| Thursday, 16th April 2020, 6:13 pm

കേരളത്തിന് തിരിച്ചടി; സംസ്ഥാനത്തിന് ഹോട്ട്സ്പോട്ടുകള്‍ മാറ്റാനാവില്ലെന്ന് കേന്ദ്രം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കേന്ദ്രത്തിന്റെ അനുമതിയില്ലാതെ സംസ്ഥാനത്തിന് പ്രഖ്യാപിച്ച ഹോട്ട്സ്പോട്ടുകള്‍ മാറ്റംവരുത്താന്‍ കഴിയില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. ഹോട്ട്സ്പോട്ടുകള്‍ നിശ്ചയിച്ചതില്‍ പിഴവുണ്ടെങ്കില്‍ സര്‍ക്കാരിനെ സമീപിക്കണമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം പറഞ്ഞു. കേരളത്തില്‍ ഹോട്ട്സ്പോട്ട് ജില്ലകള്‍ നിശ്ചയിച്ചതില്‍ പാകപ്പിഴയുണ്ടെന്നും ഇത് മാറ്റണമെന്നും സംസ്ഥാന സര്‍ക്കാര്‍ നിലപാടെടുത്തതോടെയാണ് കേന്ദ്രത്തിന്റെ വിശദീകരണം.

കേന്ദ്ര ആരോഗ്യമന്ത്രാലയം നിര്‍ദ്ദേശിച്ച മൂന്നു മാനദണ്ഡങ്ങളുടെം അടിസ്ഥാനത്തിലാണ് ഹോട്ട് സ്പോട്ടുകള്‍ തീരുമാനിച്ചത്. സംസ്ഥാന സര്‍ക്കാരുകള്‍ നല്‍കിയിട്ടുള്ള വിവരങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് ഇത്. ഇതില്‍പ്പെടാത്ത കൂടുതല്‍ ജില്ലകള്‍ ഹോട്ട് സ്പോട്ടുകളായി പ്രഖ്യാപിക്കാം എന്നതിലപ്പുറം സംസ്ഥാന സര്‍ക്കാരിന് ഒരു ജില്ലയെ പട്ടികയില്‍നിന്ന് ഒഴിവാക്കാന്‍ സാധിക്കില്ലെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നത്.

കേന്ദ്രത്തിന് ഇക്കാര്യത്തില്‍ പാകപ്പിഴകള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ സംസ്ഥാനത്തിന് കേന്ദ്രത്തെ സമീപിക്കാം. അതിന്റെ അടിസ്ഥാനത്തില്‍ മറ്റ് തീരുമാനങ്ങള്‍ ഉണ്ടാകുമെന്നും കേന്ദ്രം വ്യക്തമാക്കി.

രാജ്യത്തെ 170 ജില്ലകളാണ് കേന്ദ്ര സര്‍ക്കാര്‍ കൊവിഡ് ഹോട്ട്‌സ്‌പോട്ടുകളായി പ്രഖ്യാപിച്ചിരിക്കുന്നത്. കാസര്‍കോഡ്, കണ്ണൂര്‍, മലപ്പുറം, എറണാകുളം, തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളാണ് കേരളത്തിലെ കൊവിഡ് ഹോട്ട്‌സ്‌പോട്ടുകള്‍. വയനാട് ജില്ലയിലെ ചില മേഖലകളും ഹോട്‌സ്‌പോട്ടായി കേന്ദ്രം പ്രഖ്യാപിച്ചിട്ടുണ്ട്.

എന്നാല്‍ കേരളത്തില്‍ രോഗവ്യാപനം കൂടുതലുള്ള നാലു ജില്ലകള്‍ മാത്രം മതി ഹോട്ടസ്പോട്ടുകളുള്‍പ്പെടുന്ന റെഡ് സോണിലെന്നാണ് കേരള മന്ത്രിസഭായോഗം വിലയിരുത്തിയത്. കാസര്‍കോട്, കണ്ണൂര്‍, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളെയായിരിക്കും റെഡ് സോണില്‍ ഉള്‍പ്പെടുത്തുക. ഈ വിധത്തില്‍ മാറ്റം വരുത്തണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തെ സമീപിക്കും.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

Latest Stories

We use cookies to give you the best possible experience. Learn more