| Monday, 6th July 2026, 8:02 pm

നസ്‌ലെന്‍ ലോകേഷ്, സംഗീത് പ്രതാപ് രജിനി; ജയിലറിന് വേണ്ടി ലിയോയിലെ സീന്‍ അടിച്ചുമാറ്റിയത് കുത്തിപ്പൊക്കി തമിഴ് പേജുകള്‍

അമര്‍നാഥ് എം.

തിയേറ്ററില്‍ സമ്മിശ്ര പ്രതികരണം നേടിയെങ്കിലും പലരുടെയും ഫേവറെറ്റായി മാറിയ ചിത്രമാണ് മോളിവുഡ് ടൈംസ്. നസ്‌ലെനെ നായകനാക്കി അഭിനവ് സുന്ദര്‍ നായക് അണിയിച്ചൊരുക്കിയ ചിത്രം കഴിഞ്ഞദിവസം ഒ.ടി.ടി സ്ട്രീമിങ് ആരംഭിച്ചിരുന്നു. ജിയോ ഹോട്‌സ്റ്റാറിലൂടെയാണ് ചിത്രം സ്ട്രീം ചെയ്യുന്നത്. ഒ.ടി.ടി റിലീസിന് പിന്നാലെ മോളിവുഡ് ടൈംസിലെ പല സീനുകളും ചര്‍ച്ചയാകുന്നുണ്ട്.

മലയാള പേജുകളില്‍ മാത്രമല്ല, തമിഴ് പേജുകളിലും മോളിവുഡ് ടൈംസാണ് ചര്‍ച്ചാവിഷയം. മാസ് മസാല, അടിപിടിയും വെട്ടും കുത്തുമുള്ള സിനിമകള്‍ വിജയിപ്പിക്കുന്ന തമിഴ് പ്രേക്ഷകര്‍ക്ക് മോളിവുഡ് ടൈംസ് അത്രക്ക് ദഹിച്ചില്ലെന്നാണ് പല പോസ്റ്റുകളും. നല്ല ലാഗുള്ള ചിത്രമെന്നാണ് പലരും മോളിവുഡ് ടൈംസിനെ വിശേഷിപ്പിക്കുന്നത്.

എന്നാല്‍ തമിഴ് പ്രേക്ഷകര്‍ക്ക് കണക്ടാകുന്ന ചില സീനുകള്‍ ഈ സിനിമയിലുണ്ട്. അതെല്ലാം ഇതിനോടകം സിനിമാപേജുകളില്‍ ചര്‍ച്ചയാണ്. അത്തരത്തിലൊന്നാണ് സംഗീത് പ്രതാപ് അവതരിപ്പിച്ച അര്‍ജുന്‍ ഹരിദാസ് എന്ന കഥാപാത്രത്തിന്റെ ആദ്യ സിനിമ വിനീത് മാധവന്‍ കാണുന്ന സീന്‍. തന്റെ ശൈലി അടിച്ചുമാറ്റിയാണ് അര്‍ജുന്‍ ആദ്യസിനിമ ചെയ്തതെന്ന് തിരിച്ചറിഞ്ഞ് വിനീത് മാധവന്‍ തകര്‍ന്നുപോകുന്നുണ്ട്.

അടുത്തിടെ തമിഴ് സിനിമാലോകത്ത് ചര്‍ച്ചയായ ഒരു സംഭവവുമായി ഈ സീനിനെ പലരും ബന്ധപ്പെടുത്തുകയാണ്. രജിനിയെ നായകനാക്കി നെല്‍സണ്‍ സംവിധാനം ചെയ്ത ജയിലറിന്റ ഇന്റര്‍വെല്‍ സീന്‍ ഒരുപാട് ചര്‍ച്ചയായിരുന്നു. ജയിലറില്‍ ഏറ്റവുമധികം രോമാഞ്ചം സമ്മാനിച്ച സീനുകളിലൊന്നായിരുന്നു ഇത്. എന്നാല്‍ ഈ സീന്‍ ലോകേഷില്‍ നിന്ന് രജിനി അടിച്ചുമാറ്റിയതാണെന്ന തരത്തിലായിരുന്നു ചര്‍ച്ച.

ലിയോയുടെ ഷൂട്ടിനിടെ രജിനി ലോകേഷുമായി സംസാരിക്കുന്നതിനിടെ തന്റെ സിനിമയിലെ പ്രധാനപ്പെട്ട ഒരു സീനിനെക്കുറിച്ച് സംസാരിച്ചിരുന്നു. ജയിലറിന്റെ ഇന്റര്‍വെല്‍ എങ്ങനെ ചിത്രീകരിക്കുമെന്നറിയാതെ ആശയക്കുഴപ്പത്തില്‍ നിന്ന നെല്‍സണോട് രജിനി ലിയോയിലെ സീന്‍ വിവരിക്കുകയും അതേപടി തന്റെ സിനിമയിലേക്ക് എടുക്കുകയും ചെയ്തു.

തന്റെ മനസിലുണ്ടായിരുന്ന സീന്‍ തന്നെക്കാള്‍ ഗംഭീരമായി എടുത്തതോടെ ലോകേഷ് പ്രതിസന്ധിയിലായി. ഒടുവില്‍ അതേ രീതിയില്‍ ലിയോയിലെ സീന്‍ എടുത്തെങ്കിലും പ്രേക്ഷകരില്‍ വേണ്ടത്ര ഇംപാക്ട് സൃഷ്ടിക്കാനായിരുന്നില്ല. ട്രോള്‍ പേജുകളും സിനിമാപേജുകളും രജിനിയുടെ ഈ അടിച്ചുമാറ്റലിനെ വലിയ രീതിയില്‍ വിമര്‍ശിച്ചിരുന്നു.

ജയിലര്‍, ലിയോ Photo: Kollycorner/ X.com

മോളിവുഡ് ടൈംസിന്റെ റിലീസിന് പിന്നാലെ പലരും ഈ സംഭവം ഓര്‍ത്തെടുക്കുകയാണ്. നസ്‌ലെനെ ലോകേഷായും സംഗീത് പ്രതാപിനെ രജിനിയാക്കിയുമാണ് ട്രോളുകള്‍. എന്നാല്‍ ജയിലര്‍ ഇന്റര്‍വെല്‍ സീന്‍ ഹോളിവുഡ് സിനിമയായ ബോണ്‍ ഐഡന്റിറ്റിയില്‍ നിന്ന് കോപ്പിയടിച്ചതാണെന്നും ആരോപണമുണ്ട്.

Content Highlight: Copy claim about Jailer movie discussing after Mollywood Times OTT release

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

Latest Stories

We use cookies to give you the best possible experience. Learn more