| Thursday, 5th March 2026, 8:46 am

ഡെര്‍ബി ജയിച്ച് സോസിഡാഡ്; കിരീടപ്പോരാട്ടത്തില്‍ എതിരാളികള്‍ അത്‌ലെറ്റി

ആദര്‍ശ് എം.കെ.

കോപ്പ ഡെല്‍ റേ സെമി ഫൈനലില്‍ വിജയവുമായി റയല്‍ സോസിഡാഡ് കിരീടപ്പോരാട്ടത്തിന്. അത്‌ലറ്റിക്കോ ബില്‍ബാവോയ്‌ക്കെതിരായ രണ്ടാം പാദ മത്സരത്തിലും എതിരില്ലാത്ത ഒരു ഗോളിന് സോസിഡാഡ് വിജയം സ്വന്തമാക്കി. 2-0 എന്ന അഗ്രഗേറ്റ് സ്‌കോറിലാണ് സോസിഡാഡ് നാലാം കിരീടം ലക്ഷ്യമിട്ട് ഫൈനലിലേക്ക് മാര്‍ച്ച് ചെയ്തത്.

കഴിഞ്ഞ ദിവസം ബാഴ്‌സലോണയെ 4-3 എന്ന അഗ്രഗേറ്റ് സ്‌കോറില്‍ തോല്‍പ്പിച്ചെത്തിയ അത്‌ലറ്റിക്കോ മാഡ്രിഡിനെയാണ് കിരീടപ്പോരാട്ടത്തില്‍ റയല്‍ സോസിഡാഡിന് നേരിടാനുള്ളത്. ഏപ്രില്‍ 19നാണ് ഫൈനല്‍ അരങ്ങേറുന്നത്.

ബാസ്‌ക് ഡെര്‍ബിയില്‍ 4-2-3-1 എന്ന ഫോര്‍മേഷനിലാണ് സോസിഡാഡ് കളത്തിലിറങ്ങിയത്. മറുവശത്ത് അത്റ്റിക് ക്ലബ്ബും സമാന ഫോര്‍മേഷന്‍ അവലംബിച്ചു.

ആദ്യ പാദ മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിന് ജയിച്ചതിന്റെ നേരിയ അഡ്വാന്റേജുമായാണ് സോസിഡാഡ് കളത്തിലിറങ്ങിയത്.

കൊണ്ടും കൊടുത്തും ഇരുടീമുകളും മുന്നേറിയ ആദ്യ പകുതിയില്‍ ഇരുവര്‍ക്കും എതിരാളികളുടെ വലകുലുക്കാന്‍ സാധിച്ചില്ല. മികച്ച മുന്നേറ്റങ്ങള്‍ ഇരുവരുടെ ഭാഗത്തും നിന്നും ഉണ്ടായെങ്കിലും അത് ഗോളാക്കി മാറ്റാന്‍ മാത്രമായില്ല.

രണ്ടാം പകുതിയും സമാനമായിരുന്നു. ഒടുവില്‍ 87ാം മിനിട്ടില്‍ വീണുകിട്ടിയ പെനാല്‍ട്ടി വലയിലെത്തിച്ചാണ് സോസിഡാഡ് അക്കൗണ്ട് തുറന്നത്. മൈക്കല്‍ ഒയാര്‍സ്ബാലാണ് ഗോള്‍ കണ്ടെത്തിയത്.

ഒടുവില്‍ ഫൈനല്‍ വിസില്‍ മുഴങ്ങും വരെ ഒറ്റ ഗോളിന്റെ ലീഡ് കൈവിടാതെ കാത്ത സോസിഡാഡ് 1-0ന് വിജയിക്കുകയും 2-0 എന്ന അഗ്രഗേറ്റ് സ്‌കോറില്‍ ഫൈനലില്‍ പ്രവേശിക്കുകയും ചെയ്തു.

കളിക്കളത്തില്‍ നേരിയ അധിപത്യം മാത്രമാണ് സോസിഡാഡിനുണ്ടായിരുന്നത്. 51 ശതമാനം സമയവും സോസിഡാഡ് പന്ത് കൈവശം വെച്ചപ്പോള്‍ 49 ശതമാനം ബോള്‍ പൊസഷനാണ് അത്‌ലറ്റിക്കോ ബില്‍ബാവോക്കുണ്ടായിരുന്നത്. സോസിഡാഡ് ഓണ്‍ ടാര്‍ഗെറ്റിലേക്ക് അഞ്ച് ഷോട്ടടക്കം 11 ഷോട്ടുതിര്‍ത്തപ്പോള്‍ ബില്‍ബാവോ ആകെ അടിച്ചത് ഒമ്പത് ഷോട്ട്, ടാര്‍ഗെറ്റിലേക്ക് രണ്ടെണ്ണവും.

സോസിഡാഡ് 83 ശതമാനം ആക്യുറസിയില്‍ 346 പാസുകള്‍ പൂര്‍ത്തിയാക്കിയപ്പോള്‍ 81 ശതമാനം പ്രിസഷനോടെ 349 പാസുകള്‍ അത്‌ലറ്റിക് ക്ലബ്ബും പൂര്‍ത്തിയാക്കി. സോസിഡാഡ് 13 ഫൗളും അത്‌ലറ്റിക്കോ ബില്‍ബാവോ 15 ഫൗളും കമ്മിറ്റ് ചെയ്തു.

ആദ്യ സെമിയില്‍ കരുത്തരായ ബാഴ്‌സയെ പരാജയപ്പെടുത്തിയെത്തുന്ന അത്‌ലറ്റിക്കോ മാഡ്രിഡിനെതിരെ മികച്ച പ്രകടനം പുറത്തെടുത്തെങ്കില്‍ മാത്രമേ നാലാം കോപ്പ ഡെല്‍ റേ കിരീടമെന്ന സോസിഡാഡിന്റെ സ്വപ്‌നം പൂര്‍ണമാകൂ.

Content Highlight: Copa del Rey: Real Sociedad defeated Atletico Bilbao club to qualify for the final

ആദര്‍ശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more