| Sunday, 14th June 2026, 10:14 pm

ഒരു റണ്‍സ് കൂടി നേടാമായിരുന്നില്ലേ! ചരിത്രത്തിലെ ഏറ്റവും വലിയ നിര്‍ഭാഗ്യവാനായി 22കാരന്‍

സുദേവ് എ

ബംഗ്ലാദേശിനെതിരെയുള്ള മൂന്ന് ഏകദിന മത്സരങ്ങളുടെ പരമ്പരയിലെ അവസാന മത്സരത്തില്‍ ഓസ്ട്രേലിയ വിജയിച്ചിരുന്നു. ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ചുകൊണ്ട് ബംഗ്ലാദേശ് നേരത്തെ തന്നെ പരമ്പര സ്വന്തമാക്കിയിരുന്നു. ചരിത്രത്തിലാദ്യമായാണ് ഓസ്‌ട്രേലിയക്കെതിരെ ഒരു ഏകദിന പരമ്പരയില്‍ ബംഗ്ലാദേശ് ജയിക്കുന്നത്. അവസാന മത്സരത്തില്‍ കങ്കാരുപ്പട ആശ്വാസ വിജയവുമായാണ് മടങ്ങിയത്.

ഷെര്‍ ഇ ബംഗ്ലാ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഒരു വിക്കറ്റിനാണ് ഓസ്‌ട്രേലിയ വിജയിച്ചത്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 50 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 274 റണ്‍സാണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഓസ്ട്രേലിയ മൂന്ന് പന്തുകളും ഒരു വിക്കറ്റും ബാക്കിനില്‍ക്കെ ലക്ഷ്യം മറികടന്നു.

കൂപ്പർ കനോലി

സെഞ്ച്വറി നേടിയ യുവതാരം കൂപ്പര്‍ കനോലിയുടെ മിന്നും പ്രകടനത്തിന്റെ കരുത്തിലാണ് ഓസ്ട്രേലിയ വിജയം കൈപ്പിടിയിലാക്കിയത്. 134 പന്തില്‍ 149 റണ്‍സാണ് കനോലി അടിച്ചെടുത്തത്. 13 ഫോറുകളും ആറ് കൂറ്റന്‍ സിക്സുകളും അടങ്ങുന്നതായിരുന്നു താരത്തിന്റെ പ്രകടനം. ഒരു റണ്‍സകലെയാണ് താരത്തിന് 150 റണ്‍സ് എന്ന നേട്ടം നഷ്ടമായത്. മുസ്തഫിസുര്‍ റഹീമിന്റെ പന്തില്‍ ക്ലീന്‍ ബൗള്‍ഡായാണ് താരം മടങ്ങിയത്.

ഏകദിനത്തില്‍ 149 റണ്‍സിന് പുറത്താവുന്ന അഞ്ചാമത്തെ താരമാണ് കനോലി. വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം വിവ് റിച്ചാര്‍ഡ്സാണ് ആദ്യമായി ഏകദിനത്തില്‍ 149 റണ്‍സിന് പുറത്തായ താരം. 1983ല്‍ ഇന്ത്യക്കെതിരെയായിരുന്നു താരം 149ന് മടങ്ങിയത്. പിന്നീട് മുന്‍ ഓസ്ട്രേലിയന്‍ വിക്കറ്റ് കീപ്പര്‍ ആദം ഗില്‍ക്രിസ്റ്റും ഇത്തരത്തില്‍ പുറത്തായി. 2007ല്‍ ശ്രീലങ്കക്കെതിരെയായിരുന്നു ഗില്‍ക്രിസ്റ്റിന്റെ നിര്‍ഭാഗ്യ വിക്കറ്റ്.

2015ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ സൗത്ത് ആഫ്രിക്കന്‍ ഇതിഹാസം എ.ബി ഡിവില്ലിയേഴ്‌സും 149 പുറത്തായി. തൊട്ടടുത്ത വര്‍ഷം ഓസീസ് താരം സ്റ്റീവ് സ്മിത്തും 150 റണ്‍സ് നേടാനാകാതെ മടങ്ങി. ഇന്ത്യക്കെതിരെയായിരുന്നു സ്മിത്ത് 149 റണ്‍സ് നേടി പുറത്തായത്. ഇപ്പോള്‍ 10 വര്‍ഷങ്ങള്‍ക്ക് ശേഷം ഓസ്ട്രേലിയയുടെ 22കാരനും ഈ നിര്‍ഭാഗ്യ ലിസ്റ്റില്‍ ഇടം നേടിയിരിക്കുകയാണ്.

അതേസമയം ബംഗ്ലാദേശ് ബൗളിങ്ങില്‍ ഷോരിഫുള്‍ ഇസ്ലാം ആറ് വിക്കറ്റുകള്‍ നേടി ഓസ്ട്രേലിയയെ സമ്മര്‍ദത്തിലാക്കുകയായിരുന്നു. മുഷ്ഫിഖുര്‍ റഹ്‌മാന്‍, ടാസ്‌കിന്‍ അഹമ്മദ്, മെഹദി ഹസന്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.

ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശിന് വേണ്ടി തൗഹീദ് ഹൃദോയ്(88), ലിട്ടണ്‍ ദാസ്(58*), മൊസാദക് ഹുസൈന്‍ (56*) എന്നിവര്‍ മികച്ച പ്രകടനം പുറത്തെടുത്തു.

Content Highlight: Cooper Connolly joins the unfortunate list of players who were dismissed for 149 in ODIs

സുദേവ് എ

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

Latest Stories

We use cookies to give you the best possible experience. Learn more