| Friday, 27th February 2015, 10:38 am

കോര്‍പ്പറേറ്റ് ചാരവൃത്തി കേസ്; റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് പ്രസിഡന്റിനെ ചോദ്യം ചെയ്തു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കോര്‍പറേറ്റ് കമ്പനികള്‍ക്കു വേണ്ടി സര്‍ക്കാര്‍ രേഖകള്‍ ചോര്‍ത്തിയ കേസില്‍ ദല്‍ഹി പോലീസ് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് പ്രസിഡന്റ് (കോര്‍പറേറ്റ് അഫയേഴ്‌സ്)ശങ്കര്‍ അദാവലിനെ ചോദ്യം ചെയ്തു . ചൊവ്വാഴ്ച്ച നടന്ന റെയ്ഡില്‍ അദാവലിന്റെ വീട്ടില്‍ നിന്നും അദ്ദേഹത്തിന്റെ കമ്പ്യൂട്ടര്‍ പോലീസ് പിടിച്ചെടുത്തു. മറ്റു രണ്ട് ഊര്‍ജ്ജ കമ്പനികളുടെ ഓഫീസുകളിലും പോലീസ് റെയ്ഡ് നടത്തുകയും രേഖകള്‍ പിടിച്ചെടുക്കുകയും ചെയ്തു.

റിലയന്‍സ് ജിയോ, റിലയന്‍സ് കോര്‍പറേറ്റ് പ്രൊജക്റ്റ് എന്നിവയുടെ റഗുലേറ്ററി ആന്റ് കോര്‍പ്പറേറ്റ് അഫയേഴ്‌സ് തലവന്‍ കൂടിയായ അദാവലിനെ കേന്ദ്ര മന്ത്രാലയങ്ങളില്‍ നിന്നും സുപ്രധാന രേഖകള്‍ ചോര്‍ത്തിയതിന് ഉടന്‍ തന്നെ അന്വേഷണ സംഘം ഔദ്യോഗികമായി ചോദ്യം ചെയ്യുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നു.

2002 ല്‍ സമാനമായ രീതിയില്‍ രേഖകള്‍ ചോര്‍ത്തിയതിന് അദാവലിനെ സി.ബി.ഐ അറസ്റ്റ് ചെയ്തിരുന്നു. ദല്‍ഹി കോടതിയുടെ ഉത്തരവിനെ തുടര്‍ന്ന് അന്നത്തെ കോര്‍പറേറ്റ് അഫയേഴ്‌സ് ജനറല്‍ മാനേജര്‍ ആയിരുന്ന അദാവല്‍ ഗ്രൂപ്പിന്റെ വൈസ് പ്രസിഡന്റായ എ.എന്‍ സേതുരാമനൊപ്പമാണ് പിടിക്കപ്പെട്ടത്.

അതേസമയം പിടിയിലായ ഊര്‍ജ്ജ കമ്പനികളുടെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ മന്ത്രാലയങ്ങളില്‍ നിന്നും രേഖകള്‍ ചോര്‍ത്തുന്നതില്‍ കാര്യമായ പങ്കുവഹിച്ചിട്ടുണ്ടെന്ന് ഇവരെ  ചോദ്യം ചെയ്തതിലൂടെ പോലീസ് കരുതുന്നു.

Latest Stories

We use cookies to give you the best possible experience. Learn more