| Saturday, 12th September 2026, 9:38 am

വ്യാപാര-സാമ്പത്തിക രംഗങ്ങളില്‍ സഹകരണം വിപുലമാക്കും: ബ്രിക്‌സ് വേദിയില്‍ കൂടിക്കാഴ്ച നടത്തി മോദിയും പെസസ്‌കിയാനും

നിഷാന. വി.വി

ന്യൂദല്‍ഹി: ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെസ്‌കിയാനുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇറാന്‍ പ്രസിഡന്റിനെ കാണാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദ ബന്ധം രണ്ട് കൂട്ടര്‍ക്കും പ്രയോജനമാവുന്ന രീതിയില്‍ മുന്നോട്ട് കൊണ്ട് പോവേണ്ടതുണ്ടെന്നും മോദി പറഞ്ഞു.

ദല്‍ഹിയില്‍ നടക്കുന്ന ബ്രിക്ക്‌സ് ഉച്ചകോടിക്കിടെയായിരുന്നു ഇരു നേതാക്കളും തമ്മില്‍ കൂടിക്കാഴ്ച നടത്തിയത്. പ്രാദേശിക രാജ്യങ്ങള്‍ തമ്മില്‍ ശക്തമായ ബന്ധം വളര്‍ത്തിയെടുക്കേണ്ടതിന്റെ ആവശ്യകത ഇറാന്‍ പ്രസിഡന്റ് ചൂണ്ടിക്കാട്ടി. ഇന്ത്യയും ഇറാനും തമ്മില്‍ പങ്കുവെക്കുന്ന പൊതുവായ തത്വങ്ങള്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണത്തിന് ആക്കം കൂട്ടുമെന്നും അദ്ദേഹം പറഞ്ഞു.

ബ്രിക്സ് അംഗരാജ്യങ്ങള്‍ക്കിടയില്‍, പ്രത്യേകിച്ച് സാമ്പത്തിക-വ്യാപാര മേഖലകളില്‍ ബന്ധം വികസിപ്പിക്കുന്നതിന് ഇറാന്‍ മുന്‍ഗണന നല്‍കുന്നുണ്ടെന്നും പെസെസ്‌കിയാന്‍ പറഞ്ഞു. പ്രതിരോധശേഷിയുള്ള വ്യാപാര ശൃംഖല കെട്ടിപ്പടുക്കുന്നതിനും വ്യാപാരത്തില്‍ പ്രാദേശിക/ദേശീയ കറന്‍സികളുടെ ഉപയോഗം വിപുലീകരിക്കുന്നതിനും അദ്ദേഹം ആഹ്വാനം ചെയ്തു.

ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഇരുരാജ്യങ്ങള്‍ക്കും പ്രയോജനപ്പെടുന്ന തന്ത്രപരമായ സൗഹൃദവുമായി മുന്നോട്ട് പോകുമെന്നും, മേഖലയില്‍ ശാശ്വത സമാധാനം നിലനിര്‍ത്താന്‍ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്നും നരേന്ദ്ര മോദി പറഞ്ഞു. കൂടിക്കാഴ്ചക്ക് ശേഷം പങ്കുവെച്ച എക്‌സ് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഒരുമാസത്തിനിടെ ഇരു നേതാക്കളും നടത്തുന്ന രണ്ടാമത്തെ കൂടിക്കാഴ്ചയാണിത്.

കിര്‍ഗിസ്ഥാനിലെ ബിഷ്‌കകില്‍ നടന്ന 26ാമത് ഷാങ്ഹായ് സഹകരണ സംഘടനയുടെ ഉച്ചകോടിയില്‍ വെച്ചായിരുന്നു ഇരു നേതാക്കളും കൂടിക്കാഴ്ച നടത്തിയത്.

Content Highlight: Cooperation in trade and economic sectors to be expanded: Modi and Pezeshkian meet at BRICS summit.

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more