| Friday, 8th August 2025, 12:59 pm

എമ്പുരാനും സേഫല്ലെന്ന് തോന്നുന്നു, കേരള ബുക്കിങ് ആരംഭിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ ട്രെന്‍ഡായി കൂലി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കാത്തിരിപ്പിനൊടുവില്‍ രജിനികാന്ത് ചിത്രം കൂലിയുടെ ബുക്കിങ് ആരംഭിച്ചിരിക്കുകയാണ്. നിലവില്‍ കേരളത്തില്‍ മാത്രമാണ് ബുക്കിങ് തുടങ്ങിയത്. തമിഴ്‌നാട്, കര്‍ണാടക, ആന്ധ്ര/ തെലങ്കാന എന്നിവിടങ്ങളില്‍ വരുംദിവസങ്ങളില്‍ ബുക്കിങ് ആരംഭിക്കുമെന്നാണ് വിവരം. എന്നാല്‍ കേരളത്തില്‍ മാത്രം ബുക്കിങ് ആരംഭിച്ച കൂലി വന്‍ തൂക്കിയടിയാണ് ബുക്ക്‌മൈഷോയില്‍ നടത്തുന്നത്.

10 മണിക്ക് ബുക്കിങ് ആരംഭിച്ച് രണ്ട് മണിക്കൂറിനുള്ളില്‍ ഒരു ലക്ഷത്തിനടുത്ത് ടിക്കറ്റുകളാണ് വിറ്റുപോയിരിക്കുന്നത്. ഇനിയും പല തിയേറ്ററുകളിലും ബുക്കിങ് ആരംഭിക്കാന്‍ ബാക്കിയുണ്ടെന്നുള്ളതാണ് ശ്രദ്ധേയം. 563 ഷോയില്‍ നിന്ന്  ഇതിനോടകം ഒരു കോടിയുടെ പ്രീ സെയിലാണ് കേരളത്തില്‍ നിന്ന് മാത്രം കൂലി സ്വന്തമാക്കിയത്.

കേരളത്തിലെ കിങ് സൈസ് തിയേറ്ററുകളായ തിരുവനന്തപുരം ഏരീസ്‌പ്ലെക്‌സ്, കോഴിക്കോട് അപ്‌സര, തൃശൂര്‍ രാഗം, എറണാകുളം കവിത എന്നീ തിയേറ്ററുകളിലെ ആദ്യദിവസത്തെ ടിക്കറ്റുകള്‍ ഇതിനോടകം വിറ്റഴിക്കപ്പെട്ട് കഴിഞ്ഞു. പലയിടത്തും ബുക്ക്‌മൈഷോ ആപ്പ് ക്രാഷായെന്നുള്ള വാര്‍ത്തകളും പുറത്തുവരുന്നുണ്ട്.

മണിക്കൂറില്‍ 50000ലധികം ടിക്കറ്റുകളാണ് കൂലിയുടേതായി വിറ്റുപോകുന്നത്. കേരളത്തിന് പുറത്തുള്ള ബുക്കിങ് കൂടി ആരംഭിച്ചാല്‍ ഇത് വലിയ സംഖ്യകളിലേക്ക് പോകാന്‍ സാധ്യതയുണ്ട്. മോഹന്‍ലാല്‍ ചിത്രം എമ്പുരാനാണ് നിലവില്‍ ബുക്ക്‌മൈഷോയിലെ വലിയൊരു നേട്ടത്തിന് ഉടമ. മണിക്കൂറില്‍ ഏറ്റവുമധികം ടിക്കറ്റുകള്‍ വിറ്റുപോയ ഇന്ത്യന്‍ സിനിമയെന്ന നേട്ടമാണ് എമ്പുരാന്‍ സ്വന്തമാക്കിയത്. 96000 ടിക്കറ്റുകളായിരുന്നു എമ്പുരാന്റേതായി വിറ്റുപോയത്.

ഈ റെക്കോഡ് കൂലി തകര്‍ക്കുമെന്നാണ് പലരും പ്രതീക്ഷിക്കുന്നത്. വരുംദിവസങ്ങളില്‍ അത് സാധിക്കുമെന്നാണ് കരുതുന്നത്. എല്‍.സി.യു ഹൈപ്പോടെ ലോകേഷിന്റെ മുന്‍ ചിത്രം ലിയോ സ്വന്തമാക്കിയ പല നേട്ടങ്ങളും കൂലി തകര്‍ത്തെറിയുമെന്ന് ഏറെക്കുറെ ഉറപ്പായി. പോസിറ്റീവ് റിവ്യൂ ലഭിച്ചാല്‍ ലോകേഷിന്റെ ഹാട്രിക് ഇന്‍ഡസ്ട്രി ഹിറ്റിനൊപ്പം തമിഴിലെ ആദ്യത്തെ 1000 കോടി ചിത്രമെന്ന നേട്ടവും കൂലിയുടെ പേരിലാകുമെന്നാണ് കരുതുന്നത്.

ഓഗസ്റ്റ് 14ന് ഇന്ത്യന്‍ സമയം പുലര്‍ച്ചെ നാല് മണിക്കാണ് കൂലിയുടെ യു.എസ്. പ്രീമിയര്‍. തമിഴ്‌നാട്ടില്‍ രാവിലെ ഒമ്പത് മണിക്കും കേരളത്തില്‍ പുലര്‍ച്ചെ ആറ് മണിക്കും ആദ്യ ഷോ ആരംഭിക്കും. കര്‍ണാടകയിലും ആന്ധ്രയിലും പുലര്‍ച്ചെ അഞ്ച് മണിക്കായിരിക്കും ആദ്യ ഷോയെന്നാണ് റിപ്പോര്‍ട്ടുകള്‍. തമിഴ് സിനിമാ ചരിത്രത്തിലെ നാഴികക്കല്ലായി മാറുമെന്നുള്ള പ്രതീക്ഷയാണ് ആരാധകര്‍ക്കുള്ളത്.

Content Highlight: Coolie earned one crore from pre sales within one hour after booking started

We use cookies to give you the best possible experience. Learn more