ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ പഞ്ചാബ് കിങ്‌സിനെ വീഴ്ത്തി സണ്‍റൈസേഴ്‌സ് ഹൈദരാബാദ് വിജയവഴിയില്‍ തിരിച്ചെത്തിയിരുന്നു. സ്വന്തം തട്ടകത്തില്‍ നടന്ന മത്സരത്തില്‍ പഞ്ചാബ് കിങ്സിനെ 33 റണ്‍സിനായിരുന്നു ഓറഞ്ച് ആര്‍മി വീഴ്ത്തിയത്.
ഹൈദരാബാദ് ഉയര്‍ത്തിയ 236 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന പഞ്ചാബ് നിരയില്‍ കൂപ്പര്‍ കനോലി സെഞ്ച്വറി നേടിയെങ്കിലും ടീമിന് 202 റണ്‍സ് മാത്രമാണ് എടുക്കാന്‍ സാധിച്ചത്. ഇതോടെ ഹൈദരാബാദ് പോയിന്റ് ടേബിളില്‍ ഒന്നാമതെത്തി. പഞ്ചാബ് തുടര്‍ച്ചയായ മൂന്നാം തോല്‍വിയോടെ രണ്ടാം സ്ഥാനത്തേക്ക് വീഴുകയും ചെയ്തു.
മത്സരത്തില്‍ പഞ്ചാബ് പരാജയപ്പെട്ടെങ്കിലും ഓസ്ട്രേലിയന്‍ യുവതാരം കൂപ്പര്‍ കനോലിയുടെ സെഞ്ച്വറിയാണ് ഏറെ ശ്രദ്ധേയമായത്. 59 പന്തില്‍ പുറത്താവാതെ 107 റണ്‍സ് നേടിയാണ് കനോലി തിളങ്ങിയത്. ഏഴ് ഫോറുകളും എട്ട് സിക്‌സുകളും അടങ്ങുന്നതാണ് താരത്തിന്റെ ഇന്നിങ്സ്. ഇതോടെ ഐ.പി.എല്ലില്‍ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ വിദേശ താരമെന്ന നേട്ടവും കനോലിയെ തേടിയെത്തി.
22 വയസും 257 ദിവസവും പ്രായമുള്ളപ്പോഴാണ് താരത്തിന്റെ നേട്ടം. സൗത്ത് ആഫ്രിക്ക താരം ക്വിന്റണ്‍ ഡി കോക്കിനെ മറികടന്നാണ് കനോലി ഒന്നാമനായത്. 23 വയസും 122 ദിവസവും പ്രായമുള്ളപ്പോഴായിരുന്നു ഡി കോക്ക് സെഞ്ച്വറി നേടിയിരുന്നത്.
മത്സരത്തില്‍ ഹൈദരാബാദ് ഉയര്‍ത്തിയ കൂറ്റന്‍ ടോട്ടല്‍ പിന്തുടര്‍ന്ന പഞ്ചാബിന് 23 റണ്‍സ് ചേര്‍ത്തപ്പോഴേക്കും മൂന്ന് പേരെ നഷ്ടമായി. പാറ്റ് കമ്മിന്‍സ്, നിതീഷ്, ഇഷാന്‍ മലിംഗ എന്നിവരുടെ സ്‌ട്രൈക്കില്‍ പ്രിയാന്‍ഷ് ആര്യ (മൂന്ന് പന്തില്‍ ഒന്ന്), പ്രഭ്സിമ്രാന്‍ സിങ് (നാല് പന്തില്‍ മൂന്ന്), ശ്രേയസ് അയ്യര്‍ (അഞ്ച് പന്തില്‍ അഞ്ച്) എന്നിവര്‍ മടങ്ങി. 14 പന്തില്‍ 28 റണ്‍സുമായി മര്‍ക്കസ് സ്റ്റോയ്‌നിസ് പിടിച്ച് നില്‍ക്കാന്‍ ശ്രമിച്ചെങ്കിലും ഒടുവില്‍ ശിവാംഗ് കുമാറിന് മുന്നില്‍ കീഴടങ്ങി. പിന്നാലെത്തിയ സൂര്യന്‍ഷ് ഷെഡ്‌ജെ 17 പന്തില്‍ 25 റണ്‍സെടുത്ത് മടങ്ങുകയായിരുന്നു. കമ്മിന്‍സിനായിരുന്നു വിക്കറ്റ്.
അടുത്ത ഓവറില്‍ ക്രീസിലെത്തിയ ശശാങ്ക് സിങ് (മൂന്ന് പന്തില്‍ നാല്) സാകിബ് ഹുസൈന് മുന്നില്‍ അടിയറവ് പറഞ്ഞു. അപ്പോഴെല്ലാം ഒരുവശത്ത് കനോലി പിടിച്ചുനിന്നു. പിന്നാലെത്തിയ മാര്‍ക്കോ യാന്‍സനെ കൂട്ടുപിടിച്ച് കനോലി സ്‌കോറുയര്‍ത്തി. ഇരുവരും ഫിഫ്റ്റി കൂട്ടുകെട്ട് ഉയര്‍ത്തി ടീമിന് പ്രതീക്ഷ നല്‍കി. അവസാന ഓവറിലെ ആദ്യ പന്തില്‍ യാന്‍സന്‍ 16 പന്തില്‍ 19 റണ്‍സുമായി ശിവാംഗിന് വിക്കറ്റ് നല്‍കി മടങ്ങി. എന്നാല്‍ അവസാനം വരെ ക്രീസില്‍ പൊരുതി നിന്ന് കനോലി പഞ്ചാബിന്റെ തോല്‍വി ഭാരം കുറച്ചു.
അതേസമയം ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് ഹെന്റിക് ക്ലാസന്‍(43 പന്തില്‍ 69), ഇഷാന്‍ കിഷന്‍(32 പന്തില്‍ 55 എന്നിവരുടെ കരുത്തിലാണ് കൂറ്റന്‍ ടോട്ടല്‍ സ്വന്തമാക്കിയത്. ട്രാവിസ് ഹെഡ് 38 റണ്‍സും അഭിഷേക് ശര്‍മ 35 റണ്‍സും നിതീഷ് കുമാര്‍ റെഡ്ഢി 29 റണ്‍സും നേടി ടീമിനായി കൂറ്റന്‍ ടോട്ടല്‍ നേടികൊടുക്കുന്നതില്‍ നിര്‍ണായകമായി.
മെയ് 11ന് ദല്‍ഹി ക്യാപിറ്റല്‍സിനെതിരെയാണ് ശ്രേയസ് അയ്യരുടെയും സംഘത്തിന്റെയും അടുത്ത മത്സരം. സണ്‍റൈസേഴ്സ് ഹൈദരാബാദ് മെയ് 12നാണ് തങ്ങളുടെ അടുത്ത മത്സരത്തിനിറങ്ങുന്നത്. ഗുജറാത്ത് ടൈറ്റന്‍സാണ് എതിരാളികള്‍.
Content Highlight: Cooper Connolly Become the youngest overseas player to score century in IPL