| Friday, 11th July 2025, 6:36 pm

അന്ന് പറുദീസ, ഇന്ന് മോണിക്ക, പൂജ ഹെഗ്‌ഡേയെ സൈഡാക്കി സൗബിന്റെ ഡാന്‍സ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിനിമാലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കൂലി. രജിനികാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് ഒരുക്കുന്ന ചിത്രം ഇന്‍ഡസ്ട്രിയുടെ അഭിമാന പ്രൊജക്ടാകുമെന്നാണ് ആരാധകര്‍ അഭിപ്രായപ്പെടുന്നത്. വന്‍ ബജറ്റിലൊരുങ്ങുന്ന ചിത്രത്തിന്റെ ഓരോ അപ്‌ഡേറ്റും സോഷ്യല്‍ മീഡിയയെ ഇളക്കിമറിച്ചിരുന്നു.

ഇപ്പോഴിതാ ചിത്രത്തിലെ രണ്ടാമത്തെ ഗാനം അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുകയാണ്. പൂജ ഹെഗ്‌ഡേ അതിഥിവേഷത്തിലെത്തിയ ഗാനം ഇനിമുതല്‍ ചാര്‍ട്ബസ്റ്ററാകുമെന്ന് ഏറെക്കുറെ ഉറപ്പായി. അനിരുദ്ധിന്റെ സ്ഥിരം ശൈലിയിലുള്ള ബീറ്റാണെങ്കിലും കൊറിയോഗ്രഫിയും ആര്‍ട്ടിസ്റ്റുകളുടെ പെര്‍ഫോമന്‍സുമാണ് ‘മോണിക്ക’ എന്ന് തുടങ്ങുന്ന ഗാനത്തെ വ്യത്യസ്തമാക്കുന്നത്.

പൂജ ഹെഗ്‌ഡേയുടെ സ്‌ക്രീന്‍ പ്രസന്‍സിനെ വെല്ലുന്ന തരത്തില്‍ ചുവട് വെച്ചതും പാട്ട് മൊത്തത്തില്‍ കൊണ്ടുപോയതും മലയാളികളുടെ സ്വന്തം സൗബിന്‍ ഷാഹിറാണ്. തമിഴിലെ അരങ്ങേറ്റ ചിത്രത്തില്‍ ലഭിച്ച ഫാസ്റ്റ് നമ്പര്‍ സൗബിന്‍ ഒട്ടും മോശമാക്കിയില്ല. അനിരുദ്ധിന്റെ ബീറ്റുകള്‍ക്കൊപ്പം സൗബിന്റെ ചുവടുകളും ഗാനത്തെ മികച്ച അനുഭവമാക്കി മാറ്റി. മുമ്പ് മലയാള ചിത്രം ഭീഷ്മ പര്‍വത്തിലെ ‘പറുദീസ’ എന്ന ഗാനത്തിലെ സൗബിന്റെ ചുവടുകളും ശ്രദ്ധിക്കപ്പെട്ടിരുന്നു.

ലോകേഷിന്റെ സിഥ്രം ഫ്‌ളേവറുകള്‍ അധികവും കൂലിയില്‍ ഉണ്ടാകില്ലെന്ന് ഈയൊരു ഗാനത്തോടെ വ്യക്തമായിരിക്കുകയാണ്. ആദ്യത്തെ രണ്ട് സിനിമകളിലും നായികയും പാട്ടുകളും ഇല്ലാതെ പ്രേക്ഷകരെ പിടിച്ചിരുത്തിയ ലോകേഷ് ഇത്തവണ തന്റെ ട്രാക്ക് മാറ്റിയിരിക്കുകയാണ്. ഇന്ത്യയിലെ വമ്പന്‍ താരങ്ങളെ അണിനിരത്തി ഒരുക്കുന്ന കൂലിയില്‍ ഇനിയും സര്‍പ്രൈസുകളുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

തെലുങ്ക് സൂപ്പര്‍താരം നാഗാര്‍ജുനയാണ് കൂലിയില്‍ രജിനികാന്തിന്റെ വില്ലനായി പ്രത്യക്ഷപ്പെടുന്നത്. സൈമണ്‍ എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. ഇതുവരെ കാണാത്ത തരത്തില്‍ ക്രൂരനായ കഥാപാത്രമാണ് തന്റേതെന്ന് നാഗാര്‍ജുന അടുത്തിടെ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. കന്നഡ സൂപ്പര്‍താരം ഉപേന്ദ്രയും കൂലിയില്‍ ശക്തമായ വേഷം കൈകാര്യം ചെയ്യുന്നു.

തമിഴ് താരം സത്യരാജ്, ശ്രുതി ഹാസന്‍ എന്നിവരും ചിത്രത്തില്‍ അണിനിരക്കുന്നു. ബോളിവുഡിന്റെ മിസ്റ്റര്‍ പെര്‍ഫക്ഷനിസ്റ്റ് ആമിര്‍ ഖാന്‍ കൂലിയില്‍ അതിഥിവേഷത്തിലെത്തുന്നുണ്ട്. ഇതുവരെ കാണാത്ത തരത്തില്‍ മാസ് കഥാപാത്രമായാണ് ആമിര്‍ കൂലിയിലെത്തുന്നത്. വന്‍ ബജറ്റിലൊരുങ്ങുന്ന കൂലി ഓഗസ്റ്റ് 14ന് തിയേറ്ററുകളിലെത്തും. ബോളിവുഡ് വമ്പന്മാരായ വാര്‍ 2വുമായാണ് കൂലി ക്ലാഷിനൊരുങ്ങുന്നത്.

Content Highlight: Coolie movie second single starring Soubin Shahir and Pooja Hedge out now

We use cookies to give you the best possible experience. Learn more