| Friday, 15th August 2025, 1:25 pm

സൂപ്പര്‍സ്റ്റാര്‍ ഇപ്പോഴും രജിനി തന്നെ, തമിഴിലെ റെക്കോഡ് ഓപ്പണിങ്ങുമായി കൂലി, ലിയോക്ക് രണ്ടാം സ്ഥാനത്ത് വിശ്രമിക്കാം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഇന്ത്യന്‍ സിനിമയില്‍ ഏറ്റവുംവലിയ കൊമേഴ്‌സ്യല്‍ ഇന്‍ഡസ്ട്രിയാണ് കോളിവുഡ്. മാസ് മസാല ഴോണറുകള്‍ക്കൊപ്പം മികച്ച കണ്‍ന്റുകളുള്ള ചിത്രങ്ങളും ഒരുമിച്ച് കൊണ്ടുപോകാന്‍ സാധിക്കുന്ന ഒരേയൊരു ഇന്‍ഡസ്ട്രിയാണ് തമിഴ് സിനിമയെന്ന് പറയാന്‍ സാധിക്കും. നിലവില്‍ തമിഴിലെ ഏറ്റവും വലിയ താരങ്ങളാണ് രജിനികാന്തും വിജയ്‌യും.

എത്ര മോശം റിപ്പോര്‍ട്ട് ലഭിച്ചാലും ബോക്‌സ് ഓഫീസില്‍ ഒരു സിനിമയെ സേഫാക്കാന്‍ ഈ രണ്ട് താരങ്ങള്‍ക്കുള്ള കഴിവ് മറ്റ് പലരെയും അത്ഭുതപ്പെടുത്തുന്നതാണ്. എന്നാല്‍ കഴിഞ്ഞ കുറച്ച് കാലങ്ങളായി ഇരുവരില്‍ ആരാണ് തമിഴിലെ ടോപ് സ്റ്റാര്‍ എന്ന കാര്യത്തില്‍ വലിയ ചര്‍ച്ചകളാണ് അരങ്ങേറുന്നത്. വിജയ്‌യാണ് തമിഴ് സിനിമയില്‍ ഒന്നാം സ്ഥാനത്തെന്ന് ആരാധകര്‍ പറയുമ്പോള്‍ രജിനിയുടെ ആരാധകര്‍ അത് നിഷേധിക്കുന്നു.

നിലവില്‍ തമിഴില്‍ ഏറ്റവുമുയര്‍ന്ന കളക്ഷന്‍ നേടിയ ചിത്രം രജിനിയുടെ 2.0 ആണ്. 720 കോടിയാണ് ചിത്രം നേടിയത്. എന്നാല്‍ ഫസ്റ്റ് ഡേ കളക്ഷന്‍ റെക്കോഡ് കൈയില്‍ വെച്ചിരിക്കുന്നത് വിജയ്‌യാണ് വേള്‍ഡ്‌വൈഡ് ഓപ്പണിങ്ങില്‍ ലിയോ (138 കോടി)യുമായായി ഒന്നാം സ്ഥാനത്ത് നില്‍ക്കുമ്പോള്‍ തമിഴ്‌നാട്ടിലെ ഓപ്പണിങ് റെക്കോഡ് ബീസ്റ്റിന്റെ (32 കോടി) പേരിലാണ്.

എന്നാല്‍ ലിയോയുടെ റെക്കോഡ് ഇപ്പോള്‍ കൂലി തകര്‍ത്തുവെന്നാണ് വിവരം. പ്രീ സെയിലിലൂടെ മാത്രം 110 കോടിയോളം സ്വന്തമാക്കിയ ചിത്രം ആദ്യദിനം 170 കോടി സ്വന്തമാക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍. യഥാര്‍ത്ഥ കളക്ഷന്‍ തുക അണിയറപ്രവര്‍ത്തകര്‍ പുറത്തുവിടും. ഓവര്‍സീസ്, കര്‍ണാടക, ആന്ധ്ര/ തെലങ്കാന എന്നിവിടങ്ങളിലെല്ലാം തമിഴ് സിനിമയുടെ ഉയര്‍ന്ന ആദ്യദിന കളക്ഷന്‍ കൂലിയുടെ പേരിലാണ്.

കേരളത്തില്‍ മാത്രമാണ് കൂലിക്ക് രണ്ടാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നത്. വിജയ് ചിത്രം ലിയോ ആദ്യദിനത്തില്‍ 12 കോടിയാണ് കേരളത്തില്‍ നിന്ന് മാത്രം സ്വന്തമാക്കിയത്. മലയാളത്തിലെ സൂപ്പര്‍താരങ്ങള്‍ക്കൊന്നും പത്ത് കോടി നേടാനാകാത്ത സമയത്താണ് വിജയ് ഡബിള്‍ ഡിജിറ്റിലെത്തിയത്. ലിയോയുടെ കളക്ഷന്‍ പിന്നീട് എമ്പുരാന്‍ തകര്‍ക്കുകയും ചെയ്തു.

സമ്മിശ്ര പ്രതികരണമാണെങ്കിലും മികച്ച കളക്ഷന്‍ കൂലി നേടുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. 350 കോടി ബജറ്റിലൊരുങ്ങിയ ചിത്രം 700 കോടിക്കുമുകളില്‍ കളക്ട് ചെയ്യുമെന്നാണ് ബോക്‌സ് ഓഫീസ് വിദഗ്ധര്‍ കരുതുന്നത്. തമിഴ്‌നാട്ടില്‍ കൂലി ഇന്‍ഡസ്ട്രി ഹിറ്റായാല്‍ അത് ലോകേഷിന് ഹാട്രിക് ഇന്‍ഡസ്ട്രി ഹിറ്റാകും ലഭിക്കുക.

Content Highlight: Coolie became the highest opening Tamil Film by beating Leo

We use cookies to give you the best possible experience. Learn more