ഇന്ത്യന്‍ സിനിമ കണ്ട ഏറ്റവും വലിയ ക്ലാഷിന് ഈ മാസം കളമൊരുങ്ങുകയാണ്. ബോളിവുഡിന്റെ സ്‌പൈ ത്രില്ലര്‍ വാര്‍ 2വിനൊപ്പം തമിഴ് ചിത്രം കൂലി ബോക്‌സ് ഓഫീസില്‍ മാറ്റുരക്കുമ്പോള്‍ ആവേശം വാനോളമാണ്. വന്‍ ബജറ്റിലെത്തുന്ന രണ്ട് സിനിമകള്‍ തമ്മിലുള്ള ക്ലാഷില്‍ ആരാകും വിജയിക്കുക എന്നറിയാന്‍ കാത്തിരിക്കുകയാണ് സിനിമാലോകം.
ഇന്ത്യന്‍ സിനിമയിലെ വമ്പന്മാരായ യഷ് രാജ് ഫിലിംസാണ് വാര്‍ 2വിന്റെ നിര്‍മാതാക്കള്‍. ബോളിവുഡ് എല്ലായ്‌പ്പോഴും ഒന്നാമതാണെന്ന് വരുത്തിതീര്‍ക്കാന്‍ ശ്രമിക്കുന്ന യഷ് രാജ് ഇത്തവണയും തങ്ങളുടെ സ്ഥിരം തന്ത്രങ്ങള്‍ പയറ്റുകയാണ്. റിലീസിന് ഒരുമാസം ബാക്കിയുള്ളപ്പോള്‍ ഇന്ത്യയിലെ എല്ലാ ഐമാക്‌സ് സ്‌ക്രീനും സ്വന്തമാക്കിയാണ് യഷ് രാജ് ഫിലിംസ് തങ്ങളുടെ അവസാനത്തെ അടവും പയറ്റിയത്.
എന്നാല്‍ ഇതെല്ലാം കൂലിയെ ബാധിക്കുന്നില്ലെന്നാണ് അഡ്വാന്‍സ് സെയില്‍സ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ബോളിവുഡ് സിനിമകള്‍ക്ക് എന്നും നല്ല പിന്തുണ ലഭിക്കുന്ന ഓവര്‍സീസില്‍ പോലും വാര്‍ 2വിനോട് പ്രേക്ഷകര്‍ വിമുഖത കാണിക്കുകയാണ്. വാര്‍ 2വിന്റെ ആറിരട്ടിയാണ് കൂലിയുടെ പ്രീ സെയില്‍ ബിസിനസ്. റിലീസിന് ഇനിയും എട്ട് ദിവസം ബാക്കിയുള്ളപ്പോള്‍ വന്‍ മാര്‍ജിനില്‍ കൂലി ലീഡ് ചെയ്യുമെന്ന് ഉറപ്പായിക്കഴിഞ്ഞു.
ബോളിവുഡ് സിനിമകള്‍ക്ക് എന്നും നല്ല സ്വീകരണം ലഭിക്കുന്ന അമേരിക്കയിലാണ് കൂലിയുടെ തൂക്കിപ്പറത്തല്‍. തമിഴ്, തെലുങ്ക് വേര്‍ഷനുകള്‍ കൊണ്ട് ഇതിനോടകം ഒരു മില്യണിലധികം (10 ലക്ഷം) പ്രീ സെയിലിലൂടെ നേടാന്‍ കൂലിക്ക് സാധിച്ചു. എന്നാല്‍ വാര്‍ 2 ഇതുവരെ വെറും രണ്ട് ലക്ഷം മാത്രമേ നേടിയുള്ളൂ. സ്‌പൈ യൂണിവേഴ്‌സിന്റെ ഹൈപ്പൊന്നും ചിത്രത്തിന് ഗുണം ചെയ്യുന്നില്ല.
ഹൃതിക് റോഷന് പുറമെ തെലുങ്ക് സൂപ്പര്‍താരം ജൂനിയര്‍ എന്‍.ടി.ആറും വാര്‍ 2വിന്റെ ഭാഗമാകുന്നുണ്ട്. 350 കോടിയിലൊരുങ്ങുന്ന ചിത്രത്തിന്റെ ട്രെയ്‌ലറിനടക്കം തണുപ്പന്‍ പ്രതികരണമാണ് ലഭിച്ചത്. സ്ഥിരം വെടിവെപ്പ് കഥയുമായി എത്തുന്ന വാര്‍ 2വിന് രജിനിയുടെ കൂലിയുമായി മുട്ടിനില്‍ക്കാനാകുമോ എന്ന് സംശയമാണെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.
രജിനികാന്ത്, ആമിര്‍ ഖാന്‍, നാഗാര്‍ജുന, സൗബിന്‍ ഷാഹിര്‍, ഉപേന്ദ്ര തുടങ്ങി വന്‍ താരനിരയാണ് കൂലിയില്‍ അണിനിരക്കുന്നത്. അനിരുദ്ധ് ഈണമിട്ട പാട്ടുകളും ട്രെന്‍ഡിങ്ങായി മാറി. 30 വര്‍ഷങ്ങള്‍ക്ക് ശേഷം ‘A’ സര്‍ട്ടിഫിക്കറ്റ് ലഭിച്ച രജിനി ചിത്രം കൂടിയാണ് കൂലി.
Content Highlight: Coolie took lead on War 2 in pre sales