| Monday, 11th August 2025, 3:20 pm

പ്രീ സെയില്‍ തുടങ്ങിയിട്ടും ആരും തിരിഞ്ഞുനോക്കാതെ വാര്‍ 2, ക്ലാഷെന്ന് വിളിച്ച് കൂലിയുടെ വില കളയരുതെന്ന് സോഷ്യല്‍ മീഡിയ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഇന്ത്യന്‍ സിനിമ ഉറ്റുനോക്കുന്ന ക്ലാഷിനാണ് ഈ വര്‍ഷത്തെ സ്വാതന്ത്ര്യദിനത്തിന് കളമൊരുങ്ങുന്നത്. ബോളിവുഡിലെ വമ്പന്മാരായ യഷ് രാജ് ഫിലിംസ് ഒരുക്കുന്ന സ്‌പൈ ത്രില്ലര്‍ വാര്‍ 2വും ലോകേഷും രജിനികാന്തും ഒന്നിക്കുന്ന ബ്രഹ്‌മാണ്ഡ ചിത്രം കൂലിയുമാണ് ബോക്‌സ് ഓഫീസില്‍ ഒരേദിവസം ഏറ്റുമുട്ടുന്നത്. രണ്ട് സിനിമകളും ഒരേദിവസം റിലീസ് പ്രഖ്യാപിച്ചത് സിനിമാലോകത്ത് വലിയ ചര്‍ച്ചയായിരുന്നു.

ബജറ്റും പോപ്പുലാരിറ്റിയും കൊണ്ട് വാര്‍ 2 ബോക്‌സ് ഓഫീസില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കുമെന്നായിരുന്നു പലരും കരുതിയത്. യഷ് രാജ് ഫിലിംസിന്റെ സ്‌പൈ യൂണിവേഴ്‌സിന്റെ ബലവും ഹൃതിക് റോഷനും പാന്‍ ഇന്ത്യന്‍ സ്റ്റാര്‍ഡത്തിലേക്ക് ഉയരുന്ന ജൂനിയര്‍ എന്‍.ടി.ആറും ചിത്രത്തിന്റെ ഹൈപ്പ് കൂട്ടുന്ന കാര്യങ്ങളായിരുന്നു.

ഇപ്പുറത്ത് രജിനികാന്തിനൊപ്പം പല ഇന്‍ഡസ്ട്രിയിലെ താരങ്ങളും കൂലിയില്‍ അണിനിരക്കുന്നുണ്ട്. തെലുങ്ക് താരം നാഗാര്‍ജുന, കന്നയില്‍ നിന്ന് ഉപേന്ദ്ര, മലയാളി താരം സൗബിന്‍ ഷാഹിര്‍ എന്നിവര്‍ക്കൊപ്പം ബോളിവുഡ് താരം ആമിര്‍ ഖാനും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. കഴിഞ്ഞ മാസം വരെ പലരും ക്ലാഷില്‍ വാര്‍ 2വിനായിരുന്നു മുന്‍തൂക്കം നല്‍കിയത്.

എന്നാല്‍ രണ്ട് ചിത്രങ്ങളുടെയും ട്രെയ്‌ലര്‍ റിലീസിന് പിന്നാലെ കൂലിയുടെ ഹൈപ്പ് കുത്തനെ ഉയര്‍ന്നു. പ്രീ സെയിലിലും കൂലിയുടെ തേരോട്ടമാണ് കാണാന്‍ സാധിക്കുന്നത്. ഓവര്‍സീസിലും ഇന്ത്യയിലും വാര്‍ 2വിനെക്കാള്‍ ബഹുദൂരം മുമ്പിലാണ് കൂലി. സ്‌ക്രീനുകളുടെ എണ്ണത്തില്‍ കൂലിയെക്കാള്‍ കൂടുതല്‍ നേടാന്‍ വാര്‍ 2 ശ്രമിക്കുന്നുണ്ടെങ്കിലും അഡ്വാന്‍സ് സെയിലില്‍ ചിത്രത്തോട് ആരും വലിയ പ്രതീക്ഷ കാണിക്കുന്നില്ല. സ്‌പൈ യൂണിവേഴ്‌സിലെ മുന്‍ ചിത്രം ടൈഗര്‍ 3യുടെ ബോക്‌സ് ഓഫീസ് പ്രകടനമാണ് വാര്‍ 2വിന് വിനയായത്.

പ്രീ സെയിലില്‍ ഇതിനോടകം 51 കോടിയോളം കൂലി സ്വന്തമാക്കിക്കഴിഞ്ഞു. കേരളത്തില്‍ നിന്ന് മാത്രം ആറ് കോടിയും കടന്ന് കൂലിയുടെ അഡ്വാന്‍സ് സെയില്‍ കുതിക്കുകയാണ്. കേരളത്തില്‍ നിന്ന് ഡബിള്‍ ഡിജിറ്റ് ഫസ്റ്റ് ഡേ കളക്ഷന്‍ സ്വന്തമാക്കുന്ന രണ്ടാമത്തെ തമിഴ് ചിത്രമായി കൂലി മാറുമെന്നാണ് കരുതുന്നത്. ആദ്യദിനം തന്നെ 100 കോടി കളക്ഷന്‍ സ്വന്തമാക്കാന്‍ കൂലിക്ക് സാധിക്കുമോ എന്നാണ് പലരും ഉറ്റുനോക്കുന്നത്.

അതേ സമയം വാര്‍ 2വിന്റെ പ്രീ സെയില്‍ ഇപ്പോഴും 10 കോടി കടന്നിട്ടില്ല. ഇന്ത്യയില്‍ മാത്രം 1000ലധികം സ്‌ക്രീനുകള്‍ ഇതിനോടകം യഷ് രാജ് ചാര്‍ട്ട് ചെയ്തിട്ടുണ്ടെങ്കിലും അഡ്വാന്‍സ് ബുക്കിങ്ങില്‍ ചിത്രത്തിന് വലിയ അനക്കമില്ല. ബുക്ക്‌മൈഷോയില്‍ കൂലിയുടെ പകുതി ടിക്കറ്റുകള്‍ പോലും വാര്‍ 2വിന്റേതായി വിറ്റുപോയിട്ടില്ല. ശക്തന്മാരുടെ ക്ലാഷില്‍ നിന്ന് ഇത്തരത്തില്‍ വണ്‍ സൈഡഡായി ഈ ക്ലാഷ് മാറിയത് സിനിമാലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്.

Content Highlight: Coolie far ahead than War 2 in pre sales and aiming for 100 crore opening

We use cookies to give you the best possible experience. Learn more