| Tuesday, 12th August 2025, 5:44 pm

രജിനി എഫക്ടോ ലോകേഷ് എഫക്ടോ, പ്രീ സെയിലിലൂടെ മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ ഫസ്റ്റ് ഡേ കളക്ഷന്‍ മറികടന്ന് കൂലി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തമിഴ് സിനിമ ഈ വര്‍ഷം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കൂലി. സൂപ്പര്‍സ്റ്റാര്‍ രജിനികാന്തിന്റെ 171ാമത് ചിത്രമായി ഒരുങ്ങുന്ന കൂലി തമിഴ് ഇന്‍ഡസ്ട്രിയിലെ നാഴികക്കല്ലായി മാറുമെന്ന് ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു. ഇന്ത്യന്‍ സിനിമയിലെ വമ്പന്‍ താരങ്ങള്‍ അണിനിരക്കുന്ന കൂലിയുടെ റിലീസ് ഉത്സവമാക്കാനാണ് ആരാധകര്‍ തീരുമാനിച്ചിരിക്കുന്നത്.

കേരളത്തിലും ചിത്രത്തിന് വന്‍ ഡിമാന്‍ഡാണ്. ബുക്കിങ് ആരംഭിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ കേരളത്തിലെ കിങ് സൈസ് തിയേറ്ററുകളിലെ ടിക്കറ്റുകള്‍ വിറ്റഴിക്കപ്പെട്ടു. രാവിലെ ആറ് മണിക്കാണ് കേരളത്തില്‍ കൂലിയുടെ ആദ്യ ഷോ ആരംഭിക്കുക. ഇപ്പോഴിതാ പ്രീ സെയിലിലൂടെ മാത്രം വലിയൊരു നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് കൂലി.

അഡ്വാന്‍സ് ബുക്കിങ്ങിലൂടെ മാത്രം 6.30 കോടി ഇതിനോടകം സ്വന്തമാക്കിക്കഴിഞ്ഞു. മലയാളത്തിന്റെ സ്വന്തം മമ്മൂട്ടിയുടെ കരിയര്‍ ബെസ്റ്റ് ഫസ്റ്റ് ഡേ കളക്ഷനെക്കാള്‍ വലുതാണ് ഇത്. മമ്മൂട്ടി- അമല്‍ നീരദ് കോമ്പോയിലെത്തിയ ഭീഷ്മ പര്‍വം സ്വന്തമാക്കിയ 6.28 കോടിയാണ് രജിനിയുടെ കൂലി മറികടന്നത്. റിലീസിന് രണ്ട് ദിവസം കൂടിയുള്ളപ്പോള്‍ പ്രീ സെയില്‍ തുക ഇനിയും കൂടാനാണ് സാധ്യത.

എന്നാല്‍ ഏറ്റവുമുയര്‍ന്ന ഫസ്റ്റ് ഡേ കളക്ഷന്‍ എന്ന റെക്കോഡ് കൂലിക്ക് മറികടക്കാനാകില്ലെന്ന് ഉറപ്പാണ്. മോഹന്‍ലാലിന്റെ എമ്പുരാനാണ് ഒന്നാം സ്ഥാനത്ത്. ഇന്‍ഡസ്ട്രിയിലെ കളക്ഷന് റെക്കോഡുകള്‍ തകര്‍ത്ത എമ്പുരാന്‍ 14 കോടിയാണ് ആദ്യദിനം കേരളത്തില്‍ നിന്ന് മാത്രം നേടിയത്. വിജയ് ചിത്രം ലിയോ (12 കോടി) സ്വന്തം പേരിലാക്കി വെച്ചിരുന്ന റെക്കോഡാണ് എമ്പുരാന്‍ തകര്‍ത്തത്.

കൂലിക്ക് ഇത്രയും ഹൈപ്പ് വരാന്‍ കാരണം ആരാണെന്നും പലരും ചോദിക്കുന്നുണ്ട്. രജിനിയുടെ മുന്‍ ചിത്രം വേട്ടൈയന്‍ കേരളത്തില്‍ വലിയ ചലനമുണ്ടാക്കിയിരുന്നില്ല. ഫഹദ് ഫാസിലും അമിതാഭ് ബച്ചനും അണിനിരന്നിട്ടും 4.1 കോടി മാത്രമായിരുന്നു നേടിയത്. ഇത്തവണ രജിനിക്കൊപ്പം ലോകേഷും കൂടി ചേര്‍ന്നതാണ് ഹൈപ്പ് ഉയരാന്‍ കാരണമെന്നാണ് ബോക്‌സ് ഓഫീസ് അനലിസ്റ്റുകള്‍ അനുമാനിക്കുന്നത്.

ഇന്‍ഡസ്ട്രിയിലെ ഏറ്റവും ഹൈപ്പ് കൂടിയ പ്രൊജക്ടായ ലിയോ ആദ്യദിനം 10 കോടിക്ക് മുകളില്‍ നിന്ന് കേരളത്തില്‍ നിന്ന് സ്വന്തമാക്കിയിരുന്നു. വിജയ്‌യുടെ ഫാന്‍ ബേസിനൊപ്പം എല്‍.സി.യു ഹൈപ്പും ലിയോക്ക് ഗുണം ചെയ്തു. മലയാളത്തിലെ വന്‍ താരങ്ങള്‍ക്ക് പോലും 10 കോടി ഫസ്റ്റ് ഡേ സ്വന്തമാക്കാന്‍ സാധിക്കാതിരുന്ന ഇടത്താണ് തമിഴ് ചിത്രം ഈ നേട്ടം സ്വന്തമാക്കിയത്. രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം അതേ സംവിധായകന്‍ മറ്റൊരു മാസ് ചിത്രവുമായി വരുമ്പോഴും സ്ഥിതി വ്യത്യസ്തമല്ല. കേരളത്തിലെ പുതിയ ബ്രാന്‍ഡായി ലോകേഷ് മാറിയിരിക്കുകയാണ്.

Content Highlight: Coolie crossed Bheeshma Parvam’s first day collection through pre sales

We use cookies to give you the best possible experience. Learn more