| Saturday, 23rd August 2025, 3:21 pm

കരിയറിലെ ആദ്യത്തെ ഫ്‌ളോപ്പ്, ബ്രേക്ക് ഈവന്‍ പോലുമാകാതെ കളംവിടാന്‍ ലോകേഷിന്റെ കൂലി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഇന്ത്യന്‍ സിനിമയൊന്നാകെ വന്‍ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു കൂലി. ഈ വര്‍ഷം റിലീസായ വമ്പന്‍ ചിത്രങ്ങളെല്ലാം ഒരുപോലെ നിരാശപ്പെടുത്തിയപ്പോള്‍ കൂലി അങ്ങനെയാകില്ലെന്നായിരുന്നു പലരും കരുതിയത്. രജിനികാന്തിന് പുറമെ ഇന്ത്യന്‍ സിനിമയിലെ പല വമ്പന്മാരും കൂലിയില്‍ അണിനിരന്നിരുന്നു.

എന്നാല്‍ ആദ്യ ഷോയ്ക്ക് പിന്നാലെ സമ്മിശ്ര പ്രതികരണങ്ങളായിരുന്നു കൂലിക്ക് ലഭിച്ചത്. കെട്ടുറപ്പില്ലാത്ത തിരക്കഥയാണ് ചിത്രത്തിന് വില്ലനായതെന്നായിരുന്നു പലരും അഭിപ്രായപ്പെട്ടത്. ആദ്യസിനിമയായ മാനഗരം മുതല്‍ ലിയോ വരെ മികച്ച രീതിയില്‍ ഒരുക്കിയ ലോകേഷ് തന്നെയാണോ ഈ കഥയെഴുതിയത് എന്നായിരുന്നു പലരും ചോദിച്ചത്.

മികച്ച മേക്കിങ്ങും അവിടവിടായി ചില ഹൈ മൊമന്റുകളും ഉണ്ടായിരുന്നെങ്കിലും പ്രേക്ഷകരെ പിടിച്ചിരുത്താന്‍ അത് മതിയാകുമായിരുന്നില്ല. കണ്ടുമടുത്ത കഥയെ അതേപടി പകര്‍ത്തുകയായിരുന്നു ലോകേഷ് കൂലിയില്‍. എന്നിരുന്നാലും ആദ്യദിനം മുതല്‍ ചിത്രത്തിന് മികച്ച കളക്ഷന്‍ ലഭിച്ചിരുന്നു. 151 കോടിയാണ് ചിത്രം ആദ്യത്തെ ദിവസം സ്വന്തമാക്കിയത്.

ആദ്യ വീക്കെന്‍ഡില്‍ 400 കോടി സ്വന്തമാക്കിയ ചിത്രം പിന്നീട് ബോക്‌സ് ഓഫീസില്‍ വീഴുകയായിരുന്നു. 350 കോടി ബജറ്റിലൊരുങ്ങിയ കൂലി ബ്രേക്ക് ഈവനാകാന്‍ 600 കോടിയാണ് വേണ്ടിയിരുന്നത്. എന്നാല്‍ റിലീസ് ചെയ്ത് ഒമ്പത് ദിവസം പിന്നിടുമ്പോള്‍ 475 കോടിയാണ് സ്വന്തമാക്കിയിരിക്കുന്നത്. 500 കോടി എന്ന നാഴികക്കല്ല് ചിത്രം പിന്നിടാന്‍ സാധ്യത കുറവാണെന്നാണ് ബോക്‌സ് ഓഫീസ് അനലിസ്റ്റുകള്‍ വിലയിരുത്തുന്നത്.

കേരളത്തിലും ചിത്രം 20 കോടിക്ക് മുകളില്‍ കളക്ട് ചെയ്‌തെങ്കിലും വിതരണക്കാര്‍ക്ക് ലാഭമൊന്നും ഉണ്ടാകാന്‍ സാധ്യതയില്ല. ബ്രേക്ക് ഇവനാകാന്‍ 29 കോടി വേണമെന്നിരിക്കെ 23 കോടി മാത്രമേ കൂലി ഇതുവരെ സ്വന്തമാക്കിയുളളൂ. ഇതോടെ ലോകേഷിന്റെ കരിയറിലെ ആദ്യത്തെ ഫ്‌ളോപ്പായി കൂലി മാറി.

കരിയറില്‍ ചെയ്ത അഞ്ച് സിനിമകള്‍ ഹിറ്റ് സ്റ്റാറ്റസിലെത്തിച്ച ലോകേഷിന് ആറാം സിനിമയായ കൂലിയില്‍ അടിതെറ്റിയിരിക്കുകയാണ്. ഇതില്‍ വിക്രം, ലിയോ എന്നിങ്ങനെ രണ്ട് ഇന്‍ഡസ്ട്രി ഹിറ്റുകളായിരുന്നു ലോകേഷ് ഒരുക്കിയത്.

കൂലിക്ക് ശേഷം നായകനായി അരങ്ങേറുന്ന ചിത്രത്തിന്റെ തിരക്കുകളിലേക്കും അതിന് ശേഷം കൈതി 2വിലേക്കും ലോകേഷ് പോകുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകളനുസരിച്ച് രജിനികാന്തിനെയും കമല്‍ ഹാസനെയും പ്രധാനവേഷത്തില്‍ അണിനിരത്തുന്ന ചിത്രത്തിലേക്ക് ലോകേഷ് കടന്നേക്കും. റിപ്പോര്‍ട്ടുകള്‍ സത്യമാണെങ്കില്‍ 47 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് രജിനിയും കമലും ഒരു സിനിമക്കായി ഒന്നിക്കുന്നത്.

Content Highlight: Coolie movie going to Flop verdict after a great weekend collection

We use cookies to give you the best possible experience. Learn more