കോപ്പന്‍ഹേഗന്‍: ആഗോള കാലാവസ്ഥയിലുണ്ടാവുന്ന വ്യതിയാനങ്ങളും ഭൗമ താപനവും ചര്‍ച്ച ചെയ്യാനായി 193 രാജ്യങ്ങളുടെ പ്രതിനിധികള്‍ ഇന്ന് കോപ്പന്‍ഹേഗനില്‍ ഒത്തു ചേരും. ഇന്നു മുതല്‍ ഡിസംബര്‍ 18 വരെയാണ് ഉച്ചകോടി നടക്കുന്നത്.
ആഗോള താപനവും കാലാവസ്ഥാ വ്യതിയാനും ലോകത്തിന് ഭാഷണിയാണെന്നും അത് തടയുന്നതിന് അടിയന്തിര നടപടികളെടുക്കണമെന്നുമുള്ള ആശയമാണ് കോപ്പന്‍ ഹേഗനില്‍ ഒരുമിക്കാന്‍ ലോക നേതാക്കളെ പ്രേരിപ്പിച്ചത്. ആഗോള താപനം കുറക്കുന്നതിന് കാര്‍ബണ്‍ ബഹിര്‍ഗമനം വെട്ടിക്കുറക്കണമെന്ന തീരുമാനത്തിലാണ് യോഗം എത്തിച്ചേരുക.
വ്യാവസായ ഫാക്ടറികള്‍ വന്‍തോതില്‍ പുറന്തള്ളുന്ന കാര്‍ബണിന്റെ അളവ് വെട്ടിക്കുറക്കണമെന്നു വരുമ്പോള്‍ അത് വ്യവസായ വികസനത്തെ ബാധിക്കും. വികസ്വര രാഷ്ട്രങ്ങളില്‍ കാര്‍ബണ്‍ ബഹിര്‍ഗമനം കുറക്കുന്നത് രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയെ പ്രതിസന്ധിയിലാക്കുമെന്ന് ഇന്ത്യ പോലുള്ള രാഷ്ട്രങ്ങള്‍ ആശങ്കപ്പെടുന്നുണ്ട്. വികസിത രാഷ്ട്രങ്ങള്‍ ഇതിനകം തന്നെ വന്‍തോതില്‍ കാര്‍ബണ്‍ ബഹിര്‍സ്ഫുരണം നടത്തി വ്യാവസായിക വികസനം നേടിക്കഴിഞ്ഞ സ്ഥിതിക്ക് അവര്‍ക്ക് അത് പ്രശ്‌നമുണ്ടാക്കില്ലെന്നും ഇന്ത്യ കരുതുന്നു. അതിനാല്‍ കാര്‍ബണ്‍ ബഹിര്‍ഗമനം എങ്ങിനെ ഒഴിവാക്കാമെന്ന കാര്യത്തില്‍ ലോകരാഷ്ട്രങ്ങള്‍ തമ്മില്‍ അഭിപ്രായ സമന്വയത്തിലെത്താന്‍ കഴിഞ്ഞിട്ടില്ല.
അതേസമയം 2020നുമുമ്പ് 20 ശതമാനം മുതല്‍ 25 ശതമാനംവരെ കാര്‍ബണ്‍ ബഹിര്‍ഗമനം കുറക്കുമെന്ന് ഇന്ത്യ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ ഇത് സംബന്ധിച്ച, നിയമപരമായി ബാധ്യസ്ഥമാകുന്ന ഒരു കരാറിലും ഒപ്പിടില്ലെന്നും ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യയുടെ ഈ നിലപാടിന് ചൈന പിന്തുണ അറിയിച്ചിട്ടുണ്ട്. പ്രധാനമന്ത്രി ഡോ മന്‍മോഹന്‍ സിംഗ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നുണ്ട്.
ഹരിതഗൃഹ വാതക ബഹിര്‍ഗമനം വെട്ടിക്കുറയ്ക്കാനുള്ള ക്യോട്ടോ ഉടമ്പടിയുടെ കാലാവധി 2012ല്‍ കഴിയുന്ന സാഹചര്യത്തിലാണ് പുതിയ ഉടമ്പടിക്ക് ശ്രമിക്കുന്നത്. ക്യോട്ടോ പ്രഖ്യാപനം അംഗീകരിക്കാത്ത അമേരിക്ക, കോപ്പന്‍ഹേഗന്‍ ഉച്ചകോടിയില്‍ ഉടമ്പടിയുണ്ടാക്കാന്‍ തീവ്രപരിശ്രമം നടത്തുന്നുണ്ട്.