ലിസ്ബൺ: കുതിച്ചുയരുന്ന ജീവിതച്ചെലവുകൾക്കും രൂക്ഷമാകുന്ന ഭവന പ്രതിസന്ധിക്കും കുറഞ്ഞ വേതനത്തിനുമെതിരെ പോർച്ചുഗൽ തലസ്ഥാനമായ ലിസ്ബണിൽ വൻ ജനകീയ പ്രതിഷേധം. കനത്ത മഴയെപ്പോലും അവഗണിച്ച് ശനിയാഴ്ച ആയിരക്കണക്കിന് ആളുകളാണ് മധ്യ ലിസ്ബണിൽ പ്രതിഷേധ മാർച്ച് നടത്തിയത്.
പോർച്ചുഗലിലെ ഏറ്റവും വലിയ ട്രേഡ് യൂണിയൻ ഫെഡറേഷനായ സി.ജി.ടി.പി ആണ് പ്രക്ഷോഭത്തിന് നേതൃത്വം നൽകിയത്. വേതനവും പെൻഷനും വർധിപ്പിക്കുക, അവശ്യസാധനങ്ങളുടെ വില കുറയ്ക്കുക, ഭവന ചെലവുകൾ നിയന്ത്രിക്കാൻ അടിയന്തര നടപടി സ്വീകരിക്കുക തുടങ്ങിയവയായിരുന്നു പ്രധാന ആവശ്യങ്ങൾ.
സർക്കാരിന്റെ നയങ്ങൾ സാധാരണക്കാരുടെ ജീവിതം ബുദ്ധിമുട്ടിലാക്കിയെന്നും വൻകിട കമ്പനികളുടെ താത്പര്യങ്ങൾക്കാണ് സർക്കാർ മുൻഗണന നൽകുന്നതെന്നും പ്രതിഷേധക്കാർ ആരോപിച്ചു.
പ്രതിസന്ധിയുടെ പ്രധാന കാരണങ്ങൾ കുറഞ്ഞ വരുമാനം, സാധനങ്ങളുടെ വിലക്കയറ്റം, വീടുകളുടെയും വാടകയുടെയും വില വർധന എന്നിവയാണ്. യൂറോപ്യൻ യൂണിയനിലെ ശരാശരി വരുമാനത്തേക്കാൾ പോർച്ചുഗലിലെ വരുമാനം 37 ശതമാനം കുറവാണ്.
അതേസമയം, ഭക്ഷ്യവസ്തുക്കളുടെയും ഇന്ധനത്തിന്റെയും വില ഉയർന്നതോടെ ഒക്ടോബറിലെ പണപ്പെരുപ്പം 3.8 ശതമാനമായി. 2017-ന് ശേഷം വീടുകളുടെ വില ഇരട്ടിയിലധികമായി വർധിക്കുകയും വാടക ഇരട്ടിയാകുകയും ചെയ്തു. ഇതോടെ യുവാക്കൾ ഉൾപ്പെടെയുള്ള സാധാരണക്കാർക്ക് വീട് വാങ്ങാനും വാടകയ്ക്ക് താമസിക്കാനും വലിയ ബുദ്ധിമുട്ടാണ് നേരിടുന്നത്.
ലിസ്ബണിലും പോർട്ടോയിലും ഭവന അവകാശ പ്രവർത്തകർ ആഴ്ചകളായി നടത്തിവരുന്ന ടെന്റ് ക്യാമ്പ് സമരങ്ങൾക്ക് പിന്നാലെയാണ് ഈ വൻ റാലി നടന്നത്.
ജീവിതച്ചെലവ് വർധനവിനെതിരെ യൂറോപ്പിലുടനീളം നടക്കുന്ന പ്രക്ഷോഭങ്ങളുടെ ഭാഗമാണിത്. അതേസമയം, സമാനമായ വിഷയങ്ങളിൽ ശനിയാഴ്ച ഫ്രാൻസിൽ നടന്ന പ്രതിഷേധങ്ങളിൽ മുൻ ആഴ്ചകളെ അപേക്ഷിച്ച് ജനപങ്കാളിത്തം കുറവായിരുന്നു.
Content Highlight:Cost of living and housing crisis intensify: Massive public protest in Lisbon.