെല്‍സണ്‍ സംവിധാനം ചെയ്ത ജയിലര്‍ 2. 2023ല്‍ പുറത്തിറങ്ങിയ ജയിലറിന്റെ രണ്ടാം ഭാഗമായി ഒരുക്കിയ ചിത്രത്തില്‍ രജിനികാന്ത് ആയിരുന്നു നായകനെങ്കിലും വലിയ താരനിരയായിരുന്നു അണിനിരന്നത്. ചിത്രം വലിയ വിജയമായപ്പോള്‍ മുതല്‍ തന്നെ വലിയ കാത്തിരിപ്പായിരുന്നു രണ്ടാം ഭാഗത്തിനുണ്ടായിരുന്നത്. ഇത്രയും വലിയ താരനിരയെ എങ്ങനെ സംവിധായകന്‍ കൈകാര്യം ചെയ്യും എന്നായിരുന്നു ആരാധകരുടെ സംശയം.

ആദ്യ ഷോയ്ക്ക് പിന്നാലെ മികച്ച പ്രതികരണമായിരുന്നു രാജ്യമെമ്പാടുമുള്ള തിയേറ്ററുകളില്‍ നിന്നും ലഭിച്ചത്. എന്നാല്‍ ആദ്യ ഷോയ്ക്ക് പിന്നാലെ നിരാശയിലായത് മോഹന്‍ലാല്‍ ആരാധകരായിരുന്നു. ഒരു മിനിട്ട് മാത്രമായിരുന്നു താരത്തിന് ചിത്രത്തില്‍ സ്‌ക്രീന്‍ സ്‌പെയ്‌സ് ഉണ്ടായിരുന്നത്. മോഹന്‍ലാലിന് വേണ്ടത്ര പരിഗണന ജയിലര്‍ 2വില്‍ ലഭിച്ചില്ലെന്നും പലരും അഭിപ്രായമറിയിച്ചു. ഇപ്പോഴിതാ ചിത്രത്തില്‍ താരത്തിന് കൂടുതല്‍ പോര്‍ഷന്‍സ് ഉണ്ടായിരുന്നുവെന്നും എന്നാല്‍ അതെല്ലാം വെട്ടിക്കുറയ്ക്കുകയായിരുന്നുവെന്നും പറയുകയാണ് കോസ്റ്റിയൂം ഡിസൈനറായ ജിഷാദ് ഷംസുദ്ദീന്‍.

Photo: X.com

ട്രെയ്‌ലറില്‍ താരത്തിന് ആവശ്യത്തിന് സ്‌പെയിസ് കിട്ടിയില്ലെങ്കിലും ചിത്രത്തില്‍ വിശ്വാസമുണ്ടായിരുന്നുവെന്നും എന്നാല്‍ താരത്തിന്റെ മൂന്ന് ലുക്കുകള്‍ ഉള്‍പ്പെടുന്ന ഭാഗം വെട്ടിമാറ്റിയെന്നും ട്രെയ്‌ലറില്‍ കാണിച്ച ഭാഗം പോലും ചിത്രത്തിലില്ലെന്നും ജിഷാദ് പറയുന്നു. മോഹന്‍ലാലിനെ പോലെ ഒരു സൂപ്പര്‍ സ്റ്റാര്‍ ഉള്‍പ്പെടുന്ന രംഗങ്ങള്‍ ട്രിം ചെയ്യുന്നത് അനാവശ്യമാണെന്നും ജിഷാദ് കൂട്ടിച്ചേര്‍ത്തു.

പോസ്റ്റിന്റെ പൂര്‍ണരൂപം

എന്നെ സ്‌നേഹിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്ന എല്ലാവരോടും,ജയിലര്‍ 2 പുറത്തിറങ്ങിയതോടെ, ഒരു പ്രധാന അപ്ഡേറ്റ് പങ്കിടാന്‍ ഞാന്‍ ആഗ്രഹിക്കുന്നു ട്രെയിലറില്‍ 2 സെക്കന്‍ഡ് ഗ്ലിംപ്സിലേക്ക് ചുരുക്കിയപ്പോള്‍ പോലും, ഞങ്ങളുടെ ജോലിയില്‍ എനിക്ക് പൂര്‍ണ്ണ ആത്മവിശ്വാസമുണ്ടായിരുന്നു. എന്നാല്‍ സിനിമയുടെ റിലീസോടെ, മോഹന്‍ലാല്‍ സാറിന്റെ മൂന്ന് വ്യത്യസ്ത ലുക്കുകള്‍ പൂര്‍ണ്ണമായും മുറിച്ചുമാറ്റി, ആ ട്രെയിലര്‍ രംഗം പോലും വെട്ടിച്ചുരുക്കി. സിനിമാ ജീവിതത്തിലെ എന്റെ അനുഭവത്തില്‍, മോഹന്‍ലാല്‍ സാറിനെപ്പോലുള്ള ഒരു സൂപ്പര്‍സ്റ്റാര്‍ ഉള്‍പ്പെടുന്ന രംഗങ്ങള്‍ ട്രിം ചെയ്യുന്നത് അനാവശ്യമാണ്.

നമ്മുടെ സൂപ്പര്‍താരത്തിന്റെ ഭാഗങ്ങള്‍ ഇങ്ങനെ വെട്ടിമാറ്റുന്നത് കാണുമ്പോള്‍ , ജയിലറിന് ഇനിയൊരു മൂന്നാം ഭാഗമുണ്ടെങ്കില്‍, ഞാന്‍ അതിന്റെ ഭാഗമാകില്ല. എന്നെ വിശ്വസിച്ച എല്ലാവരോടും എനിക്ക് ശരിക്കും ഖേദമുണ്ട്. ഞാന്‍ ആനുകൂല്യങ്ങള്‍ക്കോ, ലാഭത്തിനോ, കോടി ക്ലബ്ബുകള്‍ക്കോ, സ്റ്റാര്‍ഡത്തിനോ വേണ്ടി നിലകൊള്ളുന്നില്ല. ആരാധകര്‍ക്കും, കലാ പ്രേമികള്‍ക്കും, മോഹന്‍ലാല്‍ സാറിനും വേണ്ടി മാത്രമാണ് ഞാന്‍ നിലകൊള്ളുന്നത്. എന്റെ യാത്രയില്‍ എപ്പോഴും കൂടെ നിന്നതിന് നന്ദി.

Content Highlight: Costume designer Jishadh Shamsudheen talks about Mohanlal’s screen space in Jailer 2

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more